‘പത്മാവത്’ വിവാദം: കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

0
54

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ‘പത്മാവത്’ സിനിമയുടെ പേരില്‍ അരങ്ങേറുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധി വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ബിജെപിയുടെ ‘വെറുപ്പിന്റെ രാഷ്ട്രീയം’ രാജ്യത്തെ പൊള്ളിച്ചതായി രാഹുല്‍ സമൂഹമാധ്യമത്തിലൂടെ ആരോപിച്ചു.

സിനിമയ്‌ക്കെതിരായി രാജസ്ഥാന്‍, ഹരിയാന, യുപി, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ അക്രമാസക്തമായ പ്രതിഷേധങ്ങള്‍ അരങ്ങേറുന്നതിനിടെയാണു രാഹുലിന്റെ വിമര്‍ശനം. ‘കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ ഒരു തരത്തിലും ന്യായികരിക്കാനാകില്ല. ആക്രമവും വെറുപ്പും ദുര്‍ബലരുടെ ആയുധങ്ങളാണ്. ഇതുരണ്ടും ഉപയോഗപ്പെടുത്തുന്ന ബിജെപിയുടെ രാഷ്ട്രീയം രാജ്യത്തെ തീയില്‍ പൊള്ളിക്കുകയാണ്’- രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

ഗുഡ്ഗാവില്‍ ജിഡി ഗോയങ്കെ വേള്‍ഡ് സ്‌കൂള്‍ ബസിന് നേരെ കഴിഞ്ഞ ദിവസം ‘പത്മാവത്’ സിനിമാവിരുദ്ധരുടെ ആക്രമണമുണ്ടായിരുന്നു. സ്‌കൂള്‍ ബസിലേക്ക് കല്ലെറിഞ്ഞ അക്രമികള്‍, ചില്ലുകള്‍ അടിച്ചുതകര്‍ത്തു. തൊട്ടുമുന്നിലെ സര്‍ക്കാര്‍ ബസിന് തീയിട്ടു. പേടിച്ചരണ്ട വിദ്യാര്‍ത്ഥികള്‍ അലറിക്കരയുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് നിലപാട് കടുപ്പിച്ച് രാഹുല്‍ രംഗത്തെത്തിയത്.