രാജ കാര്‍ത്തികേയ ഒരുങ്ങുന്നു; അന്റാര്‍ട്ടിക്കന്‍ പര്യടനത്തിനായി

0
66

ദ് ന്യൂസ് മിനിട്ടിന് വേണ്ടി മുഹമ്മദ് ഷഫീഖ് എഴുതിയത്.

ഐക്യരാഷ്ട്രസഭയിലെ സൈനികേതര സമാധാന സംരക്ഷകനായ ഇന്ത്യന്‍ യുവാവ് രാജ കാര്‍ത്തികേയ അന്താരാഷ്ട്രതലത്തില്‍ പ്രശസ്തിയാര്‍ജിച്ച പര്യവേഷകന്‍ സര്‍ റോബര്‍ട്ട് സ്വാന്‍ നയിക്കുന്ന അന്റാര്‍ട്ടിക്കന്‍ പര്യടനത്തിനായി തയ്യാറെടുക്കുകയാണ്.

ഒരു വര്‍ഷം കൊണ്ട് ഉത്തരധ്രുവവും ദക്ഷിണധ്രുവവും ചുറ്റിവന്ന ആദ്യ ഇന്ത്യന്‍ എന്ന ഖ്യാതി നേടുകയല്ല അദ്ദേഹത്തിന്റെ ലക്ഷ്യം. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് അവബോധം വര്‍ദ്ധിപ്പിക്കാനും കൂടിയാണ് അദ്ദേഹം യാത്ര ചെയ്യുന്നത്.

മൂന്ന് ആഴ്ചത്തെ തുടര്‍ച്ചയായ യാത്രയ്ക്ക്‌ ശേഷം ശേഖരിച്ച വിവരങ്ങളും അനുഭവങ്ങളും ഉപയോഗിച്ച് അദ്ദേഹം കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് സ്‌കൂളുകളിലും കോളേജുകളിലും ക്ലാസുകള്‍ സംഘടിപ്പിക്കും.

കൂടാതെ, കാലാവസ്ഥാ വ്യതിയാനത്തിലൂടെ ഇന്ത്യയിലെ സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക മാറ്റങ്ങള്‍ക്ക് പരിഹാരങ്ങള്‍ കണ്ടുപിടിക്കാന്‍ എഞ്ചിനീയര്‍മാരോടൊപ്പം ചര്‍ച്ചകളും രാജ കാര്‍ത്തികേയ എന്ന മുപ്പത്തിയാറുകാരന്‍ സംഘടിപ്പിക്കും. അര്‍ജന്റീനയിലെ തെക്കേ മുനമ്പായ ഉഷ്വായയില്‍ നിന്നും 25 രാജ്യങ്ങളില്‍ നിന്നുള്ള അംഗങ്ങളോടൊപ്പം ഇദ്ദേഹം യാത്രയില്‍ ചേരും. അവിടെ നിന്നു തെക്കന്‍ ഷെല്‍ലാന്‍ഡ് ദ്വീപുകള്‍ക്ക് ചുറ്റുമുള്ള ഡ്രെയ്ക്ക് പാസേജിലൂടെ ഏറ്റവും വലിയ രണ്ട് ഹിമാനികള്‍ സ്ഥിതി ചെയ്യുന്ന അന്റാര്‍ട്ടിക് പെനിന്‍സുലയില്‍ എത്തും.

‘അന്റാര്‍ട്ടിക്കയുടെ ഭൂപ്രകൃതിയിലും വന്യജീവികളിലും കാലാവസ്ഥാ വ്യതിയാനത്തിലൂടെയുണ്ടാകുന്ന അനന്തരഫലങ്ങള്‍ പഠിച്ചതിന് ശേഷം അന്റാര്‍ട്ടിക് സര്‍ക്കിളിന് മുന്നോടിയായുള്ള ധ്രുവ ഗവേഷണകേന്ദ്രത്തില്‍ യാത്ര നിര്‍ത്തും. കാലാവസ്ഥാ പഠനത്തില്‍ പ്രമുഖരായ ചില ശാസ്ത്രജ്ഞരും ഞങ്ങളോടൊപ്പം കാര്യങ്ങള്‍ വിശദീകരിച്ചു തരാന്‍ ഉണ്ടാകും’ രാജ പറയുന്നു.

