കൃഷ്ണപിള്ള മുതല്‍ ചടയന്‍ വരെയുള്ളവര്‍ കഷ്ടപ്പെട്ടാലെന്താ, കോടിയേരിമാര്‍ക്ക് കൊയ്യാറായില്ലെ?

0
234

കെ.ശ്രീജിത്ത്

പതിവുപോലെ ഒരു വിവാദം കൂടി സിപിഎമ്മിനും അതിന്റെ നേതൃ പുത്രന്‍മാര്‍ക്കും ചുറ്റും നടക്കുന്നു. പണ്ട് പലപ്പോഴും വിവാദങ്ങള്‍ക്ക് കാരണമായിട്ടുള്ള ‘പുത്രന്‍’മാരിലൊരാള്‍ തന്നെയാണ് ഇപ്പോഴും വിവാദ കേന്ദ്രം. ബിനോയ് കോടിയേരി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൂത്ത പുത്രന്‍. ദുബായില്‍ നടത്തുന്ന ബിസിനസുമായി ബന്ധപ്പെട്ട് 13 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. ഇതിന്റെ പുറത്ത് കേസുമുണ്ടത്രെ. അതൊക്കെ 2014ല്‍ ഒത്തുതീര്‍പ്പിലായതാണ് എന്നാണ് ബിനോയിയുടെ പ്രതികരണം. എന്തായാലും മാലോകര്‍ അറിയുന്നത് ഇപ്പോഴാണെന്ന് മാത്രം. അതും ‘ബൂര്‍ഷ്വാ’ പത്രമായ മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍. അല്ലെങ്കിലും ബൂര്‍ഷ്വാ മാധ്യമങ്ങള്‍ക്ക് എന്തെങ്കിലുമൊരു സാധ്യത നല്‍കിയില്ലെങ്കില്‍ ഉറക്കം വരില്ലല്ലോ സഖാക്കള്‍ക്ക്. മുമ്പ് സാന്റിയാഗോ മാര്‍ട്ടിനും രണ്ട്‌ കോടിയുടെ ദേശാഭിമാനി ബോണ്ടും ആയിരുന്നെങ്കില്‍ ഇപ്പോഴത് 13 കോടിയും ‘ഓഡി’ കാറും ആയെന്ന് മാത്രം.

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരളത്തിലെ ആദ്യകാല നേതാവായ പി.കൃഷ്ണപ്പിള്ള മുതല്‍ കണ്ണൂരില്‍ നിന്നുള്ള ചടയന്‍ ഗോവിന്ദന്‍ വരെ കഷ്ടപ്പെട്ടതിന് ഗുണമുണ്ടായില്ലെന്ന് പറഞ്ഞുകൂടാ. അതുകൊണ്ടല്ലെ ഇപ്പോള്‍ നേതാക്കള്‍ക്കും മക്കള്‍ക്കും ഇഷ്ടം പോലെ തെമ്മാടിത്തരം കാണിക്കാനുള്ള അവസരമുണ്ടായത്. സ്വന്തം ജീവിതം തന്നെ ഹോമിച്ചുകൊണ്ടുള്ള അവരുടെ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം കൊണ്ട് ശക്തിപ്പെട്ട പാര്‍ട്ടിയെ ഇപ്പോള്‍ യഥേഷ്ടം പുതുതലമുറ നേതാക്കള്‍ക്കും മക്കള്‍ക്കും ഉപയോഗിക്കാമെന്നായല്ലോ. ‘മകന്‍ ചെയ്ത തെറ്റിന് അച്ഛന്‍ എന്ത് പിഴച്ചു’ എന്ന്‌ സംശയിക്കുന്നവര്‍ ഒന്ന് മനസിലാക്കുക. ഇവരെല്ലാം വിറ്റുകൊണ്ടിരിക്കുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് പാര്‍ട്ടിയെത്തന്നെയാണ്. ആ പാര്‍ട്ടിയുടെ സ്വാധീനവും തണലും ഉപയോഗിച്ചാണ് ഇവര്‍ ബിസിനസ് ചെയ്യുന്നതും പണമുണ്ടാക്കുന്നതും എല്ലാം. ആ പാര്‍ട്ടിയുടെ സ്വാധീനം ഉപയോഗിച്ചാണ് പലരും രവി പിള്ളയെ പോലുള്ള വലിയ മുതലാളിമാരുടെ സ്ഥാപനങ്ങളില്‍ കയറിപ്പറ്റുന്നതും. ഈ പാര്‍ട്ടിയില്ലായിരുന്നെങ്കില്‍, ബിനോയിയുടെ അച്ഛന്‍ കോടിയേരി ബാലകൃഷ്ണനും നമ്മള്‍ ഇന്ന് കേള്‍ക്കുന്ന ഈ 13 കോടി രൂപയും ‘ഓഡി’ കാറുമൊന്നും ഉണ്ടാകുമായിരുന്നില്ല. ഈ കഥകളൊന്നും കേള്‍ക്കേണ്ടിവരുമായിരുന്നില്ല. ഇവരുടെയെല്ലാം ബിസിനസ് സാമ്രാജ്യത്തിന് ഒരുതരത്തിലല്ലെങ്കില്‍ മറ്റ് തരത്തില്‍ സിപിഎം എന്ന പാര്‍ട്ടിയെ ഉപയോഗിച്ചിട്ടുണ്ട് എന്ന് നിസംശയം പറയാം. അപ്പോള്‍ ഇപ്പോഴത്തെ വിവാദത്തിന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമില്ലെ?

