‘വിഭാഗീയ ശക്തികള്‍ക്കെതിരെ ശബ്ദം ഉയരേണ്ട അടിയന്തരഘട്ടമെത്തി; ജനങ്ങള്‍ ഇനി മിണ്ടാതിരുന്നാല്‍ ശരിയാകില്ല’: അരവിന്ദ് കേജ്‌രിവാള്‍

0
43

ന്യൂഡല്‍ഹി: ഗുഡ്ഗാവില്‍ സ്‌കൂള്‍ ബസ് ആക്രമിച്ചവര്‍ക്കെതിരെ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. വിവാദ സിനിമയായ പത്മാവദിയ്‌ക്കെതിരെ പ്രതിഷേധിച്ചവര്‍ സ്‌കൂള്‍ ബസ് ആക്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കേജ്രിവാളിന്റെ പരാമര്‍ശം. ‘മുസ്ലിംകളെ കൊല്ലുകയും ദലിതരെ അഗ്‌നിക്കിരയാക്കുകയും’ ചെയ്ത ശക്തികള്‍ ഇപ്പോള്‍ വീടുകളിലേക്ക് അതിക്രമിച്ചു കയറുകയാണെന്നും കുട്ടികളെയാണു ലക്ഷ്യമിടുന്നതെന്നും കേജ്‌രിവാള്‍
പറഞ്ഞു.

‘വിഭാഗീയ ശക്തികള്‍ക്കെതിരെ ശബ്ദം ഉയരേണ്ട അടിയന്തരഘട്ടമെത്തി. ജനങ്ങള്‍ ഇനി മിണ്ടാതിരുന്നാല്‍ ശരിയാകില്ല. മുസ്ലിംകള്‍ കൊല്ലപ്പെട്ടപ്പോഴും ദലിതര്‍ അഗ്‌നിക്കിരയാക്കപ്പെട്ടപ്പോഴും ജനങ്ങള്‍ മിണ്ടാതിരുന്നു. അവര്‍ മുസ്ലിംകളെ കൊലപ്പെടുത്തി. ദലിതരെ മര്‍ദ്ദിച്ച് അവശരാക്കി, ജീവനോടെ ചുട്ടെരിച്ചു. ഇന്നു നമ്മുടെ കുട്ടികള്‍ക്കുനേരെ അവര്‍ കല്ലേറും നടത്തി. നമ്മുടെ ഇടയിലേക്ക് അവര്‍ വന്നിരിക്കുകയാണ്’- സര്‍ക്കാരിന്റെ റിപബ്ലിക് ദിനാചരണത്തോട് അനുബന്ധിച്ചുള്ള പരിപാടിയില്‍ പങ്കെടുക്കവെ കേജ്‌രിവാള്‍ പറഞ്ഞു.

40 മിനിറ്റു നീണ്ട പ്രസംഗത്തില്‍ അരിശത്തോടെയാണു കേജ്‌രിവാള്‍ സംസാരിച്ചത്. ദേശീയ തലസ്ഥാനത്തിന് അരികെ സ്‌കൂള്‍ കുട്ടികള്‍ക്ക് നേരെ കല്ലേറുണ്ടായതു നാണക്കേടുണ്ടാക്കുന്ന സംഭവമാണ്. കുട്ടികള്‍ക്കുനേരെ ആക്രമണം നടത്തിയവര്‍ക്കു കഠിനമായ ശിക്ഷ നല്‍കണം. രാമന്‍ രാവണനു നല്‍കിയതിനെക്കാള്‍ കഠിനമായിരിക്കണം ആ ശിക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ നാട് രാമന്റെയും കൃഷ്ണന്റെയും ഗൗതമ ബുദ്ധന്റെയും മഹാവീരന്റെയും ഗുരു നാനാക്കിന്റെയും കബീറിന്റെയും മീരയുടെയും നബി പ്രവാചകന്റെ പിന്‍തലമുറകളുയും യേശുക്രിസ്തുവിന്റെ പിന്‍ഗാമികളുടെയുമാണ്. കല്ലേറു നടത്തിയതു ഹിന്ദുക്കളോ മുസ്ലിംകളോ ക്രിസ്ത്യാനികളോ ആണോ? ഏതു മതമാണു കുട്ടികള്‍ക്കെതിരെ അതിക്രമം നടത്താന്‍ ആഹ്വാനം ചെയ്യുന്നതെന്നും കേജ്‌രിവാള്‍
ചോദിച്ചു.