സ്‌കൂള്‍ വാന്‍ ഡ്രൈവറെ ആക്രമിച്ച് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി

0
59

ന്യൂഡല്‍ഹി: സ്‌കൂള്‍ വാന്‍ തടഞ്ഞ് ഡ്രൈവറെ ആക്രമിച്ച് ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെതട്ടിക്കൊണ്ടുപോയി. രണ്ടംഗ സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഡല്‍ഹിയിലെ ഷഹ്ദരയില്‍ ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം.

രാവിലെ കുട്ടികളെ കയറ്റി സ്‌കൂളിലേക്ക് പോവുകയായിരുന്ന വാന്‍ ഷഹ്ദരയിലെ ഐബിഎച്ച്എസ് ആശുപത്രിക്ക് സമീപത്തുവെച്ച് രണ്ടംഗ അക്രമിസംഘം തടഞ്ഞുനിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ഇവരെ തടയാന്‍ ശ്രമിച്ച വാന്‍ ഡ്രൈവര്‍ക്ക് നേരെ വെടിയുതിര്‍ത്ത ശേഷം കുട്ടിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു.
ബൈക്കിലാണ് അക്രമിസംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

കറുത്ത നിറത്തിലുള്ള ബൈക്ക് ആയിരുന്നു ഇവര്‍ ഉപയോഗിച്ചിരുന്നതെന്നും യുപി ഭാഗത്തേക്കാണ് പോയതെന്നും ദൃക്സാക്ഷികള്‍ പൊലീസിനെ അറിയിച്ചു. സംഭവത്തില്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഷഹ്ദരയ്ക്ക് സമീപം സ്വകാര്യ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് തട്ടിക്കൊണ്ട് പോയത്. സംഭവത്തിന് പിന്നില്‍ കുട്ടിയുടെ ബന്ധുക്കളോ പരിചയക്കാരോ ആയിരിക്കുമെന്നാണ് പൊലീസിന്റെ നിഗമനം. എന്നാല്‍ പണമോ മറ്റെന്തെങ്കിലും ആവശ്യങ്ങളോ ഉന്നയിച്ച് കുട്ടിയുടെ ബന്ധുക്കള്‍ക്ക് ഇതുവരെ ഫോണ്‍ സന്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.