ഇടയ്ക്കിടെ പാര്‍ട്ടി പ്ലീനം നടത്തുകയും പാര്‍ട്ടി അംഗങ്ങളുടെ കുടുംബങ്ങളെല്ലാം ബൂര്‍ഷ്വാ ജീവിതരീതി ഒഴിവാക്കണമെന്ന് കര്‍ശന നിര്‍ദേശം പുറപ്പെടുവിക്കുകയും ചെയ്യുന്നത്‌ സിപിഎമ്മിന്റെ സ്ഥിരം പരിപാടിയാണ്. പക്ഷെ ഇതെല്ലാം അണികള്‍ക്ക് മാത്രമാണ് ബാധകമാകാറെന്നുമാത്രം. നേതാക്കളും അവരുടെ കുടുംബവും തോന്നിയപോലെ ജീവിക്കാന്‍ ലൈസന്‍സുള്ളവരാണ്. കാടാമ്പുഴയില്‍ ‘പൂമൂടല്‍’ തൊട്ട് ഗുരുവായൂരില്‍ ‘പുഷ്പാഞ്ജലി’ വരെ അവര്‍ക്ക് നടത്താം. ഓഡിയിലും മിനി കൂപ്പറിലും സഞ്ചരിക്കാം. മക്കളുടെ വിവാഹങ്ങള്‍ക്ക് സ്വര്‍ണക്കടകളുടെ പരസ്യം പോലെ യഥേഷ്ടം സ്വര്‍ണം വാങ്ങാം. ഉപയോഗിക്കാം. ഒരു തടസവുമില്ല. ഓരോ നാട്ടിന്‍പുറത്തും ‘മിനി’ കോടിയേരിമാര്‍ വിലസുന്നു എന്നതാണ് അതുകൊണ്ടുള്ള മെച്ചം. മിക്ക പാര്‍ട്ടി ലോക്കല്‍ സെക്രട്ടറിമാരും ഏരിയാ സെക്രട്ടറിമാരും ചുരുങ്ങിയത് ഒരു ക്വാറിയുടെയെങ്കിലും ഉടമകളായിരിക്കും. അവരുടെ ബിനാമിപ്പേരില്‍ റോഡിലോടുന്ന ടിപ്പറുകള്‍ക്ക് കണക്കുണ്ടാവില്ല. രാവിലെ ക്വാറിയും ടിപ്പറും വൈകുന്നേരം പരിസ്ഥിതി സംരക്ഷണവും. പ്രാദേശിക നേതാക്കളുടെ സ്ഥിരം ഏര്‍പ്പാടാണിത്. യാതൊരു തൊഴിലുമില്ലാത്ത നേതാവിനുമുണ്ടാകും രണ്ട് നില വീടും റബ്ബര്‍ തോട്ടവും കാറുമെല്ലാം.