കഴിഞ്ഞ വര്‍ഷം, ജൂലൈയില്‍ നോര്‍വെയിലെ സ്വാല്‍ബാര്‍ഡ് ദ്വീപിനെതിരെയുള്ള ആര്‍ട്ടിക് സര്‍ക്കിളിലേയ്ക്ക്‌
ധ്രുവഹിമാനികളെപ്പറ്റി പഠിക്കാനായുള്ളതായിരുന്നു രാജയുടെ ആദ്യ ധ്രുവയാത്ര.

ഒരു വര്‍ഷത്തിനുള്ളില്‍ ഭൂമിയുടെ രണ്ട് ധ്രുവങ്ങളിലുമുള്ള കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് താരതമ്യ പഠനം നടത്താനുള്ള അത്യപൂര്‍വമായ അവസരമാണ് ഈ പര്യടനങ്ങളിലൂടെ രാജ കാര്‍ത്തികേയയ്ക്ക് കൈവന്നിരിക്കുന്നത്.

‘ഈ പഠനങ്ങളിലൂടെ കാലാവസ്ഥാ വ്യതിയാനത്തെ മന്ദഗതിയിലാക്കാന്‍ ആകുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നുണ്ട് ‘ രാജ പറയുന്നു.

വിശാഖപട്ടണത്തില്‍ ജനിച്ച രാജ ഹൈദരാബാദിലാണ് വിദ്യാഭ്യാസം നേടിയത്. സ്വിസ് ആര്‍മി റെജിമെന്റിന്റെ അംഗീകാരമുള്ള വ്യക്തിയാണ് ഇദ്ദേഹം. സ്‌ക്യൂബാ ഡൈവിങ് വിദഗ്ദനും വയര്‍ലസ് റേഡിയോ ഓപ്പറേറ്ററുമായ രാജ 2004ലുണ്ടായ സുനാമി സമയത്ത് ആന്‍ഡമാന്‍ നിക്കോബാറില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. 2007ല്‍ യുഎസിലേക്ക് ഉപരിപഠനത്തിന് പോയ രാജ 2011ല്‍ ഐക്യരാഷ്ട്ര സഭയില്‍ തിരഞ്ഞെടുക്കപ്പെടുകയും സമാധന പുന:സ്ഥാപനത്തിനായി അഫ്ഗാനിസ്ഥാനില്‍ നാല് വര്‍ഷം പ്രവര്‍ത്തിക്കുകയും ചെയ്തു. ഇറാഖില്‍ രണ്ട് വര്‍ഷവും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കാലാവസ്ഥാ വ്യതിയാനം കൊണ്ട് രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കൂടുതല്‍ വഷളാകുന്നത് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. മണ്ണില്‍ ലവണാംശം കൂടുന്നതും മഴയുടെ ലഭ്യതയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്നതും താഴ്ന്ന മഞ്ഞുവീഴ്ചയുമെല്ലാം ഇതിന് ഹേതുക്കളാണ്. പല രാജ്യങ്ങളും കാലാവസ്ഥാ വ്യതിയാനം ഉണ്ടാകുന്ന തരത്തില്‍ ഒന്നും ചെയ്യുന്നില്ലെങ്കിലും കാലാവസ്ഥാ മാറ്റങ്ങള്‍ അനുഭവിക്കേണ്ടി വരുന്നുണ്ട് – രാജ അഭിപ്രായപ്പെട്ടു.

‘അത്തരത്തില്‍ ഒരുപാട് പ്രതിസന്ധികള്‍ ഇന്ത്യയും നേരിടുന്നുണ്ട്. അതുതന്നെയാണ് ആര്‍ട്ടിക് സര്‍ക്കിള്‍ കടക്കാനായി എന്നെ പ്രേരിപ്പിച്ചത് ‘ രാജ കൂട്ടിച്ചേര്‍ത്തു.

പരിഭാഷ:ആരതി