ബദല്‍ രേഖയുടെ പരാജയവും ബിനോയ്‌ കോടിയേരി വിവാദവും തമ്മില്‍ ബന്ധമുണ്ടെന്ന്‌ സൂചന

0
61

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: കോണ്‍ഗ്രസ് ബന്ധത്തിന്റെ പേരില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സിസിയില്‍ അവതരിപ്പിച്ച ബദല്‍ രേഖയുടെ പരാജയവും കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ്‌ കോടിയേരിക്കെതിരെ ഉയര്‍ന്ന 13 കോടിയുടെ സാമ്പത്തിക ക്രമക്കേട് പുറത്തു വന്നതും തമ്മില്‍ ബന്ധമുണ്ടെന്നു സൂചന.

ബദല്‍ രേഖയുടെ പേരില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്ക് പിബിയിലും കേന്ദ്രകമ്മറ്റിയിലും പിണഞ്ഞ ദയനീയ പരാജയത്തിനു പിന്നില്‍ പാര്‍ട്ടി കേരള ഘടകത്തിന്റെ നിലപാടായിരുന്നു. കോണ്‍ഗ്രസുമായി ഒരു രാഷ്ട്രീയ സഖ്യമോ ബന്ധമോ വേണ്ടെന്ന കേരള ഘടകത്തിന്റെ നിലപാടിനാണ് സിപിഎം പിബിയിലും സിസിയിലും മേല്‍ക്കൈ ലഭിച്ചത്.

ബിനോയ്‌ കോടിയേരിക്കെതിരെ ആരോപണം വന്നപ്പോള്‍ ദുബായ് കമ്പനി സമീപിച്ചത് സിപിഎം കേന്ദ്ര നേതൃത്വത്തെയാണ്. കേന്ദ്ര നേതൃത്വം എന്ന് പറഞ്ഞാല്‍ സീതാറാം യെച്ചൂരിയെയാണ്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാണ് സീതാറാം യെച്ചൂരി. ഈ യെച്ചൂരിയേയാണ് കോടിയേരിയുടെ മകനെതിരെയുള്ള പരാതിയുടെ രേഖകള്‍ സഹിതം ദുബായ് കമ്പനി സമീപിച്ചത്. ഈ രേഖകളും വാര്‍ത്തയുമാണ്‌ കോടിയേരിയുടെ മകന്റെ സാമ്പത്തിക ക്രമക്കേട് റിപ്പോര്‍ട്ട് ചെയ്ത മനോരമ ദിനപത്രത്തിന്‌ ലഭിച്ചത്.

സിപിഎമ്മിനെ കിടിലം കൊള്ളിക്കുന്ന വാര്‍ത്ത വരണമെങ്കില്‍ അത് മുഖ്യധാരയിലെ പ്രധാനപ്പെട്ട
പത്രമായ മനോരമയില്‍ തന്നെ വരണം. ഇതറിയാവുന്നവര്‍ തന്നെയല്ലേ വാര്‍ത്ത മനോരമയ്ക്ക് നല്‍കിയത് എന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യം. തുക തിരികെ നല്‍കാന്‍ സഹായിച്ച് കേസ് ഒത്തുതീര്‍ക്കണം എന്നാണ് ദുബായ് കമ്പനി ആവശ്യപ്പെട്ടത്.

അണഞ്ഞു കിടക്കുന്ന കേരളാ ഘടകത്തിലെ സിപിഎം വിഭാഗീയതയ്ക്ക്‌ ഈ വാര്‍ത്തയുമായി ബന്ധമുണ്ടോ എന്നും പാര്‍ട്ടി കേന്ദ്രങ്ങള്‍ പരിശോധിക്കുന്നുണ്ട്.

മനോരമ ആ വാര്‍ത്തയുടെ ഉദ്ദേശ്യം അതേ രീതിയില്‍ തന്നെ നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. വാര്‍ത്ത ചോര്‍ത്തിയത് താനാണ് എന്ന ആരോപണങ്ങള്‍ക്ക് നേരെ സ്വതേ ശാന്തനായ യെച്ചൂരി ക്ഷുഭിതനായാണ്‌ പ്രതികരിക്കുന്നതും. പരാതി പിബിയ്ക്ക് മുന്നിലെത്തുന്നത് ജനുവരി അഞ്ചിനാണ്. പക്ഷെ സീതാറാം യെച്ചൂരി കൊല്‍ക്കത്തയില്‍ നിന്ന്‌ ഡല്‍ഹിയില്‍ എത്തിയതിന്റെ പിറ്റേന്നാണ് ഈ വാര്‍ത്ത പുറംലോകം കണ്ടത്.

ദുബായ് കമ്പനി അധികൃതരും യെച്ചൂരിയും തമ്മില്‍ നേരിട്ടും ചര്‍ച്ച നടത്തിയിട്ടുണ്ട്. ഇപ്പോള്‍ ബിനോയ്‌ കോടിയേരിയുടെ പേരില്‍ ഉയര്‍ന്ന സാമ്പത്തിക ക്രമക്കേട് ഊരാക്കുടുക്കിലാക്കിയിരിക്കുന്നത് സിപിഎം കേരള ഘടകത്തിനെയാണ്. യെച്ചൂരിക്കെതിരെ ഒറ്റക്കെട്ടായി നിലപാട് എടുത്ത സിപിഎം ഘടകത്തിന്റെ സെക്രട്ടറിയാണ് കോടിയേരി ബാലകൃഷ്ണന്‍. കോടിയേരിയുടെ മകനാണ് ബിനോയ്‌ കോടിയേരി. വിവാദം കത്തിയതോടെ അത് കേരളത്തിലെ പാര്‍ട്ടി ഘടകത്തെ പിടിച്ചു കുലുക്കും വിധം വളര്‍ന്നു. മുഖം രക്ഷിക്കുക വളരെ പ്രയാസമാണ് എന്ന് സിപിഎം കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ കോടിയേരിയുടെ മകന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റിന് പരാതി നല്‍കിയിട്ടുണ്ട്.