പൊതുഭരണ വകുപ്പിന്റെ സര്‍ക്കുലര്‍ അവഗണിച്ച് മോഹന്‍ ഭഗവത് പാലക്കാട്ടെ സ്‌കൂളില്‍ പതാക ഉയര്‍ത്തി

0
85

പാലക്കാട്: പാലക്കാട് കല്ലേക്കാട് വ്യാസവിദ്യാപീഠം സ്‌കൂളില്‍ ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭഗവത് ദേശീയ പതാക ഉയര്‍ത്തി. ദേശീയ പതാക ഉയര്‍ത്തുന്നത് സംബന്ധിച്ച വിവാദങ്ങള്‍ക്കിടെയാണ് മോഹന്‍ ഭഗവത് പാലക്കാട് നടന്ന റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ പതാക ഉയര്‍ത്തിയത്. രാവിലെ 9.10 നായിരുന്നു പതാക ഉയര്‍ത്തല്‍. ചടങ്ങിന് പൊലീസ് വന്‍സുരക്ഷ ഒരുക്കിയിരുന്നു.

വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ സ്‌കൂള്‍ മേധാവികളാണ് പതാക ഉയര്‍ത്തേണ്ടതെന്നുള്ള പൊതുഭരണവകുപ്പിന്റെ സര്‍ക്കുലറിനെ അവഗണിച്ചാണ് മോഹന്‍ ഭഗവത് ദേശീയ പതാക ഉയര്‍ത്തിയത്. വ്യാസവിദ്യാപീഠം സ്‌കൂള്‍ സിബിഎസ്ഇ യ്ക്ക് കീഴിലായതിനാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം കാര്യമാക്കേണ്ടതില്ലെന്നാണ് ആര്‍എസ്എസ് വാദം. സര്‍ക്കുലര്‍ ദേശീയ പതാക ഉയര്‍ത്തുന്നതിനുള്ള കോഡിന്റെ ലംഘനമാണെന്നും സംഘടനാനേതാക്കള്‍ ആരോപിച്ചു. ഇന്നലെ രാത്രി 11.30ന് വ്യാസവിദ്യാപീഠത്തിലെത്തിയ മോഹന്‍ ഭഗവത് ഇന്നുമുതല്‍ മൂന്നുദിവസം ഇവിടെ നടക്കുന്ന ആര്‍എസ്എസ് പ്രാന്തീയ (സംസ്ഥാന) കാര്യകര്‍തൃശിബിരത്തില്‍ മുഴുവന്‍ സമയവും പങ്കെടുക്കും.

പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ സ്‌കൂള്‍ അധികൃതരെ കൂടാതെ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ആര്‍എസ്എസ് സംസ്ഥാന നേതാക്കള്‍, ബിജെപി സംഘടനാ സെക്രട്ടറിമാര്‍, മറ്റു പരിവാര്‍ സംഘടനാ നേതാക്കള്‍ എന്നിവര്‍ ഉള്‍പ്പെടെ നേതാക്കളുടെ നീണ്ട നിരയുണ്ടായിരുന്നു. സര്‍ക്കുലറിന്റെ പശ്ചാത്തലത്തില്‍ പതാക ഉയര്‍ത്തല്‍ വിവാദമായതോടെ പരിപാടി റിപ്പോര്‍ട്ട് ചെയ്യാന്‍ ദേശീയ മാധ്യമങ്ങളുടെ പ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു.

കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ ഭഗവത് മൂത്താന്തറ കര്‍ണ്ണകയമ്മന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയതും അതിനെതിരെ വിദ്യാഭ്യാസവകുപ്പ് സ്വീകരിച്ച നടപടികളും ദേശീയതലത്തില്‍ തന്നെ രാഷ്ട്രീയ വിവാദമായിരുന്നു. മോഹന്‍ ഭഗവത് പതാക ഉയര്‍ത്തുമെന്ന് സൂചന ലഭിച്ച സാഹചര്യത്തില്‍ 14ന് രാത്രി ചടങ്ങ് തടഞ്ഞുകൊണ്ട് ജില്ലാ അധികൃതര്‍ സ്‌കൂള്‍ അധികൃതര്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍, ഭഗവത് സ്‌കൂളില്‍ പതാക ഉയര്‍ത്തി. എന്നിട്ടും, ആര്‍ക്കെതിരെയും നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

സ്വാതന്ത്ര്യ ദിനാഘോഷം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുവന്ന് ആരോപിച്ച് ബിജെപി ജില്ലാ പ്രസിഡന്റ് ഇ.കൃഷ്ണദാസ് പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും നല്‍കിയ പരാതിയില്‍ പ്രധാനമന്ത്രിയുടെ ഒാഫിസ് ചീഫ് സെക്രട്ടറിയില്‍ നിന്ന് വിശദീകരണം തേടിയിരുന്നു. എന്നാല്‍ നാലുമാസം കഴിഞ്ഞാണ് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നതായി പ്രിന്‍സിപ്പല്‍ സെക്രട്ടറി പരാതിക്കാരന് മറുപടി നല്‍കിയത്. അന്വേഷണത്തിന് ഡിജിപിയെയും വിദ്യഭ്യാസ വകുപ്പിനെയും ചുമതലപ്പെടുത്തിയതായും അറിയിപ്പില്‍ പറയുന്നു.