കേന്ദ്ര ബജറ്റില്‍ നികുതി വരുമാന പരിധി 2 ലക്ഷത്തില്‍ നിന്നും 2.5 ലക്ഷമാക്കാന്‍ സാധ്യത

0
49

ദില്ലി: കേന്ദ്ര ബജറ്റില്‍ നികുതി ഇളവ് നല്‍കാനായി വരുമാന പരിധി 2 ലക്ഷത്തില്‍ നിന്നും 2.5 ലക്ഷമാക്കി ഉയര്‍ത്താന്‍ ധനകാര്യ മന്ത്രാലയം ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ നേട്ടം നേരിട്ട് നികുതിദായകന് നല്‍കാന്‍ സാധ്യതയില്ല. പകരം സര്‍ക്കാരിന്റെ ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതികള്‍ക്കായി നിക്ഷേപം നടത്തിയിട്ടുള്ളവര്‍ക്കാകും ഈ ആനുകൂല്യം സിദ്ധിക്കുക.

2017 ബജറ്റില്‍ വാര്‍ഷിക വരുമാനം 2.5 ലക്ഷമുള്ളവര്‍ക്ക് നികുതി 10 ശതമാനത്തില്‍ നിന്നും 5 ശതമാനമായി കുറച്ചിരുന്നു. വന്‍കിടക്കാരുടെ വെട്ടിപ്പ് കൂടി ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാകും കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പദ്ധതികള്‍ പ്രഖ്യാപിക്കുക.

ബോണ്ടുകളിലും, ഇക്വിറ്റിയുമായി ബന്ധപ്പെട്ട സേവിംഗ്സ് സ്കീമുകളില്‍ നിക്ഷേപിച്ചവര്‍ക്കും ഇളവ് നല്‍കാനാണ് ആലോചന. ഇത്തരം നിക്ഷേപ പദ്ധതികള്‍ക്ക് നിയന്ത്രിത പരിധിയും ഉണ്ടാകും. നിലവില്‍ പ്രൊവിഡന്റ് ഫണ്ട്, പബ്ലിക് പിഎഫ്, ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം എന്നിവയിലാണ് നികുതി ഇളവ് ലഭിക്കുന്നത്.

കുട്ടികളുടെ വിദ്യാഭ്യാസ ഫീസ്, ഹോം ലോണ്‍ എന്നിവയും നികുതി ഇളവ് നേടിക്കൊടുക്കുന്നുണ്ട്. നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തില്‍ നിക്ഷേപിക്കുന്നവര്‍ക്ക് 50000 രൂപ അധിക ഇളവും ലഭിക്കും. ക്രൂഡോയില്‍ വില വര്‍ദ്ധനവും, ജിഎസ്ടി നികുതി പിരിവ് ആരംഭിച്ചതും, നിര്‍മ്മാണ ചെലവുകള്‍ വര്‍ദ്ധിക്കുന്നതും പരിഗണിച്ച്‌ നികുതി ഇളവ് വ്യാപകമായി അനുവദിക്കാന്‍ കഴിയില്ല.