മൂന്നാം ടെസ്റ്റ്: ഇന്ത്യ 187ന് പുറത്ത്

0
50


ജൊഹാനസ് ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ ഇന്ത്യ 187 റണ്‍സിന് പുറത്ത്. ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക ഒന്നാമിന്നിങ്‌സില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ആറ് റണ്‍സെടുത്തു. നാല് റണ്‍സുമായി ഡീന്‍ എല്‍ഗറും റണ്ണൊന്നുമെടുക്കാതെ നൈറ്റ് വാച്ച്മാന്‍ കഗീസോ റബാദയുമാണ് ക്രീസില്‍.

നേരത്തെ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. 54 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോഹ് ലി, 50 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാര, 30 റണ്‍സെടുത്ത ഭൂവനേശ്വര്‍ കുമാര്‍ എന്നിവര്‍ മാത്രമാണ് അല്പമെങ്കിലും പിടിച്ചുനിന്നത്. ബാക്കി ബാറ്റ്‌സ്മാന്‍മാര്‍ ആരും രണ്ടക്കം കണ്ടില്ല.

ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി കഗീസോ റബാദ മൂന്നും മോണെ മോര്‍ക്കല്‍, വെര്‍ണന്‍ ഫിലാന്‍ഡര്‍, ഫെഹ് ലുക് വായോ എന്നിവര്‍ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി. ലുന്‍ഗി എന്‍ഗിഡി ഒരു വിക്കറ്റ് നേടി.

പേസ് ബൗളിങിന് അനുകൂലമായ പിച്ചായതിനാല്‍ ഇന്ത്യ അഞ്ച് ഫാസ്റ്റ് ബൗളര്‍മാരുമായിട്ടാണ് കളിക്കുന്നത്. രണ്ടാം ടെസ്റ്റില്‍ കളിച്ച ടീമില്‍ നിന്ന് രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. രോഹിത് ശര്‍മയ്ക്ക് പകരം അജിന്‍ക്യ രഹാനെയും രവിചന്ദ്ര അശ്വിന് പകരം ഭുവനേശ്വര്‍ കുമാറിനെയും ഇന്ത്യ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തി.

രണ്ടാം ടെസ്റ്റില്‍ കളിച്ച ടീമില്‍ നിന്ന് ദക്ഷിണാഫ്രിക്ക ഒരു മാറ്റം വരുത്തി. കേശവ് മഹാരാജിന് പകരം ഫെഹ് ലുക് വായോയെ ഉള്‍പ്പെടുത്തി. പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 2-0ന് മുന്നിലാണ്.