പാ രഞ്ജിത്തിന്റെ പുതിയ സിനിമയില്‍ ജിഗ്നേഷ് മേവാനി അതിഥി താരം

0
71

പാ രഞ്ജിത്തിന്റെ പുതിയ സിനിമയില്‍ ദലിത് നേതാവും എംഎല്‍എയുമായ ജിഗ്നേഷ് മേവാനി അതിഥി താരമായെത്തുന്നു.

പൊങ്കല്‍ ദിവസമായ ജനുവരി 14ന് താന്‍ അദ്ദേഹവുമായി സംസാരിച്ചെന്നും ഒരു അതിഥി വേഷം വാഗ്ദാനം ചെയ്തപ്പോള്‍ അത് അംഗീകരിക്കുകയായിരുന്നുവെന്നും മേവാനി പറഞ്ഞു. ചെന്നൈയിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. യുവ നേതാവിനൊപ്പമുള്ള തന്റെ കൂടിക്കാഴ്ച വല്ലാത്തൊരു അനുഭവമായിരുന്നുവെന്നാണ് പാ രഞ്ജിത്ത് പറയുന്നത്. ദലിതരുടെ അവകാശങ്ങള്‍ ഉള്‍പ്പെടെ ഇപ്പോള്‍ ചര്‍ച്ചയിലിരിക്കുന്ന പല വിഷയങ്ങളും ഞങ്ങള്‍ സംസാരിച്ചു.

പാ രഞ്ജിത്തിനെ പോലൊരു സംവിധായകന്റെ സിനിമയില്‍ അഭിനയിക്കുന്നതിന്റെ അമ്പരപ്പിലാണ് മേവാനി. പൊങ്കലിന് അദ്ദേഹം ക്ഷണിച്ചിട്ടാണ് അവിടെ പോയത്. അപ്രതീക്ഷിതമായിട്ടാണ് ഒരു അതിഥി വേഷം വാഗ്ദാനം ചെയ്തത് – മേവാനി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

ഗുജറാത്തിലെ വദ്ഗാമില്‍ നിന്നുള്ള എംഎല്‍എയായ മേവാനി ദലിതര്‍ക്ക് വേണ്ടി നടത്തുന്ന പോരാട്ടങ്ങള്‍ തന്നെ ഏറെ ആകര്‍ഷിച്ചുവെന്നും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് ഇണങ്ങുന്ന കഥാപാത്രമാണ് സിനിമയിലേതെന്നും രഞ്ജിത്ത് പറഞ്ഞു.

രജനിയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ഡബ്ബിംഗ് ജോലികള്‍ പുരോഗമിക്കുകയാണ്.