നന്തന്‍കോട് കൂട്ടകൊലക്കേസിലെ പ്രതി കേദലിന്റെ നില ഗുരുതരമായി തുടരുന്നു

0
74

തിരുവനന്തപുരം: നാടിനെ നടുക്കിയ നന്തന്‍കോട് കൂട്ടകൊലക്കേസിലെ പ്രതി കേദല്‍ ജിന്‍സണ്‍ രാജിന്റെ നില ഗുരുതരമായി തുടരുന്നു. കഴിഞ്ഞ ദിവസം ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ആരോഗ്യനില വഷളായ കേദലിനെ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വെന്റിലേറ്റര്‍ സംവിധാനത്തിന്റെ സഹായത്തോടെയാണ് ചികിത്സ പുരോഗമിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
പൂജപ്പര സെന്‍ട്രല്‍ ജയിലിലെ വിചാരണ തടവുകാരനായ കേദല്‍ ജിന്‍സണ്‍ രാജയെ കഴിഞ്ഞ ദിവസമാണ് വായില്‍ നിന്ന് നുരയും പതയും വന്ന അവസ്ഥയില്‍ സെല്ലില്‍ കാണപ്പെട്ടത്. തുടര്‍ന്ന് ജയില്‍ അധികൃതര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ജന്നി ഉണ്ടായതിനെ തുടര്‍ന്ന് ഭക്ഷണം ശ്വാസകോശത്തില്‍ കുടുങ്ങിയതാണ് ആരോഗ്യനില വഷളാകാന്‍ കാരണമെന്നാണ് ജയില്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം.
കഴിഞ്ഞ ജൂലൈ 18 നാണ് കേദലിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചത്. മാനസിക രോഗത്തിനുള്ള ചികിത്സയുടെ ഭാഗമായുള്ള മരുന്നുകളും ഇദ്ദേഹം കഴിക്കുന്നുണ്ട്. എന്നാല്‍ ഇവിടെ എത്തിയ ശേഷം കേദല്‍ ആദ്യമായാണ് ഇത്തരം അസ്വസ്ഥത പ്രകടിപ്പിക്കുന്നതെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. അച്ഛനെയും അമ്മയെയും സഹോദരിയെയും ഉള്‍പ്പടെ നാല് പേരെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുകയാണ് കേദല്‍ ജിന്‍സണ്‍ രാജ.