ദേവസ്വം ബോര്‍ഡ്: ഭരണസമിതി കാലാവധി കുറച്ചതിനെതിരെ പ്രയാറും അജയ് തറയിലും നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി

0
42

കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതിയുടെ കാലാവധി രണ്ടു വര്‍ഷമായി വെട്ടിക്കുറച്ചതിനെതിരെ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും മുന്‍ ബോര്‍ഡംഗം അജയ് തറയിലും നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ബോര്‍ഡിന്റെ കാലാവധി വെട്ടിക്കുറച്ച് ഭരണസമിതി പുനസംഘടിപ്പിക്കുന്നതില്‍ തെറ്റില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. കാലാവധി വെട്ടിക്കുറയ്ക്കുന്നതോടെ നിലവിലെ ഭരണസമിതിയുടെ കാലാവധി കഴിയുന്നത് സ്വാഭാവികമാണ്. ഗൂഢലക്ഷ്യമോ ബാഹ്യപരിഗണനയോ നിമിത്തമാണ് ഭേദഗതിയെന്ന് കോടതി കരുതുന്നില്ല. കാലാവധി വെട്ടിച്ചുരുക്കി പുതിയ വ്യക്തികളെ നിയോഗിച്ച് ബോര്‍ഡിനു പുതുജീവന്‍ നല്‍കാന്‍ തീരുമാനിച്ചതിനെ തള്ളിപ്പറയാന്‍ കോടതിയ്ക്കു കഴിയില്ല. ദുരുദ്ദേശ്യത്തോടെയാണ് ഭേദഗതിയെന്ന വാദം അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.