ഡിജിറ്റൽ വിപണി ഒന്നടങ്കം പിടിച്ചെടുക്കാൻ പുതിയ പദ്ധതിയുമായി റിലയൻസ് ജിയോ

0
54

റിലയൻസ് ജിയോ ഡിജിറ്റൽ വിപണി ഒന്നടങ്കം പിടിച്ചെടുക്കാൻ പുതിയ പദ്ധതികൾക്ക് നീക്കം നടത്തുന്നു. നിലവിൽ ഏറ്റവും കൂടുതൽ വിൽപ്പന നടക്കുന്ന സ്മാർട്ട്ഫോൺ വിപണിയാണ് മുകേഷ് അംബാനിയുടെ അടുത്ത ലക്ഷ്യം. ഇതിനായി മുൻനിര ചൈനീസ് കമ്പനികളെ കൂട്ടുപിടിക്കാൻ ജിയോ ചർച്ച തുടങ്ങി.

പദ്ധതിയുടെ തുടക്കമെന്നോണം ഷവോമിയുടെ ഹാൻഡ്സെറ്റുകളും ടെലിവിഷനുകളും ജിയോയുടെ റീട്ടെയിൽ കേന്ദ്രങ്ങൾ വഴി വിതരണം ചെയ്യും. വരിക്കാരുടെ എണ്ണം ഉയർത്താനും റീചാർജ് വരുമാനം നിലനിർത്താനും ഷവോമിയുമായുള്ള ബന്ധത്തിലൂടെ ജിയോയ്ക്ക് സാധിക്കും. രാജ്യത്ത് ഇന്ന് ഏറ്റവും കൂടുതൽ വിൽക്കുന്നത് ഷവോമിയുടെ ഹാൻഡ്സെറ്റുകളാണ്. ഈ ബിസിനസ് മുന്നിൽ കണ്ടാണ് ഷവോമി സ്മാർട്ട്ഫോണുകളും മറ്റു ഉൽപ്പന്നങ്ങളും വിൽക്കാൻ ജിയോ മുന്നോട്ടുവരുന്നത്.

ജിയോയുടെ ബ്രോഡ്ബാന്‍ഡ് കണക്‌ഷൻ കൂടി വരുന്നതോടെ സ്മാർട്ട് ടെലിവിഷനുകൾക്ക് ആവശ്യക്കാർ കൂടും. നിലവിൽ ആപ്പിൾ ഹാൻഡ്സെറ്റുകൾ ജിയോ റീട്ടെയിൽ നെറ്റ്‌വർക്ക്, റിലയൻസ് ഡിജിറ്റൽ വഴി വിൽക്കുന്നുണ്ട്. ഇതുപോലെ ഷവോമി ഉൽപ്പന്നങ്ങളും വിൽക്കും. ജിയോ കൂപ്പണുകളും ക്യാഷ്ബാക്ക് ഓഫറുകളും നൽകിയായിരിക്കും ഷവോമിയുടെ ഹാൻഡ്സെറ്റുകൾ വിൽക്കുക.

കഴിഞ്ഞ കുറച്ചു ആഴ്ചകൾക്കിടെ ഷവോമിയുമായി ഇത് സംബന്ധിച്ച് നിരവധി തവണ ചർച്ച നടത്തിയതായി ജിയോ അധികൃതർ പറഞ്ഞു.

ജിയോയുടെ ഈ നീക്കം ഏറ്റവും പ്രതിസന്ധി സൃഷ്ടിക്കുക ഇ–കൊമേഴ്സ് കമ്പനികളായ ആമസോണിനും ഫ്ലിപ്കാർട്ടിനുമായിരിക്കും. ഷവോമിയുടെ മിക്ക ഹാൻഡ്സെറ്റുകളും ഈ രണ്ട് വെബ്സൈറ്റുകൾ വഴിയാണ് വിൽക്കുന്നത്.