ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്‌ ജീവന്‍ മരണ പോരാട്ടം: കെ.സുധാകരന്‍

0
843

എം.മനോജ്‌ കുമാര്‍

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ നടക്കുക ഉപതിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ജീവന്‍ മരണ പോരാട്ടമായിരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്‌
കെ.സുധാകരന്‍ 24 കേരളയോട് പറഞ്ഞു.

ശോഭനാ ജോര്‍ജ് ഉള്‍പ്പെടെയുള്ള, കോണ്‍ഗ്രസുമായും യുഡിഎഫുമായും അടുപ്പമുള്ളവരെ സമന്വയിപ്പിച്ചു കൊണ്ടുപോകുന്ന തന്ത്രമായിരിക്കും ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് പിന്തുടരുകയെന്നും കെ.സുധാകരന്‍ പറഞ്ഞു.

നിലവില്‍ ശോഭനാ ജോര്‍ജ് കോണ്‍ഗ്രസിന് പുറത്താണ്. കോണ്‍ഗ്രസില്‍ നിന്നും അകന്നു കഴിയുന്ന എല്ലാവരെയും പാര്‍ട്ടി മുന്‍കൈ എടുത്ത് ഒപ്പം നിര്‍ത്തും.

കെ.എം.മാണിയെ തിരിച്ചുകൊണ്ടുവരാനും കോണ്‍ഗ്രസ് ശ്രമിക്കുമെന്ന് സുധാകരന്‍ വ്യക്തമാക്കി.
യുഡിഎഫില്‍ മാണി ഉണ്ടാവണമെന്നാണ് കോണ്‍ഗ്രസിന്റെ ആഗ്രഹം.

യുഡിഎഫിലേയ്ക്കുള്ള തിരിച്ചുവരവിനായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ മാണിയുമായി സംസാരിക്കും. യുഡിഎഫില്‍ നിന്ന് ആര് പോയാലും മുന്നണി എന്ന നിലയില്‍ യുഡിഎഫിനു നഷ്ടം തന്നെയാണ്. ജെഡിയുവും കേരളാ കോണ്‍ഗ്രസും യുഡിഎഫ് വിട്ടുപോയതിനെക്കുറിച്ച് കെ.സുധാകരന്‍ പറഞ്ഞു.

മുന്നണി വിടുന്നത് ഏത് പാര്‍ട്ടിയായാലും, അത് ചെറുതോ വലുതോ ആകട്ടെ, അതൊരു നഷ്ടം തന്നെയാണ്. കോണ്‍ഗ്രസ് ആണ് മുന്നണിയെ നയിക്കുന്നത്. അപ്പോള്‍ ഘടകകക്ഷി നേതാക്കളെ ഒന്നിച്ചു നിര്‍ത്തേണ്ടതും
വിട്ടുപോയവരെ തിരിച്ചെത്തിക്കേണ്ടതും കോണ്‍ഗ്രസിന്റെ ബാധ്യതയാണ്. ജനാധിപത്യ സംവിധാനത്തില്‍ ഓരോ ചെറിയ പാര്‍ട്ടിയ്ക്കും അവരവരുടേതായ റോളുണ്ട്.

ഓരോ ചെറിയ പാര്‍ട്ടിയ്ക്കും അവരവരുടേതായ വോട്ട് ബാങ്കുണ്ടാകും. നിസാര വോട്ടുകളാണെങ്കിലും അത് ഓരോ മണ്ഡലത്തിലും നിര്‍ണായകമായിരിക്കും. തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ ആ വോട്ടുകള്‍ക്ക് കഴിയും. ഭരണം ചിലപ്പോള്‍ നിലനില്‍ക്കുക രണ്ടോ മൂന്നോ സീറ്റിന്റെ ഭൂരിപക്ഷത്തിനായിരിക്കും. ആയിരം വോട്ടുകളുടെ വ്യത്യാസത്തില്‍ ഗുജറാത്തില്‍ കോണ്‍ഗ്രസിന് കുറെ സീറ്റുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്.

ആറായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തോല്‍ക്കുകയാണെങ്കില്‍ ആറായിരം വോട്ടുള്ള ആ പാര്‍ട്ടി അവിടെ നിര്‍ണായകമല്ലെ. അത് ഓര്‍ക്കണം. എന്‍സിപി കൂടി കോണ്‍ഗ്രസിനൊപ്പം ഉണ്ടായിരുന്നെങ്കില്‍ ഗുജറാത്തിലെ ഫലം മാറിയേനെ.

ഗുജറാത്തിലെ ഫലം മാറിയിരുന്നെങ്കില്‍
അത് ഇന്ത്യയിലെ മൊത്തം രാഷ്ട്രീയ അവസ്ഥ തന്നെ മാറ്റി മറിക്കുമായിരുന്നു. ചെറിയ വ്യത്യാസങ്ങള്‍ മതി തിരഞ്ഞെടുപ്പില്‍ ഫലങ്ങള്‍ മാറി മറിയാന്‍. ഇത്തരം ഘടകങ്ങള്‍ ചെങ്ങന്നൂരില്‍ പാര്‍ട്ടി പരിഗണിക്കുമെന്നും കെ.സുധാകരന്‍ പറഞ്ഞു.