വളാഞ്ചേരി വട്ടപ്പാറ വളവില്‍ മറിഞ്ഞ പാചകവാതക ലോറിയിലെ വാതകചോര്‍ച്ച അടച്ചു

0
77


മലപ്പുറം: വളാഞ്ചേരി വട്ടപ്പാറ വളവില്‍ മറിഞ്ഞ പാചകവാതക ലോറിയിലെ വാതകചോര്‍ച്ച അടച്ചു. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ചോര്‍ച്ച അടച്ചത്. 17 ടണ്‍ പാചകവാതകമാണ് ടാങ്കര്‍ ലോറിയില്‍ ഉണ്ടായിരുന്നത്.

ഇന്നലെ രാത്രി 7.15നാണ് മംഗളൂരുവില്‍നിന്ന് കൊല്ലത്തേക്ക് പാചകവാതകവുമായി വരികയായിരുന്ന ടാങ്കര്‍ ലോറി വട്ടപ്പാറയിലെ പ്രധാന വളവില്‍ മറിഞ്ഞത്. അപകടത്തില്‍ ടാങ്കര്‍ ഡ്രൈവര്‍ തമിഴ്നാട് രാമനാഥപുരം പരമകുടി ശരവണ പാണ്ഡ്യന് (36) പരുക്കേറ്റു. ലോറിയില്‍ നിന്നു നേരിയ തോതില്‍ ചോര്‍ച്ചയുണ്ടായതിനാല്‍ സംഭവസ്ഥലത്ത് നിന്ന് 500 മീറ്റര്‍ ചുറ്റളവില്‍ ആളുകളെ ഒഴിപ്പിച്ചിരുന്നു.

പൊലീസും ഹൈവേ പൊലീസും തിരൂരില്‍ നിന്നെത്തിയ അഗ്നിശമന സേനയും സ്ഥലത്തെത്തിയാണ് തുടര്‍നടപടികള്‍ സ്വീകരിച്ചത്. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി മേഖലയിലെ വൈദ്യുതി വിച്ഛേദിക്കുകയും അപകട സ്ഥലത്തിന്റെ അര കിലോമീറ്റര്‍ ദൂരെ വാഹനങ്ങള്‍ പൊലീസ് തടഞ്ഞു വാഹനങ്ങള്‍ വഴിതിരിച്ചുവിടുകയും ചെയ്തു.