ദുബായില്‍ തനിക്കെതിരെ ക്രിമിനല്‍ കേസില്ല: പൊലീസിന്റെ സല്‍സ്വഭാവ സര്‍ട്ടിഫിക്കറ്റുമായി ബിനോയ്‌

0
43

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസില്‍ ആരോപണ വിധേയനായ ബിനോയ് കോടിയേരിക്ക് ദുബായ് പൊലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്. ക്രിമിനല്‍ കേസില്ലെന്ന് വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റാണ് ബിനോയ്ക്ക് ദുബായ് പൊലീസില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. വ്യാഴാഴ്ചത്തെ തീയതിയിലുള്ള സര്‍ട്ടിഫിക്കറ്റ് ആരോപണമുയര്‍ന്ന ശേഷം സ്വന്തമാക്കിയതാണ്.

ആരോപണമുയര്‍ന്നതിന് പിന്നാലെ തനിക്കെതിരെ ദുബായില്‍ കേസുകളൊന്നും നിലവിലില്ലെന്ന് ബിനോയ് വ്യക്തമാക്കിയിരുന്നു. ബിനോയ്‌യുടെ നിലപാടിനെ ന്യായീകരിക്കുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ദുബായിലുണ്ടായിരുന്ന കേസുകള്‍ ഒത്തുതീര്‍ന്നതാണെന്നായിരുന്നു ബിനോയ്‌
നേരത്തെ പറഞ്ഞിരുന്നത്.

ദുബായില്‍ 13 കോടി രൂപയുടെ തട്ടിപ്പു നടത്തി മുങ്ങിയെന്നാണു ബിനോയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണം. ഒരു ഔഡി കാര്‍ വാങ്ങുന്നതിന് 3,13,200 ദിര്‍ഹം (53.61 ലക്ഷം രൂപ) ഈടു വായ്പയും ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങള്‍ക്ക് 45 ലക്ഷം ദിര്‍ഹവും (7.7 കോടി രൂപ) കേരളത്തിലെ മുതിര്‍ന്ന സിപിഎം നേതാവിന്റെ മകന് നല്‍കിയെന്നാണ് ആരോപണം.

ബിസിനസ് ആവശ്യത്തിനു വാങ്ങിയ പണം 2016 ജൂണ്‍ ഒന്നിനു മുന്‍പ് തിരിച്ചുനല്‍കുമെന്ന് ഉറപ്പു നല്‍കിയിരുന്നു. കാര്‍ വായ്പയുടെ തിരിച്ചടവ് ഇടയ്ക്കുവച്ച് നിര്‍ത്തി. അപ്പോള്‍ അടയ്ക്കാന്‍ ബാക്കിയുണ്ടായിരുന്നത് പലിശയ്ക്കു പുറമെ 2,09,704 ദിര്‍ഹമാണ് (36.06 ലക്ഷം രൂപ). ബാങ്ക് പലിശയും കോടതിച്ചെലവും ചേര്‍ത്താണ് മൊത്തം 13 കോടി രൂപയുടെ കണക്ക്.