ബിനോയ്‌ കോടിയേരിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ്: രാഷ്ട്രീയ വിശദീകരണത്തിനൊരുങ്ങി സിപിഎം

0
50

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക തട്ടിപ്പ് ആരോപണത്തില്‍ പാര്‍ട്ടി പരസ്യ പ്രതികരണത്തിനൊരുങ്ങുന്നു. വിഷയത്തില്‍ ഊഹാപോഹങ്ങളും പുകമറയും ഒഴിവാക്കണമെന്നു സിപിഎം സെക്രട്ടേറിയറ്റില്‍ ആവശ്യമുയര്‍ന്നു. ഉച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടി പങ്കെടുക്കുന്ന യോഗത്തിലാവും മറുപടി തയ്യാറാക്കുക. ഔദ്യോഗിക രാഷ്ട്രീയ വിശദീകരണം വൈകിട്ട് ഉണ്ടാവുമെന്നാണ് പ്രതീക്ഷ.

നിലവില്‍ ബിനോയിക്കെതിരെ ദുബായില്‍ കേസില്ലെന്നും ദുബായില്‍ പോകാന്‍ തടസ്സമില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ യോഗത്തില്‍ പറഞ്ഞു. ബിനോയിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ തെറ്റാണ്. എല്ലാ സാമ്പത്തിക ഇടപാടുകളും പരിഹരിച്ചതാണെന്നും രേഖകള്‍ സഹിതം കോടിയേരി വിശദീകരിച്ചു. മാധ്യമങ്ങളോടും ഇതേ മറുപടിയാണ് കോടിയേരി നേരത്തേ പറഞ്ഞിരുന്നത്.

അതിനിടെ, നാളെ ആരംഭിക്കുന്ന കണ്ണൂര്‍ ജില്ലാസമ്മേളനത്തില്‍ വിവാദം പ്രതിഫലിക്കുമോ എന്ന ആശങ്കയിലാണു നേതാക്കള്‍. നേതാക്കളുടെയും കുടുംബാംഗങ്ങളുടെയും ആഡംബര ജീവിതവും സ്വത്തുസമ്പാദനവുമെല്ലാം വീണ്ടും ചര്‍ച്ചകളിലേക്ക് കടന്നുവരും. കേന്ദ്ര നേതൃത്വവും ഗൗരവത്തോടെയാണ് വിഷയത്തെ കാണുന്നത്.