ചെങ്ങന്നൂര്‍ സീറ്റ്‌ തിരികെ പിടിക്കാന്‍ കോണ്‍ഗ്രസ് ; വരാനിരിക്കുന്നത് തീ പാറുന്ന രാഷ്ട്രീയ പോരാട്ടം

0
607

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: എന്തുവന്നാലും ചെങ്ങന്നൂര്‍ നിയമസഭാ സീറ്റ് തിരിച്ചുപിടക്കണമെന്ന കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതി തീരുമാനം മണ്ഡലത്തില്‍ ശക്തമായ രാഷ്ട്രീയ പോരാട്ടത്തിന്‌ വഴിയൊരുക്കും. ചെങ്ങന്നൂര്‍ എംഎല്‍എയായിരുന്ന രാമചന്ദ്രന്‍ നായരുടെ വിയോഗത്തെ തുടര്‍ന്നാണ് സീറ്റ് ഒഴിവുവന്നത്. പതീറ്റാണ്ടുകളുടെ ഇടവേളയ്ക്ക് ശേഷമാണ് സിപിഎം രമാചന്ദ്രന്‍ നായരിലൂടെ ചെങ്ങന്നൂര്‍ സീറ്റ് പിടിച്ചെടുത്തത്. എന്നാല്‍ കൈവിട്ടുപോയ സീറ്റ് തിരിച്ചുപിടിക്കാനുള്ള സുവര്‍ണാവസരമായാണ് കോണ്‍ഗ്രസ് ഇപ്പോള്‍ അതിനെ കാണുന്നത്.

എണ്ണായിരത്തില്‍ താഴെ വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ പി.സി.വിഷ്ണുനാഥ് ചെങ്ങന്നൂരില്‍ പരാജയപ്പെട്ടത്. കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥിയായ ശോഭനാ ജോര്‍ജ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ നിന്നും നേടിയ നാലായിരം വോട്ടുകളാണ് പി.സി.വിഷ്ണുനാഥ് പരാജയപ്പെടാന്‍ മുഖ്യകാരണം. ശോഭനാ ജോര്‍ജിനെ അനുനയിപ്പിച്ചോ കോണ്‍ഗ്രസില്‍ തിരിച്ചെ ടുത്തോ ചെങ്ങന്നൂര്‍ തിരികെ നേടാനാണ് കോണ്‍ഗ്രസ് പദ്ധതിയിടുന്നത്.

രാമചന്ദ്രന്‍ നായരുടെ അനുസ്മരണ സമ്മേളനത്തില്‍ ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്റെ പ്രസംഗവും കോണ്‍ഗ്രസ് നീക്കങ്ങള്‍ക്ക്‌ പ്രേരണയായിട്ടുണ്ട്. ശോഭനാ ജോര്‍ജ് നേടിയ 4000 വോട്ടുകള്‍ ആണ് ചെങ്ങന്നൂര്‍ ഇതാദ്യമായി സിപിഎമ്മിന് നേടികൊടുത്തത് എന്നാണ് സജി ചെറിയാന്‍ പ്രസംഗിച്ചത്. സജി ചെറിയാന്റെ പ്രസംഗത്തിലും എന്ത് വിലകൊടുത്തും ചെങ്ങന്നൂര്‍ സിപിഎം തന്നെ നേടും എന്ന സൂചനകളുണ്ടായിരുന്നു. ചെങ്ങന്നൂരില്‍ ആരാണ് സ്ഥാനാര്‍ഥി എന്ന കാര്യത്തില്‍ സിപിഎം തീരുമാനത്തിലെത്തിയിട്ടില്ല.

ഇതോടെ രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധ ചെങ്ങന്നൂരിലേയ്ക്ക്‌ തിരിയുകയാണ്. ചെങ്ങന്നൂര്‍ കടുത്ത രാഷ്ട്രീയ മത്സരത്തിനു തന്നെ വേദിയാകും. ഇത് മനസിലാക്കിയാണ് ശോഭനാ ജോര്‍ജിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഒപ്പം കെ.എം.മാണിയെ യുഡിഎഫില്‍ തിരികെ കൊണ്ടുവരിക എന്നതിലും കോണ്‍ഗ്രസ് കാര്യമായി ശ്രദ്ധിക്കുന്നുണ്ട്.

കേരള കോണ്‍ഗ്രസിന് നാലായിരം വോട്ടുകള്‍ ചെങ്ങന്നൂരിലുണ്ട് എന്നാണ് കോണ്‍ഗ്രസ് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നത്. ഈ നാലായിരം വോട്ടുകളും കഴിഞ്ഞ തവണ ശോഭന നേടിയ വോട്ടുകളും കൂടി സംഘടിപ്പിക്കാന്‍ കഴിഞ്ഞാല്‍ വരുന്ന തിരഞ്ഞെടുപ്പില്‍ ചെങ്ങന്നൂര്‍ പിടിക്കാം. ഇതാണ് കോണ്‍ഗ്രസ് പദ്ധതി.

