കോടിയേരിയുടെ മകനെതിരായ ആരോപണം പാര്‍ട്ടി അന്വേഷിക്കേണ്ട കാര്യമില്ല: എസ്.രാമചന്ദ്രന്‍പിള്ള

0
49

ന്യൂഡല്‍ഹി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന ആരോപണം പാര്‍ട്ടി അന്വേഷിക്കേണ്ട കാര്യമില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍പിള്ള.

ആരോപണത്തില്‍ കഴമ്പില്ലെന്നും നടന്നത് രണ്ടു വ്യക്തികള്‍ തമ്മില്‍ നടന്ന പണമിടപാട് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി നേതാക്കള്‍ക്കാര്‍ക്കും ഈ പ്രശ്‌നത്തില്‍ പങ്കില്ല. വിദേശത്തുള്ള കോടതിയാണ് ആരോപണത്തില്‍ തീരുമാനമെടുക്കേണ്ടത്. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ പാര്‍ട്ടിതല അന്വേഷണം പോലും ആവശ്യമില്ലെന്ന് എസ്.രാമചന്ദ്രന്‍ പിള്ള പറഞ്ഞു.

വിദേശത്തുവെച്ച് നടന്ന ഒരു ബിസിനസ് ഇടപാടില്‍ രണ്ടു കക്ഷികള്‍ തമ്മില്‍ നടന്ന സിവില്‍ തര്‍ക്കം എങ്ങനെയാണ് പാര്‍ട്ടി പരിഹരിക്കുന്നത്. തര്‍ക്കത്തില്‍ ബിനോയ് കോടിയേരിയും ദുബായിലെ കമ്പനിയും രണ്ടു വാദങ്ങളാണ് ഉന്നയിക്കുന്നത്. ഇക്കാര്യത്തില്‍ ദുബായിലെ കോടതിക്ക് മാത്രമേ എന്തെങ്കിലും ചെയ്യാന്‍ കഴിയുകയുള്ളൂ എന്നും എസ്.രാമചന്ദ്രന്‍ പിള്ള പറഞ്ഞു.

അതേസമയം, ബിനോയ് കോടിയേരിയ്‌ക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ അത് ഗൗരവമുള്ളതാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചിരുന്നു.