ഗുരുഗ്രാം സ്‌കൂള്‍ ബസ് ആക്രമണത്തിനു പിന്നില്‍ സഞ്ജയ് ലീല ബന്‍സാലി: കര്‍ണിസേന

0
40

ജയ്പൂര്‍: പത്മാവത് സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിനിടെ ഗുരുഗ്രാമില്‍ സ്‌കൂള്‍ ബസ് ആക്രമിച്ചതില്‍ പങ്കില്ലെന്ന് രജ്പുത് കര്‍ണിസേന നേതാവ് ലോകേന്ദ്ര സിങ് കല്‍വി. ആക്രമണത്തിനു പിന്നില്‍ സഞ്ജയ് ലീല ബന്‍സാലിയാണെന്നും ഗുരുഗ്രാമില്‍ മതപരമായ സംഘര്‍ഷമുണ്ടാക്കാന്‍ ബന്‍സാലിയാണ് അനുയായികളെ അയച്ചതെന്നും ലോകേന്ദ്ര സിങ് പറഞ്ഞു. ഒരിക്കലും കര്‍ണിസേന കുട്ടികളെ ആക്രമിക്കില്ലെന്നും ജയ്പൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.

വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് തങ്ങളുടെ പ്രതിഛായ തകര്‍ക്കാനാണ് ശ്രമം. സ്‌കൂള്‍ ബസ് ആക്രമണത്തില്‍ ജുഡീഷ്യലോ സിബിഐ അന്വേഷണമോ തുടങ്ങിയ ഏതുതരം അന്വേഷണവും നേരിടാന്‍ കര്‍ണിസേന തയ്യാറാണ്. നിഷ്‌കളങ്കരായ കുട്ടികളെ ആക്രമിക്കുന്നതിനെക്കുറിച്ച് ഒരിക്കലും ചിന്തിക്കാന്‍ പോലും തങ്ങള്‍ക്ക് കഴിയില്ല. രജ്പുത്രര്‍ അത്തരം ആക്രമണങ്ങള്‍ നടത്തില്ല. ബന്‍സാലിയും അയാളുടെ അനുയായികളും തയ്യാറാക്കിയ പദ്ധതിയാണ് ആക്രമണത്തിനു പിന്നിലെന്നും ലോകേന്ദ്ര സിങ് ആരോപിച്ചു.

മഹാരാഷ്ട്രയില്‍ ഒരു തീയേറ്ററില്‍ പോലും ചിത്രം റിലീസ് ചെയ്തിട്ടില്ല.
ഇത് ജനതാ കര്‍ഫ്യൂവിന്റെ വിജയമാണ്. രാജ്യം മുഴുവന്‍ ചിത്രം നിരേധിക്കുന്നതുവരെ കര്‍ഫ്യൂ തുടരും. റിപ്പബ്ലിക് ദിനത്തില്‍ ഒരിടത്തും പ്രതിഷേധം ഉയരില്ലെന്നും ലോകേന്ദ്ര സിങ് പറഞ്ഞു.

കര്‍ണിസേനയ്ക്ക് സംഭവത്തില്‍ പങ്കില്ലെന്നും മതപരമായ സംഘര്‍ഷം ഉണ്ടാക്കുന്നതിന് ബോധപൂര്‍വ്വം നടത്തിയ ആക്രമണമാണിതെന്നുമാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം. എന്നാല്‍ ആക്രമണവുമായി ബന്ധപ്പെട്ട് 18 കര്‍ണിസേന പ്രവര്‍ത്തകരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബുധനാഴ്ചയാണ് ഗുരുഗ്രാമില്‍ സ്‌കൂള്‍ ബസ് ആക്രമിക്കപ്പെട്ടത്. സ്‌കൂള്‍ ബസിന് കല്ലെറിഞ്ഞ് വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും പരിക്കേല്‍പ്പിക്കുകയായിരുന്നു.