മകന്‍ കുറ്റം ചെയ്‌തെങ്കില്‍ നടപടി നേരിടട്ടെ: വിജയന്‍ പിള്ള

0
54

കൊല്ലം: മകന്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ നടപടി നേരിടട്ടെയെന്ന് ചവറ എംഎല്‍എ എന്‍. വിജയന്‍പിളള. പ്രശ്‌നങ്ങളെക്കുറിച്ച് മകനോട് ചോദിച്ചിരുന്നെന്നും എന്നാല്‍ അച്ഛന്‍ ഇടപെടേണ്ട എന്നാണ് പറഞ്ഞതെന്നും
അദ്ദേഹം പറഞ്ഞു. രാഹുല്‍ കൃഷ്ണയുമായി ബന്ധപ്പെട്ടവര്‍ ഒരു തവണ തന്നെ വന്നു കണ്ടിരുന്നതായും എംഎല്‍എ സ്ഥിരീകരിച്ചു.

അതേസമയം, മകന്റെ ഇടപാടുകളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മക്കളെ മോശമായിട്ടല്ല വളര്‍ത്തിയത്. പ്രായപൂര്‍ത്തിയായ മക്കള്‍ എന്തെങ്കിലും ചെയ്താല്‍ അത് അവര്‍ നോക്കുമെന്നും എംഎല്‍എ പറഞ്ഞു. ബിനോയ് കോടിയേരിക്ക് സിപിഎം നല്കിയ പോലുള്ള പിന്തുണ തന്റെ മകന് ലഭിക്കാത്തതില്‍ വിജയന്‍പിള്ളയ്ക്ക് പരാതിയുണ്ട്. ബിനോയ് കോടിയേരിയും ശ്രീജിത്ത് വിജയനും കോടികള്‍ തട്ടിച്ചെന്ന പരാതിയാണ് സിപിഎം നേതൃത്വത്തിന് ലഭിച്ചത്. എന്നാല്‍ ബിനോയിക്ക് അനുകൂലമായ നടപടികള്‍ വളരെ വേഗമുണ്ടായി. കേസില്ലെന്ന് ദുബായ് കോടതിയും പൊലീസും അറിയിച്ചു. പക്ഷെ, ശ്രീജിത്തിന്റെ കാര്യത്തില്‍ ഇതുവരെയും വ്യക്തത വന്നിട്ടില്ല. നേരത്തെ ഇരുവര്‍ക്കുമെതിരെ പരാതിപ്പെട്ട രാഹുല്‍ കൃഷ്ണ ഇപ്പോള്‍ ശ്രീജിത്തിനെ മാത്രമാണ് കുറ്റപ്പെടുത്തുന്നത്.

അതേസമയം, ചെക്ക് മടങ്ങിയ കേസില്‍ രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചതിനെതിരെ വിജയന്‍ പിള്ള എംഎല്‍എ യുടെ മകന്‍ ശ്രീജിത് ദുബായ് കോടതിയെ സമീപിക്കും. തന്റെ വാദം കേള്‍ക്കാതെയാണ് ശിക്ഷ വിധിച്ചതെന്ന് ദുബായ് കോടതിയെ ബോധ്യപ്പെടുത്താനാണ് ശ്രമം. 2017 മേയ് 25നാണ് ശ്രീജിത്തിന് രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചത്. അതിനുമുന്‍പേ ശ്രീജിത്ത്‌ ദുബായില്‍നിന്ന് മടങ്ങിയെന്നാണ് വാദം. 11 കോടിയുടെ ചെക്ക് മടങ്ങിയെന്ന് കാണിച്ച് മലയാളി വ്യവസായി രാഖുല്‍ കൃഷ്ണയാണ് പരാതി നല്‍കിയത്. ശ്രീജിത്തിനെതിരെ മാവേലിക്കര കോടതിയിലും കേസ് നിലവിലുണ്ട്.