സീറ്റ് ബെല്‍റ്റ് ഇടാത്തതിന്റെ പേരില്‍ മര്‍ദ്ദനത്തിനിരയായ യുവാവ് ചെന്നെയില്‍ തീകൊളുത്തി

0
34

ചെന്നൈ: സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെന്ന പേരില്‍ ട്രാഫിക് പൊലീസ് തടഞ്ഞുനിര്‍ത്തിയ യുവാവ് സ്വയം തീ കൊളുത്തി. ശരീരത്തിന്റെ 59 ശതമാനത്തോളം പൊള്ളലേറ്റ തിരുനെല്‍വേലി ശങ്കരന്‍കോവില്‍ മണികണ്ഠനെ (21) ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നഗരത്തിലെ ഐടി ഇടനാഴിയില്‍ വാഹന പരിശോധനയ്ക്കിടെ, സീറ്റ്‌ബെല്‍റ്റ് ധരിക്കാത്തതിന് മണികണ്ഠന് പൊലീസ് പിഴ ചുമത്തിയിരുന്നു. പൊലീസുമായി തര്‍ക്കത്തിലേര്‍പ്പെട്ട ഇയാള്‍, ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് മൊബൈലില്‍ വിഡിയോയെടുത്തു. സമൂഹമാധ്യമങ്ങളില്‍ വിഡിയോ പ്രചരിപ്പിക്കുമെന്നും മണികണ്ഠന്‍ പറഞ്ഞു. ഇതിന് പിന്നാലെ പുറത്തിറങ്ങിയ യുവാവ് കാറിലുണ്ടായിരുന്ന പെട്രോളെടുത്ത് ദേഹത്തൊഴിച്ച് തീ കൊളുത്തി്. സംഭവത്തെ തുടര്‍ന്നു മറ്റു യാത്രക്കാര്‍ റോഡ് ഉപരോധിച്ചു.

മണികണ്ഠനെ ഉടന്‍ കില്‍പാവുക് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാരുടെ സംഘം ചികില്‍സിക്കുന്നുണ്ടെന്നും ഐസിയുവില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്നും മെഡിക്കല്‍ കോളജ് ഡീന്‍ ഡോ. പി. വസന്തമണി പറഞ്ഞു. സംഭവത്തില്‍ വിശദ അന്വേഷണം നടത്തുമെന്നു മണികണ്ഠനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ചെന്നൈ പൊലീസ് കമ്മിഷണര്‍ എ.കെ.വിശ്വനാഥന്‍ അറിയിച്ചു.