കൂട്ടിലകപ്പെടാതെ ജീവിച്ച നിക്കനോര്‍ പാര്‍റെ എന്ന കവി

0
242

പി കെ ഗണേശന്‍

ഒരിഷ്ട കവി കൂടി പിൻവാങ്ങി. ചിലിയൻ കവിതയ്ക്ക്‌ മേൽവിലാസം എഴുതിയ, കവിതയുടെ തന്നെ ജാതകം മാറ്റിയെഴുതിയ ആന്റി പോയട്രിയുടെ പ്രചാരകൻ നിക്കനോർ പാർറെ ജീവിതത്തിൽ നിന്ന് വിടവാങ്ങി.

ലോകം കത്തുമ്പോൾ, രാജ്യത്ത് ജീവിതം ദുസ്സഹമാവുമ്പോൾ വൃത്തഭംഗിയും അലങ്കാര ഭംഗിയുമുള്ള ഉൽപ്രേക്ഷയും ഉപമയുമല്ല കവിതയുടെ ഭാഷ എന്നും ജീവിതത്തിന്റെ നേർചൊല്ലുകളാണ് ഭാഷ ആവശ്യപ്പെടുന്നതെന്നും നിക്കനോർ പാർറെ നിലപാടെടുത്തു. അങ്ങനെ ഗദ്യ കവിത എന്ന സാഹിത്യ ശാഖ ജന്മം കൊണ്ടു. ഭാഷയിൽ പുതുതായി രൂപമെടുത്ത ആ പ്രവണതയെ പാരമ്പര്യവാദികളായ ഭാഷാപണ്ഡിതർ ആദ്യം കണ്ടില്ലെന്നു നടിച്ചു. ആൻറി പോയട്രി ഒരു മൂവ്മെൻറായി വികാസം നേടാൻ തുടങ്ങിയപ്പോൾ ഭാഷയിലെ സംസ്കൃതബോധത്തിന് നിലതെറ്റി പുലഭ്യം പറയുന്ന സ്ഥിതിയുണ്ടായി.

അയ്യപ്പൻറെ കവിത മലയാളത്തിൽ കല്ലേറുകൊണ്ടതുപോലെ പാർറെയുടെ കവിതകളും നിലപാടുകളും കല്ലേറുകൊണ്ടു. പക്ഷെ കാലം ഗദ്യകവിതയെ സ്വീകരിച്ചാനയിച്ചു. അങ്ങനെ വാക്കുകളിൽ കവിത വസന്തം സൃഷ്ടിച്ചു. ആർക്കും കവിതയെഴുതാം എന്ന നിലവന്നു. കവിതയിൽ ഗദ്യം വിരസമല്ലെന്നു കാലം തിരുത്തി.

‘Prose in poetry is not prosaic’ – പാർറെ മുന്നോട്ടുവെച്ച വാദമായിരുന്നു അത്. ലാറ്റിൻ അമേരിക്കയിൽ കവിതയുടെ ജീവിതം മാറിമറിഞ്ഞു, പാർറെയുടെ റാഡിക്കലായ ഈ നിലപാടിന് പരക്കെ സ്വീകാര്യത ലഭിച്ചതോടെ. ലോക കവിത പിന്നീട് ലാറ്റിൻ അമേരിക്കൻ കവിതയുടെ പിന്നാലെ സഞ്ചരിക്കാൻ തുടങ്ങി. ഭാഷയിൽ കൗതുകം ഉള്ള ഏതൊരാൾക്കും കവിതയിൽ ഉത്സാഹിക്കാം, ജീവിതം ഉണ്ടെങ്കിൽ എന്ന നില വന്നുചേർന്നു. എല്ലാവരും കവികളാവുന്ന കവിതയുടെ ജനാധിപത്യകാലം അങ്ങനെ യാഥാർത്ഥ്യമായി.

