ബിനോയ് കോടിയേരിയ്ക്ക് പണം ശരിയാക്കിക്കൊടുത്തത് താനാണെന്ന് രാഹുല്‍ കൃഷ്ണ

0
68

ന്യൂഡല്‍ഹി: ബിനോയ് കോടിയേരിക്കും ചവറ എംഎല്‍എ വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്തും ഉള്‍പ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി കേസിലെ പരാതിക്കാരന്‍ രാഹുല്‍ കൃഷ്ണ. ബിനോയ് കോടിയേരി ജാസ് ടൂറിസം കമ്പനിയില്‍ നിന്ന് 13 കോടി രൂപ വാങ്ങി പണം തിരിച്ചു നല്‍കാത്തതിന് കേസ് നിലവിലുണ്ടെന്നും രാഹുല്‍ കൃഷ്ണ പറഞ്ഞു.

2015-ലാണ് ഈ കേസിന് ആസ്പദമായ സംഭവങ്ങളുടെ തുടക്കം. കേസിലെ മറ്റൊരു പരാതിക്കാരനായ യുഎഇ സ്വദേശിയും രാഹുലും കൂടി ചേര്‍ന്ന് നടത്തുന്ന കമ്പനിയാണ് ജാസ് ട്രാവല്‍സ്. ഇരുവര്‍ക്കും തുല്യപങ്കാളിത്തമുള്ള ഈ കമ്പനി ഈടിന് വച്ചാണ് ബിനോയിക്കും ശ്രീജിത്തിനും പണം കൊടുത്തത്. ബിനോയ്ക്കും ശ്രീജിത്തിനും ദുബായില്‍ വായ്പ ലഭിക്കാന്‍ മാത്രം സ്വാധീനമോ സ്വത്തുക്കളോ ഉണ്ടായിരുന്നില്ല. താന്‍ ഇടപെട്ടാണ് ഇരുവര്‍ക്കും പണം ലഭ്യമാക്കിയത്. എന്നാല്‍ പണം തിരിച്ചടയ്ക്കുന്നതില്‍ ഇവര്‍ വീഴ്ച്ച വരുത്തിയതോടെ കേസിനു പോകാന്‍ താന്‍ നിര്‍ബന്ധിതനായെന്നും രാഹുല്‍ വ്യക്തമാക്കി.

അതേസമയം, 6000 ദിര്‍ഹം നല്‍കി കേസ് ഒഴിവാക്കിയതായി ബിനോയ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ വണ്ടിചെക്കുമായി ബന്ധപ്പെട്ട കേസാണിതെന്നും ബിനോയ് കമ്പനിക്ക് നല്‍കിയിരുന്ന വണ്ടിചെക്ക് മടങ്ങിയതിന്റെ പിഴ മാത്രമാണ് നല്‍കിയിട്ടുള്ളതെന്നും രാഹുല്‍ പ്രതികരിച്ചു.

ബിനോയ്‌ക്കെതിരെ രണ്ടു കേസുകളാണ് കോടതിയില്‍ ഉണ്ടായിരുന്നത്. ഒന്ന് കമ്പനി നല്‍കിയ പണം തിരിച്ചുകൊടുക്കാത്തതിനെതിരെയുള്ളതാണ്. ഈ കേസ് ഇപ്പോഴും നിലവിലുണ്ട്. വണ്ടിചെക്കുമായി ബന്ധപ്പെട്ട മറ്റൊരു കേസ് പൊലീസ് സ്റ്റേഷനില്‍ വെച്ച് തന്നെ ഒത്തുതീര്‍പ്പായി. ഈ കേസ് 60,000 ദിര്‍ഹം നല്‍കി ഒത്തുതീര്‍പ്പാക്കുകയായിരുന്നു. എന്നാല്‍, വാങ്ങിയ 13 കോടി രൂപ തിരിച്ചു നല്‍കാത്തിനുള്ള കേസ് ഇപ്പോഴും നിലവിലുണ്ട്. ഈ പണം ആവശ്യപ്പെട്ടാണ് കമ്പനി ഉടമ അബ്ദുള്ള മര്‍സൂക്കി ഇന്ത്യയിലെത്തിയിരിക്കുന്നതെന്നും രാഹുല്‍ കൃഷ്ണ പറഞ്ഞു.

പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് 17 തവണ ശ്രീജിത്തിന്റെ അച്ഛനും എം.എല്‍.എയുമായ വിജയന്‍പിള്ളയെ കണ്ടിരുന്നെങ്കിലും ശ്രമങ്ങളെല്ലാം വിഫലമാകുകയായിരുന്നു എന്നും രാഹുല്‍ വ്യക്തമാക്കി. ചര്‍ച്ചയിലൂടെ കേസ് ഒത്തുതീര്‍ക്കാനായിരിക്കും ആദ്യം ശ്രമിക്കുകയെന്നും അത് നടന്നില്ലെങ്കില്‍ മാത്രമേ മറ്റു നടപടികളിലേക്ക് കടക്കുകയുള്ളുവെന്നും രാഹുല്‍ കൃഷ്ണ പറഞ്ഞു.