എന്നാല്‍ ഇങ്ങിനെയൊന്നുമല്ലാത്ത, ‘ബൂര്‍ഷ്വാ’ ജീവിതരീതിയിലല്ലാതെ ജീവിക്കുന്ന അനേകം പേരും ഈ പാര്‍ട്ടിയില്‍ത്തന്നെയുണ്ട് പ്രാദേശികമായി എന്നത് സത്യമാണ്. പക്ഷെ കാര്യമൊന്നുമില്ല. തീരുമാനമെടുക്കാന്‍ കഴിയുന്ന ഒരൊറ്റ അധികാര സ്ഥാനത്തും അവരുണ്ടാകില്ല. പാര്‍ട്ടി സമ്മേളനങ്ങളിലും മറ്റുമായി അവര്‍ വെട്ടപ്പെടും. എന്നിട്ട് അവിടെയെല്ലാം ലിവ് ഇന്നിന്റെയോ വാന്‍ ഹ്യൂസന്റെയോ ഒക്കെ ഷര്‍ട്ടും വുഡ്‌ലാന്റിന്റെയോ ലീ കൂപ്പറിന്റെയോ ഒക്കെ ചെരിപ്പുമിട്ട് നടക്കുന്ന ‘സാധാരണക്കാര്‍’ സ്ഥാനം പിടിക്കും. പിന്നെ പറയേണ്ടല്ലോ, അവരുടെ ‘ഭരണ’ രീതികള്‍. അങ്ങിനെ പാര്‍ട്ടിയ്ക്ക് ഇപ്പോള്‍ എല്ലാ നാട്ടിന്‍പുറങ്ങളിലും ദല്ലാള്‍മാരായി ഇഷ്ടം പോലെ നേതാക്കള്‍ തന്നെയുള്ള കാലമാണ്. ഈ ദല്ലാള്‍മാര്‍ക്ക് ആ നാട്ടിലെ മിക്ക സമ്പന്നരുമായും നല്ല ബന്ധമായിരിക്കും. പാര്‍ട്ടിയ്ക്കും സമ്പന്നര്‍ക്കുമിടയിലെ പാലമാണ് ഈ ദല്ലാള്‍മാര്‍. അവര്‍ വല്ല ലോക്കല്‍ സെക്രട്ടറിയോ ഏരിയാ സെക്രട്ടറിയോ ഒക്കെ ആയിരിക്കുമെന്ന് മാത്രം. ഇതിനിടയില്‍ ശ്വാസം മുട്ടി കുറേ ‘അപ്പാവി’കളുമുണ്ടാകും. ‘നമ്മുടെ പാര്‍ട്ടി’ ഇങ്ങിനെയായല്ലോ എന്ന് പരിതപിക്കുന്നവര്‍. അത് സ്വന്തം വീടിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ നിന്ന് പറയാം. പുറത്തിറങ്ങിയെങ്ങാനും പറഞ്ഞാല്‍ ഉടന്‍ ‘അച്ചടക്കം’ എന്ന വാളെടുത്ത് വീശും. അതിലും ഒതുങ്ങിയില്ലെങ്കില്‍ പിന്നെ കായികമായ ആക്രമണം. പാര്‍ട്ടിയ്ക്ക് വര്‍ഗശത്രുക്കളേക്കാള്‍ ശത്രുത പിന്നെ അവരോടായിരിക്കും. വീടിന്റെ ഒരൊറ്റ ചില്ലുണ്ടാവില്ല ബാക്കി. ചിലപ്പോള്‍ വീട് തന്നെയുണ്ടാകില്ല.

