മാധ്യമ തമ്പുരാക്കന്‍മാര്‍ പടച്ചുവിടുന്ന കള്ളക്കഥ; സാമ്പത്തിക തട്ടിപ്പ് നിഷേധിച്ച് സിപിഎം

0
50

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് വ്യാജമാണെന്ന് സിപിഎം. പതിവ് കമ്മ്യൂണിസ്റ്റ് വിരോധം വച്ച് സമ്മേളന കാലയളവില്‍ മലയാള മാധ്യമ തമ്പുരാക്കന്‍മാര്‍ പടച്ചുവിടുന്ന കള്ളക്കഥയിലെ അവസാനത്തെ ഏടായിരുന്നു ഇന്നലെ മാധ്യങ്ങള്‍ ആവേശത്തോടെ ചര്‍ച്ചയാക്കിയ കോടിയേരിയുടെ മകന്റെ പേരിലുള്ള സാമ്പത്തിക ക്രമക്കേടെന്ന് സിപിഎം തങ്ങളുടെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജില്‍ കുറിച്ചു.

പോസ്റ്റിനൊപ്പം ദുബായ് പോലീസ് ബിനോയ് കോടിയേരിയുടെ പേരില്‍ ഇന്ന് നല്‍കിയ പോലീസ് ക്ലീയറന്‍സ് സര്‍ട്ടിഫിക്കറ്റും ചേര്‍ത്തിട്ടുണ്ട്. ക്രിമിനല്‍ കേസില്ലെന്നു വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റാണു ബിനോയ്ക്ക് ലഭിച്ചിരിക്കുന്നത്. വ്യാഴാഴ്ചത്തെ തീയതിയിലുള്ള സര്‍ട്ടിഫിക്കറ്റ് ആരോപണമുയര്‍ന്നശേഷമാണു സ്വന്തമാക്കിയത്. അതേസമയം, ബിനോയ്‌ക്കെതിരെ കേസില്ലെന്ന ദുബായ് കോടതിയുടെ രേഖയും പുറത്തുവന്നിട്ടുണ്ട്. ഒരു കേസും ഇതുവരെ ബിനോയിക്കെതിരെ കോടതിയില്‍ വന്നിട്ടില്ലെന്നാണ് അതില്‍ വ്യക്തമാക്കിയിരിക്കുന്നത്.

സിപിഎം കേരളയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

‘മനോ’ഹരമായ മറ്റൊരു കള്ളം കൂടി പൊളിയുന്നു

പതിവ് കമ്മ്യൂണിസ്റ്റ് വിരോധം വച്ച് സമ്മേളന കാലയളവില്‍ മലയാള മാധ്യമ തമ്പുരാക്കന്‍മാര്‍ പടച്ചുവിടുന്ന കള്ളക്കഥയിലെ അവസാനത്തെ ഏടായിരുന്നു ഇന്നലെ മാധ്യങ്ങള്‍ ആവേശത്തോടെ ചര്‍ച്ചയാക്കിയ കോടിയേരിയുടെ മകന്റെ പേരിലുള്ള സാമ്പത്തിക ക്രമക്കേട് എന്ന ആരോപണം. ഇത് അടിസ്ഥാനമില്ലാത്ത കള്ളമാണെന്ന് തെളിഞ്ഞിരിക്കുകയാണ് ദുബായ് പോലീസ് ബിനോയ് കോടിയേരിയുടെ പേരില്‍ ഇന്ന് നല്‍കിയ പോലീസ് ക്ലീയറന്‍സ് സര്‍ട്ടിഫിക്കറ്റ്.
ഈ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് വരെയുള്ള തിയ്യതിയില്‍ ബിനോയ് കോടിയേരിയുടെ പേരില്‍ യാതൊരു കേസും ദുബായില്‍ നിലവിലില്ലെന്ന് ദുബായ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ആക്ടിങ്ങ് ഡയറക്ടര്‍ ജനറല്‍ സലീം ഖലീഫ അലി ഖലീഫ അല്‍ റുമൈത്തി നല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ പറയുന്നു.