തുല്യതാ സര്‍ട്ടിഫിക്കറ്റ്: അധ്യാപകര്‍ തൊഴില്‍ നഷ്ട ഭീതിയില്‍

0
79

അജ്മാന്‍: സര്‍ട്ടിഫിക്കറ്റുകളുടെ അംഗീകാരവുമായി ബന്ധപ്പെട്ട വിഷയങ്ങളെ തുടര്‍ന്ന് ഇന്ത്യന്‍ അധ്യാപകര്‍ തൊഴില്‍നഷ്ട ഭീതിയില്‍. സ്വകാര്യ കോളേജുകളിലും വിദൂര വിദ്യാഭ്യാസ മാര്‍ഗത്തിലുമായി വിവിധ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ അധ്യാപകരാണ് തൊഴില്‍ ഭീഷണി നേരിടുന്നത്. രാജ്യത്തെ വിദ്യാഭ്യാസ വകുപ്പ് നിഷ്‌കര്‍ഷിക്കുന്ന യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പിക്കാന്‍ സാധിക്കാത്തതാണ് ഇവരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഇതെ തുടര്‍ന്ന് ജോലിയില്‍ നിന്ന് പിരിട്ടുവിടല്‍ നേരിടുകയാണ് നിരവധി അധ്യാപകര്‍.

അതേസമയം സര്‍ക്കാര്‍ കോളജുകളില്‍ റെഗുലറായി പഠനം നടത്തിയവര്‍ക്ക് ഇത് ബാധകമല്ല. രാജ്യത്ത് നിന്ന് പൂര്‍ത്തിയാക്കി ഹയര്‍സെക്കന്‍ഡറി, ബിരുദം, പ്രൊഫഷനല്‍ യോഗ്യത എന്നീ സര്‍ട്ടിഫിക്കേറ്റുകള്‍ ഗള്‍ഫ് രാജ്യങ്ങളിലെ വിദ്യാഭ്യാസ യോഗ്യതയുമായി തുല്യതപ്പെട്ടതാണെന്ന സര്‍ട്ടിഫിക്കറ്റ് അവിടങ്ങളിലെ വിദ്യാഭ്യാസ മന്ത്രാലയം കൂടി അംഗീകരിക്കേണ്ടതുണ്ട്. (ഈക്വലന്‍സി സര്‍ട്ടിഫിക്കറ്റ്). ഇതിനായി ബിരുദം മുതല്‍ മുകളിലേക്കുള്ള യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ശരിയായതാണോ (ജെന്യൂനിറ്റി) എന്ന് പരിശോധിക്കാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പ്രത്യേകം അപേക്ഷ നല്‍കണം. ഇവ പരിശോധിച്ച് ജെന്യൂയിന്‍ ആണെന്ന് സാക്ഷ്യപത്രം കിട്ടിയ ശേഷം യു എ ഇയിലെ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലില്‍ അപക്ഷ സമര്‍പിക്കണം. തുടര്‍ന്ന് ഇവിടെ നിന്നും തുല്യത സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതോടെയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നത്.

ഇപ്രകാരം ലഭിക്കുന്ന ജെന്യൂനിറ്റി സര്‍ട്ടിഫിക്കറ്റില്‍ മോഡ് ഓഫ് സ്റ്റഡി എന്ന ഭാഗത്ത് പ്രൈവറ്റ് രജിസ്‌ട്രേഷന്‍, ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍ എന്നിങ്ങനെ രേഖപ്പെടുത്തപ്പെടും. ഇത്തരത്തിലുള്ള അധ്യാപകര്‍ക്കാണ് ജോലി നഷ്ടം സംഭവിക്കുക.