കവിതയിൽ ജീവിതം കണ്ണാടിയുടെ മുന്നിൽ എന്ന പോലെ കാണ്മാനായി. ഓരോ വാക്കിലും വരിയിലും അങ്ങേയറ്റം റാഡിക്കലായിരുന്നു പാർറെ. കവിതയ്ക്കുവേണ്ടി കലഹിച്ചു. പാട്ട്‌ പോലെ പാടാനുള്ളതല്ല കവിതയെന്നും അവനവനോടുള്ള ആത്മഗതം കൂടിയാണ് കവിത എന്നും അദ്ദേഹം സ്വയം തെളിയിച്ചു. ആ നിലയിൽ വലിയൊരു​ സ്ഥാനമുണ്ട് പാർറെക്ക്. ഒറ്റ ശരിയിൽ വിശ്വസിക്കാത്ത കവിയാണ് പാർറെ.

ഒരു കവിതയിൽ ദാർശനികനായി പാർറെ പറയുന്നു, നോക്കൂ ഈ പാലത്തിനു ചുവടെ, ഒഴുകുന്ന പുഴയിൽ എത്രയോ ചോരയൊലിച്ചുപോയിട്ടുണ്ട് ഒറ്റ ശരിയുടെ പേരിൽ. ജീവിതം എത്രത്തോളം ദുസഹവും ദുർബലവുമാണ് ഒറ്റ ശരിയുടെ കാലത്തെന്ന് ഇന്നും മനുഷ്യർ പാർക്കുന്ന ഇടങ്ങളിലെ യാഥാർത്ഥ്യം.
ഫാഷിസം പ്രചരിപ്പിക്കുന്ന ഒറ്റ ശരിക്കെതിരെ പലവിധ ശരികളുടെ മഴവിൽ ജനാധിപത്യമാണ് ബദലെന്ന് ഒറ്റ ശരിയുടെ തമ്പുരാൻമാർക്കെതിരെ ഒരു പ്രവാചകനെ പോലെ പാർറെ വിരൽ ചൂണ്ടി.

ഒറ്റ ശരിയ്‌ക്കെതിരെ അങ്ങനെ കവിതയെ പാർറെ കൂട്ടുപിടിച്ചു. കവിത കൊണ്ട് സാധ്യമാകാത്ത യാതൊന്നും ഇല്ലെന്ന് അദ്ദേഹം വിശ്വസിച്ചു. everything is possible in poetry എന്ന് തന്നെ എഴുതി. അതുകൊണ്ടു ഒരു കള്ളിയിലും ഉള്‍പ്പെടാതെ ജീവിച്ചു. പാർറെയുടെ കാവ്യ-ജീവിത നിലപാടിനെ ഒരേസമയം പിൻപറ്റുകയും എന്നാൽ രാഷ്ട്രീയമായി ലാറ്റിനമേരിക്കൻ കവിത പൊതുവിൽ ഇടതുപക്ഷ രാഷ്ട്രീയത്തോട്‌
ചേർന്നുനിൽക്കുകയും ചെയ്തപ്പോൾ ആ വൈരുദ്ധ്യത്തിനൊപ്പം നിൽക്കാനാവില്ല എന്ന നിലപാടിൽ അദ്ദേഹം ഉറച്ചുനിന്നു.

ഒരിക്കൽ അദ്ദേഹം തുറന്നു പറഞ്ഞു, ഞാൻ ഇടത്തോ വലത്തോ അല്ല, ഞാൻ കവിതയിൽ ജീവിതത്തിന്റെ പക്ഷത്ത്. ജീവിതം തന്നെ മുന്നിൽ ഒരു ഒഴിഞ്ഞ ഏട് ആണെങ്കിൽ എന്തിനു വേണം മറ്റൊരു പക്ഷം എന്ന് അദ്ദേഹം ചോദിച്ചു. കൂട്ടിനകത്തു ഉറപ്പായും കിട്ടുന്ന മതിയാവോളം ഭക്ഷണത്തേക്കാൾ കൂട്ടിനു പുറത്തെ സ്വാതന്ത്ര്യമാണ് എനിക്ക് പ്രിയം എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കൂട്ടിലടക്കപ്പെടാതിരിക്കാനുള്ള ജാഗ്രത അങ്ങനെ ജീവിതത്തിൽ ഉടനീളം പുലർത്തി. ഉപാധിരഹിതമായിരുന്നു ആ നിലപാട്.

