മോഹന്‍ ഭാഗവത് ദേശീയ പതാക ഉയർത്തിയതില്‍ അപാകതയില്ലെന്ന് കെ.വി.മോഹന്‍കുമാര്‍

0
122

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: ആര്‍എസ് എസ് തലവന്‍ മോഹന്‍ഭാഗവത് പാലക്കാട് കല്ലേക്കാട് വ്യാസവിദ്യാപീഠം സ്കൂളിലെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ ദേശീയ പതാക ഉയർത്തിയതില്‍ അപാകതയില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍കുമാര്‍ 24 കേരളയോടു പറഞ്ഞു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്കൂൾ മേധാവികളാണ്‌ പതാക ഉയര്‍ത്തേണ്ടതെന്ന് കാണിച്ച്‌ പൊതുഭരണ വകുപ്പ് കഴിഞ്ഞദിവസം സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ആ സര്‍ക്കുലര്‍ മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയ വ്യാസവിദ്യാപീഠം സ്‌കൂളിന്‌
ബാധകമല്ല.

വ്യാസവിദ്യാപീഠം സ്കൂൾ സിബിഎസ്ഇക്കു കീഴിലായതിനാല്‍ ഈ സര്‍ക്കുലര്‍ അവര്‍ക്ക് ബാധകമല്ല. സര്‍ക്കാര്‍ പരിധിയില്‍ വരാത്ത സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ ഇറക്കിയ സര്‍ക്കുലര്‍ ബാധകമല്ല. സിബിഎസ്ഇ സ്കൂളുകള്‍ സര്‍ക്കാര്‍ പരിധിയിലല്ല.

സര്‍ക്കുലര്‍ എയിഡഡ് സ്കൂളുകള്‍ക്കാണ് ബാധകം. അതുപോലെ തന്നെ സര്‍ക്കാരിന്റെ അധീനതയിലുള്ള മറ്റ് സ്കൂളുകള്‍ക്കും ബാധകമാണ്. പാലക്കാട്‌ കലക്ടറോട് ഈ കാര്യത്തില്‍ വിശദീകരണം തേടിയിരുന്നു. കളക്ടറും പറഞ്ഞത് സര്‍ക്കാര്‍ അധികാര പരിധിയില്‍ വരാത്ത സ്കൂള്‍ ആണ് പാലക്കാട് കല്ലേക്കാട് വ്യാസവിദ്യാപീഠം എന്നാണ്. ആ സ്കൂളില്‍ മോഹന്‍ ഭഗവത്‌ പതാക ഉയര്‍ത്തിയാല്‍ അത് സര്‍ക്കാരിനെ ബാധിക്കുന്ന കാര്യമല്ല – കെ.വി.മോഹന്‍കുമാര്‍ വിശദീകരിക്കുന്നു.

പതാക ഉയര്‍ത്തല്‍ വിവാദങ്ങള്‍ക്കിടയില്‍ ഒരു വെല്ലുവിളി പോലെ ഇന്ന്‌
രാവിലെയാണ് മേ‍ാഹൻ ഭഗവത് പാലക്കാട് കല്ലേക്കാട് വ്യാസവിദ്യാപീഠം സ്കൂളിലെ റിപ്പബ്ലിക് ദിനാഘേ‍ാഷ ചടങ്ങിൽ ദേശീയ പതാക ഉയർത്തിയത്. രാവിലെ 9.10 നായിരുന്നു പതാക ഉയർത്തൽ.

ചടങ്ങിന് വന്‍ സുരക്ഷയാണ് പൊലീസ് ഒരുക്കിയത്. മോഹന്‍ ഭാഗവത് പതാക ഉയര്‍ത്താതിരിക്കാന്‍ പൊതുഭരണ വകുപ്പ് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്കൂൾ മേധാവികളാണ്‌ പതാക ഉയര്‍ത്തേണ്ടതെന്ന്‌ കാണിച്ച്‌
കഴിഞ്ഞ ദിവസം സർക്കുലർ ഇറക്കിയിരുന്നു.

കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ മോഹന്‍ ഭാഗവത് മൂത്താന്തറ കര്‍ണകിയമ്മന്‍
ഹയർസെക്കൻഡറി സ്കൂളിൽ ദേശീയ പതാക ഉയർത്തിയത് ദേശീയ തലത്തില്‍ തന്നെ വിവാദമായിരുന്നു. മോഹന്‍ ഭാഗവത് പതാക ഉയര്‍ത്താതിരിക്കാന്‍ 14ന് അര്‍ദ്ധരാത്രി ചടങ്ങ് തടഞ്ഞ് ജില്ലാ അധികൃതര്‍ സസ്‌കൂള്‍ അധികൃതര്‍ക്ക് കത്ത് നല്‍കിയിരുന്നു.

എന്നാൽ ഭാഗവത് സ്കൂളിൽ പതാക ഉയർത്തി. അതുകൊണ്ടാണ്‌ ഇക്കുറി ആദ്യം തന്നെ സര്‍ക്കുലര്‍ ഇറക്കിയത്. പക്ഷെ മോഹന്‍ ഭാഗവത് വീണ്ടും പ്രകോപനപരമായ രീതിയില്‍ പതാക ഉയര്‍ത്തി. ഇതോടെയാണ് മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയ പാലക്കാട് കല്ലേക്കാട് വ്യാസവിദ്യാപീഠത്തിന്‌ സര്‍ക്കാര്‍ സര്‍ക്കുലര്‍ ബാധകമല്ല എന്ന് ചൂണ്ടിക്കാട്ടി പൊതുഭരണ വകുപ്പ് രംഗത്ത് വന്നിട്ടുള്ളത്.