ബിനോയ്‌ കോടിയേരി ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസുകള്‍ ഒഴിവാക്കാനാണോ കേരള സഭ വിളിച്ചു കൂട്ടിയത് എന്ന് സിപിഎം വ്യക്തമാക്കണം: പന്തളം

0
59

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ്‌ കോടിയേരി ഉള്‍പ്പെട്ട വിദേശത്തെ സാമ്പത്തിക തട്ടിപ്പ് കേസുകള്‍ ഒഴിവാക്കാനാണോ  സര്‍ക്കാര്‍ കേരള സഭ വിളിച്ചു കൂട്ടിയത് എന്ന് വ്യക്തമാക്കണമെന്ന്‌ കോണ്‍ഗ്രസ് വക്താവ് പന്തളം സുധാകരന്‍. 24 കേരളയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസി മലയാളികള്‍ക്ക് കൂടി നാണക്കേട് ഉണ്ടാക്കുന്ന കേസാണിത്. മുഖ്യമന്ത്രി പിണറായി വിജയന് 13 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിയാന്‍ കഴിയില്ല. പാര്‍ട്ടി സെക്രട്ടറി ആണെന്നൊന്നും നോക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്വേഷണത്തിന്‌ ഉത്തരവിടണം-പന്തളം ആവശ്യപ്പെട്ടു.

പാര്‍ട്ടി സെക്രട്ടറിയുടെ മകനെതിരെയുള്ള അഴിമതിക്കേസ് ആണിത്. സിപിഎം അപചയത്തിന്റെ പ്രതിഫലനമാണ് കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ ഉയര്‍ന്ന ഈ കേസ്. സിപിഎമ്മിന്റെ അകത്ത് തന്നെയുള്ള ചേരിപ്പോരും ഈ കേസില്‍ പ്രതിഫലിക്കുന്നുണ്ട്.

വാര്‍ത്ത ചോര്‍ത്തിയതില്‍ യെച്ചൂരിയ്ക്ക് വരെ പങ്കുണ്ടെന്ന് ആരോപണം വരുന്നു. സിപിഎമ്മിന് ഒരു വിധത്തിലും ന്യായീകരിക്കാന്‍ കഴിയുന്നതല്ല ബിനോയ്‌ കോടിയേരിക്കെതിരെ ഉയര്‍ന്ന ഈ കേസ്.

അഴിമതി എന്ന മന്ത് സിപിഎമ്മിന്റെ രണ്ടു കാലിലും ബാധിച്ചിരിക്കുന്നു. ഇനി ഒരു കാലില്‍ മന്തുള്ള പാര്‍ട്ടികളെ സിപിഎമ്മിന് മന്തുകാലന്‍ എന്ന് വിളിക്കാന്‍ കഴിയില്ല. വിളിച്ചാല്‍ ജനം പരിഹസിച്ച് തള്ളും.  ചാനലുകളില്‍ വന്ന്‌ സിപിഎമ്മിനെ ന്യായീകരിക്കാന്‍ കഴിയുന്ന ഇടതുപക്ഷ ന്യായീകരണ തൊഴിലാളികള്‍ക്കും ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയാത്ത ദുരവസ്ഥയായി ഈ കേസ് മാറിയിട്ടുണ്ട്.

അഴിമതിക്കെതിരെ പോരാടാന്‍ വലിയ വീറു കാണിക്കുന്ന സിപിഎം വലിയ പ്രതിസന്ധിയിലാണ് അകപ്പെട്ടിരിക്കുന്നത്. തൊഴിലാളി വര്‍ഗ പാര്‍ട്ടിയുടെ നേതാക്കളുടെയും മക്കളുടെയും ജീവിതരീതി കൂടി ഈ സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിഫലിക്കുന്നുണ്ട്-പന്തളം ചൂണ്ടിക്കാട്ടുന്നു.