വിഷ്ണുനാഥ് തന്നെ സ്ഥാനാര്‍ത്ഥിയാകാനാണ് സാധ്യതയെന്നാണ്‌ കോണ്‍ഗ്രസ് വൃത്തങ്ങള്‍ 24 കേരളയോട് പ്രതികരിച്ചത്. കഴിഞ്ഞ തവണ വിഷ്ണുനാഥ് ആണ് മത്സരിച്ചത്. വിഷ്ണുനാഥിനെ മാറ്റുന്നത് ഉമ്മന്‍ചാണ്ടിയുടെയും എ ഗ്രൂപ്പിന്റെയും എതിര്‍പ്പിനു ഇടയാക്കും. നിലവില്‍ എഐസിസി സെക്രട്ടറിയാണ് അദ്ദേഹം.

വിഷ്ണുനാഥിനു പകരം ശോഭനാ ജോര്‍ജ് മത്സരിക്കുകയാണെങ്കില്‍ അനായാസം ചെങ്ങന്നൂര്‍ കോണ്‍ഗ്രസിന് ലഭിക്കും എന്ന് ഉന്നത കോണ്‍ഗ്രസ് നേതാവ് 24 കേരളയോട് പറഞ്ഞു. 1991 മുതല്‍ 2001 വരെ ശോഭനാ ജോര്‍ജ് ജയിച്ചുകൊണ്ടിരുന്ന
മണ്ഡലമായിരുന്നു ചെങ്ങന്നൂര്‍. അതുകൊണ്ട് തന്നെ ശോഭനയ്ക്ക് ചെങ്ങന്നൂരില്‍ ശക്തമായ സ്വാധീനമുണ്ട്. പക്ഷെ നിലവില്‍ ശോഭന കോണ്‍ഗ്രസിന് പുറത്താണ്. ശോഭന കോണ്‍ഗ്രസിലേക്ക് തിരിച്ചു വരണം. അതിനൊക്കെ സമയം പിടിക്കും – ഉന്നത കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

ഇടതുപക്ഷത്തേയ്ക്ക്‌ കണ്ണും നട്ടാണ്‌ കെ.എം.മാണിയും കേരള കോണ്‍ഗ്രസും നില്‍ക്കുന്നതെങ്കിലും മാണിയെ യുഡിഎഫിലേയ്ക്ക് മടക്കികൊണ്ടുവരാന്‍ കഴിയും എന്ന പ്രതീക്ഷ കോണ്‍ഗ്രസ് കൈവിട്ടിട്ടില്ല. മുന്നണിയെ നയിക്കുന്ന കക്ഷിയെന്ന നിലയില്‍ കോണ്‍ഗ്രസ് തന്നെയാണ് മാണിയെ തിരികെ കൊണ്ടുവരേണ്ടത് എന്ന ചര്‍ച്ചകള്‍ക്കാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ മുന്‍തൂക്കം ലഭിച്ചത്.

മാണി യുഡിഎഫിന്റെ അവിഭാജ്യഘടകമായിരുന്നു. നിലവിലെ രാഷ്ട്രീയ അവസ്ഥയില്‍ മാണിയെ തിരികെ യുഡിഎഫില്‍ എത്തിക്കണം. മാണിയെ തിരികെക്കൊണ്ടുവരാൻ മുതിർന്ന കോൺഗ്രസ് നേതാക്കൾ തന്നെ ചർച്ച നടത്തും.

ജെഡിയു യുഡിഎഫ് വിട്ടത് യുഡിഎഫിനു ക്ഷീണമായി എന്നും വിലയിരുത്തപ്പെട്ടു. പക്ഷെ രാഷ്ട്രീയ കാരണങ്ങള്‍ ഒന്നും തന്നെ ഇല്ലാതിരുന്നതിനാല്‍ ജെഡിയുവിനെ മുന്നണിയില്‍ പിടിച്ചുനിര്‍ത്തുക പ്രയാസമായ കാര്യമാമായിരുന്നെന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നു. മാണിയെ തിരികെ എത്തിക്കല്‍, ചെങ്ങന്നൂരിലെ തിരഞ്ഞെടുപ്പ് വിജയം. ഈ കാര്യങ്ങളില്‍ ഊന്നി നീങ്ങാനാണ് കോണ്‍ഗ്രസ് തീരുമാനം.