വിവാദങ്ങള്‍ക്കൊടുവില്‍ ‘പത്മാവത്’ ഇന്ന് തീയറ്ററുകളിലേക്ക്

0
36

മധ്യപ്രദേശ്: സഞ്ജയ് ലീല ബൻസാലിയുടെ ‘പത്മാവത്’ സിനിമ ഇന്ന് റിലീസ് ചെയ്യും. ‘പത്മാവത്’ന്‍റെ റിലീസ് തടയരുതെന്ന സുപ്രീംകോടതിയുടെ വിധിയുണ്ടെങ്കിലും പ്രതിഷേധങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വ്യാപക പ്രതിഷേധ പ്രകടനങ്ങൾ തുടരുകയാണ്. ഗുജറാത്തിലും മധ്യപ്രദേശിലും രാജസ്ഥാനിലും ചിത്രം റിലീസ് ചെയ്യാൻ സർക്കാർ വിലക്കുണ്ടായിരുന്നു. എന്നാൽ സിനിമ തടയരുതെന്ന് സുപ്രീംകോടതി ഇടപെട്ട് നിർദേശം നൽകി.

ചിത്രം ഉത്തർപ്രദേശിൽ പ്രദർശിപ്പിക്കരുതെന്നാവശ്യപ്പെട്ട് രാജ്പുത് കർണി സേന അംഗങ്ങൾ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ടിരുന്നു. സിനിമ പ്രദർശിപ്പിക്കുകയാണെങ്കിൽ അതു കാണാനെത്തുന്നവരെ തിയേറ്ററുകളിൽ തടയുമെന്നും സേന പ്രവർത്തകർ പറഞ്ഞു.

‘പത്മാവത്’ ചലച്ചിത്ര വിവാദത്തിന്റെ പേരിൽ ആക്രമണം കുട്ടികൾക്കു നേരെയും ഉണ്ടായി. ഗുരുഗ്രാമിലാണ് സ്കൂൾ ബസിനു നേരെ കർണി സേന പ്രവർത്തകർ കല്ലെറിഞ്ഞത്. ഡൽഹി–ജയ്പുർ ദേശീയപാതയും അക്രമികൾ ഉപരോധിച്ചു.

ചിത്രത്തിലെ നായിക ദീപിക പദുക്കോണിന്റെ മൂക്ക് മുറിച്ചു നൽകുന്നവർക്ക് കാൻപുർ ക്ഷത്രിയ മഹാസഭ സമ്മാനത്തുകയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു വേണ്ടി കാൻപൂരിൽ നിന്നു മാത്രം കോടികൾ ശേഖരിച്ചതായും മഹാസഭ പ്രസിഡന്റ് ഗജേന്ദ്ര സിങ് പറഞ്ഞു.

കർണി സേനയിലെ 27 വനിതാ അംഗങ്ങളാണ് ആത്മാഹുതിക്ക് അനുവാദം ചോദിച്ച് രാഷ്ട്രപതി റാം നാഥ് കോവിന്ദിനു കത്തു നൽകിയത്. ഒന്നുകിൽ ജീവനൊടുക്കാൻ അനുമതിയോ അല്ലെങ്കിൽ ‘പത്മാവത്’ റിലീസ് തടയുകയോ ചെയ്യണമെന്നാണ് ആവശ്യം. എന്നാൽ അക്രമം തടയുന്നതിന് സർക്കാർ തലത്തിൽതന്നെ വൻ പൊലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്.

പത്മാവതിന്റെ റിലീസ് തടയരുതെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടും 25ന് കർണി സേനയുടെ നേതൃത്വത്തിൽ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഹരിയാന, ഗുജറാത്ത്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ സിനിമയുടെ പേരിൽ വൻ അക്രമ സംഭവങ്ങളാണു റിപ്പോർട്ട് ചെയ്തത്.

സിനിമയുടെ പ്രദർശനശാലകളിലെല്ലാം വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരിക്കുകയാണ്.