കോണ്‍ഗ്രസ് അനുകൂലിയാണ് താനെങ്കില്‍ മറ്റുള്ളവര്‍ ബിജെപി അനുകൂലി: യെച്ചൂരി

0
53

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സ് അനുകൂലിയെന്ന് തന്നെ വിളിക്കുന്നവരെ ബിജെപി അനുകൂലിയെന്ന് വിളിക്കേണ്ടി വരുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാജിസന്നദ്ധത അറിയിച്ചില്ലെന്ന പിബി അംഗം പ്രകാശ് കാരാട്ടിന്റെ പ്രസ്താവനയെ യെച്ചൂരി തള്ളി. പിബിയുടെ ആവശ്യപ്രകാരമാണ് താന്‍ ഇപ്പോഴും ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരുന്നത്. പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിക്കുന്നതു വരെ പാര്‍ട്ടിയില്‍ ഒന്നും അന്തിമമല്ലെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് യെച്ചൂരി പരസ്യപ്രതികരണം നടത്തിയത്.

സിപിഎം കേന്ദ്ര നേതൃത്വത്തിലുള്ള ഭിന്നത ചെറുതല്ല എന്നാണ് യെച്ചൂരിയുടെ വാക്കുകളിലൂടെ വ്യക്തമാകുന്നത്. പിബിയും സിസിയും ആവശ്യപ്പെട്ടിട്ടാണ് താന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് തുടരുന്നത്. തന്റെ പ്രമേയത്തെ തള്ളുകയാണെങ്കില്‍ രാജിവെക്കുമെന്ന് നേരത്തെ പോളിറ്റ് ബ്യൂറോയെയും കേന്ദ്രകമ്മിറ്റിയെയും അറിയിച്ചിരുന്നു. എന്നാല്‍ താന്‍ രാജിവെച്ചാല്‍ പാര്‍ട്ടിയില്‍ ഭിന്നിപ്പുണ്ടെന്ന പ്രതീതി ജനങ്ങള്‍ക്കുണ്ടാവും. അതിനാലാണ് പോളിറ്റ് ബ്യൂറോ ഏകകണ്ഠമായി രാജി സന്നദ്ധതയെ എതിര്‍ത്തതെന്നും യെച്ചൂരി പ്രതികരിച്ചു.

എന്നാല്‍ വ്യക്തിപരമായ പരശ്നങ്ങളല്ല ഇതിനു പിന്നിലെന്നും പകരം നയ രൂപീകരണവുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശ്നങ്ങളാണെന്നും യെച്ചൂരി വ്യക്തമാക്കി. കോണ്‍ഗ്രസ് അനുകൂലിയോ ബിജെപി അനുകൂലിയോ അല്ല. ഇന്ത്യയെയും ജനത്തെയും അനുകൂലിക്കുന്നയാളാണ് താന്‍. ബിജെപിയെയും അതിന്റെ വര്‍ഗ്ഗീയ അജണ്ടയെയും എതിര്‍ക്കുക എന്നതിനാണ് പാര്‍ട്ടി പ്രഥമ പരിഗണന നല്‍കേണ്ടത്. എന്നാല്‍ വ്യത്യസ്ത നയങ്ങള്‍ കൊണ്ട് അത് സാക്ഷാത്കരിക്കാനാവില്ല. രണ്ടഭിപ്രായങ്ങള്‍ ഉടലെടുക്കുമ്പോള്‍ അത് പാര്‍ട്ടി കോണ്‍ഗ്രസിനു വിടുക എന്നത് മാത്രമാണ് സ്വീകാര്യമായ മാര്‍ഗമെന്നും യെച്ചൂരി പറഞ്ഞു.