ഇവിടെയിപ്പോള്‍ ബിനോയ്, കോടിയേരിയുടെ മകനായതുകൊണ്ട് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. മകനെതിരായ ആരോപണങ്ങള്‍ക്കെല്ലാം മകന്‍ തന്നെ ഉത്തരം പറയുമെന്ന് പറഞ്ഞുകഴിഞ്ഞു സീനിയര്‍ കോടിയേരി. പക്ഷെ സിപിഎം വളരെ സൂക്ഷിച്ച് മാത്രമെ ഇതുവരെ ഇക്കാര്യത്തില്‍ ഇടപെട്ടിട്ടുള്ളൂ. ഒന്നും ‘ശക്തി’യോടെ നിഷേധിക്കാനോ അമിതമായി പ്രതിരോധിക്കാനോ അവര്‍ മിനക്കെട്ടിട്ടില്ല. കാരണം ഇത് സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടതാണെന്ന് അവര്‍ക്കറിയാം. പണ്ടൊരു ദേശാഭിമാനി ബോണ്ട് വിഷയം എത്ര കൈപൊള്ളിച്ചതാണെന്ന് അവര്‍ക്ക് നന്നായിട്ടറിയാം. അതിന്റെ ക്ഷീണം ഇപ്പോഴും ബാക്കിനില്‍ക്കുകയാണ്. ഇതും ‘ക്ഷീണ’ത്തില്‍ തന്നെയാണ് കലാശിക്കുക എന്നും അവര്‍ക്കറിയാം. അതുകൊണ്ടാണ് സ്ഥിരം പല്ലവിയായ ‘ബൂര്‍ഷ്വാ പത്രങ്ങളുടെ കളി’ എന്നൊന്നും കൈയ്യില്‍ നിന്നെടുത്തിടാഞ്ഞത്.

എന്തായാലും കോടിയേരിയുടെ മക്കള്‍ കാലാകാലങ്ങളില്‍ പാര്‍ട്ടിയ്ക്ക് ‘പണി’ തന്നുകൊണ്ടിരിക്കുന്നുണ്ട്. അത് ബിനീഷായാലും ശരി, ബിനോയ്‌ ആയാലും ശരി. അല്ലെങ്കിലും സിപിഎമ്മില്‍ അതിനൊന്നും ഒരുകാലത്തും പഞ്ഞമുണ്ടായിട്ടില്ല. അക്കാര്യത്തില്‍ പിണറായി വിഭാഗമെന്നോ വിഎസ് വിഭാഗമെന്നോ ഒന്നുമില്ല. ബിനോയിയും ബിനീഷും വിവേകും അരുണ്‍കുമാറും ഒക്കെ ഒരുകണക്കാണ്. ബേബി സഖാവിന്റെയും ശ്രീമതി ടീച്ചറുടെയും മക്കളും അവരവരെക്കൊണ്ട് ആവുന്നത് പാര്‍ട്ടിയ്ക്ക് സംഭാവന ചെയ്തിട്ടുണ്ട്. കോടിയേരി ‘മിനി കൂപ്പറി’ല്‍ സഞ്ചരിച്ചത് വിസ്മൃതിയിലാകും മുമ്പ് മകന്റെ ‘ഓഡി’ കാര്‍ വന്നു. നാട്ടുകാര്‍ക്ക് ഇനി കുറേകാലം ചര്‍ച്ചയ്ക്കുള്ള വഴിയായി.

അടുത്തയിടെയാണ് ഇ.പി.ജയരാജന്‍ സഖാവ് അമ്പലങ്ങളിലെ ആത്മീയതയെക്കുറിച്ച് വാചാലനായത്. ക്ഷേത്രങ്ങളിലെ ഭക്തിസാന്ദ്രമായ അന്തരീക്ഷം അദ്ദേഹം വര്‍ണിച്ചുവന്നപ്പോഴേയ്ക്കും വിവാദമായി. ഇനിയിപ്പോള്‍ അദ്ദേഹം രക്ഷപ്പെട്ടു. സംഗതി കോടിയേരിയും ബിനോയിയും ഏറ്റെടുത്തിട്ടുണ്ട്. കുറച്ചുകാലം ‘ബൂര്‍ഷ്വാ’ മാധ്യമങ്ങള്‍ക്ക് സദ്യയായി. അവര്‍ക്ക് സ്ഥിരമായി ഇങ്ങിനെയെന്തെങ്കിലും വിരുന്ന് കിട്ടിയാല്‍ രക്ഷപ്പെട്ടു. പിന്നെ അതുവെച്ച് കുറേക്കാലം ഓടിക്കാമല്ലോ. ഇതെല്ലാം കണ്ടും കേട്ടും കൃഷ്ണപിള്ളയും എകെജിയും ഒന്നും കുഴിയില്‍ നിന്നെണീറ്റുവന്ന് ഇവരെയെല്ലാം തല്ലാത്തത് ഭാഗ്യം.