തലച്ചോറില്ലാത്ത ആളാണ് അമിത് ഷായെന്ന് സിദ്ധരാമയ്യ

0
47

ബംഗളൂരു: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കെതിരെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്ത്. തലച്ചോറില്ലാത്ത ആളാണ് അമിത് ഷായെന്നായിരുന്നു സിദ്ധരാമയ്യയുടെ പരിഹാസം. സിദ്ധരാമയ്യക്കെതിരെ അമിത് ഷാ നടത്തിയ അഴിമതിക്കാരന്‍ പരാമര്‍ശത്തിനുള്ള മറുപടിയായാണ് അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്.

മുമ്പ് ഇരുമ്പ് കൂട്ടില്‍ കിടന്ന കിളിയായ അദ്ദേഹം കര്‍ണാടക മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി മറ്റൊരു ജയില്‍ കിളിയെ കൊണ്ടുവരികയാണെന്നും സിദ്ധരാമയ്യ പരിഹസിച്ചു. തനിക്കും തന്റെ സര്‍ക്കാരിനുമെതിരേ അമിത് ഷാ ഉയര്‍ത്തുന്ന അഴിമതി ആരോപണങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കില്ലെന്നും സിദ്ധരാമയ്യ ട്വിറ്ററില്‍ കുറിച്ചു.

ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് സൊഹ്‌റാബുദ്ദീന്‍ ഷെയ്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷാ ജയിലില്‍ കഴിഞ്ഞിരുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാകടയിലെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി അമിത് ഷാ ഉയര്‍ത്തിക്കാട്ടുന്നത് ബി.എസ്.യെദിയൂരപ്പയെ ആണ്. സാമ്പത്തിക നേട്ടത്തിനായി അനധികൃതമായി ഭൂമി പതിച്ച് നല്‍കിയതിന് ജയിലില്‍ കഴിഞ്ഞിട്ടുള്ള വ്യക്തിയാണ് യെദിയൂരപ്പയും. ഇതാണ് സിദ്ധരാമയ്യ ചൂണ്ടിക്കാട്ടുന്നത്.

അമിത് ഷാ ഇന്നലെ മൈസൂരുവില്‍ നടത്തിയ റാലിയിലാണ് സിദ്ധരാമയ്യയെ അഴിമതിക്കാരനെന്ന് ആക്ഷേപിച്ചത്. ‘സിദ്ധരാമയ്യ എന്നാല്‍ അഴിമതി, അഴിമതി എന്നാല്‍ സിദ്ധരാമയ്യ’ എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.