ഒരു കവിതയിൽ അദ്ദേഹം എഴുതി: യഥാർത്ഥ ലോകത്തെ കണിശമായി പഠിക്കാനിടയായവർ ആരായാലും ഒരു കമ്യുണിസ്റ്റാവാതെ തരമില്ല. കമ്യൂണിസ്റ്റു പാർട്ടിയെ കണിശമായി പഠിക്കാനിടയായവർ ആരായാലും ഒരു അനാർക്കിസ്റ്റാവാതെ തരമില്ല. എന്നെ വിശ്വസിക്കൂ, ഇരുപതിൽ ഒരു ആദർശവാദിയായില്ലെങ്കിൽ ഒരു ഹൃദയമില്ലെന്നാണ്, നാല്പതിലും അതേപോലെ തുടരുന്നു എങ്കിൽ ഒരു തലയില്ലെന്നും… ഇതാണ് കവിതയിലും ജീവിതത്തിലും പാർറെ പുലർത്തിയ അനാര്‍ക്കിസത്തിന്റെ രാഷ്ട്രീയ പക്ഷം.

2016 ലെ ഐ.എഫ്.എഫ്.കെയിൽ ‘എന്‍ഡ് ലെസ്‌ പോയട്രി’ എന്ന സിനിമയിൽ പാർറെയും കഥാപാത്രമായി വരുന്നുണ്ട്. നാൽപതുകളിലും അമ്പതുകളിലും തീപിടിച്ച കവിതകളുമായി സാന്റിയാഗോ നഗരത്തിൽ ഉന്മാദ നൃത്തമാടിയ ഒരു പറ്റം ചെറുപ്പക്കാർ, അവരിലൊരാളായിരുന്നു സിനിമയുടെ സംവിധായകനായ അലക്സാൻഡ്രോ ജൊദൊറോവ്സ്കി. സമൂഹത്തെ പിടിച്ചു കുലുക്കിയ നിരവധി കവിതകളെഴുതിയ നിക്കനോർ പാർറെ എൻറിക് ലീൻ, ഡയസ് വരിൻ എന്നിവർ പിന്തുടർന്ന കവിതയുടെ വേറിട്ട വഴിയിൽ ജൊദൊറോവ്സ്കി ആവേശഭരിതനാവുന്നു. ചുവപ്പിനൊപ്പം നിൽക്കാനുള്ള വ്യഗ്രത ലാറ്റിൻ അമേരിക്കൻ കവിതയുടെ പൊതുബോധം എന്ന നിലയിൽ സിനിമ പിൻപറ്റുന്നുവെങ്കിലും ആ രീതി പാർറെയുടേതായിരുന്നില്ല. അല്ലെങ്കിൽ തന്നെ കൂടുതൽ സർഗാത്മകമായിരുന്നു ലാറ്റിനമേരിക്കയിലെ ചുവപ്പ്. ആ രാഷ്ട്രീയവുമായി സർഗാത്മകമായി പാർറെ തർക്കിച്ചു,സംവാദത്തിലേർപ്പെട്ടു. സ്വന്തം നിലപാട് കൈവിട്ട് കൂട്ടുകൂടാനോ അതുവഴി കൂട്ടിലകപ്പെടാനോ പാർറെ തുനിഞ്ഞില്ല.

അങ്ങനെയുമൊരു ലാറ്റിനമേരിക്കയുണ്ട്. ഒരു ബ്ലോക്കിലും ഇടം ആഗ്രഹിക്കാത്ത അങ്ങനെ കൂടുകളില്ലാത്ത ഒരു ലോകം. കൂട്ടിലകപ്പെടാനാഗ്രഹിക്കാത്ത ജീവിതം പാർറെ വിട്ടുവീഴ്ചയില്ലാതെ ആഗ്രഹിച്ചു എന്നു തന്നെയാണ് അതിനർത്ഥം. പാർറെ എന്നും എപ്പോഴും ആഗ്രഹിച്ചതും അന്വേഷിച്ചതും ജീവിതത്തിലെ കവിതയുടെ ഹൃദയപക്ഷം തന്നെ. പ്രിയ കവി വിട…