റിപ്പബ്ലിക്ക് ദിനാഘോഷങ്ങള്‍ക്ക് തുടക്കമായി: 10 രാഷ്ട്രമേധാവിമാര്‍ അതിഥികളായെത്തും

0
59

ന്യൂഡല്‍ഹി: കനത്ത സുരക്ഷാ സന്നാഹങ്ങളോടെ രാജ്യം ഇന്ന് 69-ാം റിപ്പബ്‌ളിക് ദിനം ആഘോഷിക്കുന്നു. രാജ്പഥില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദേശീയ പതാക ഉയര്‍ത്തി. രാജ്പഥില്‍ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പത്ത് രാഷ്ട്രത്തലവന്മാര്‍ അതിഥികളായെത്തും. ഇന്ത്യാഗേറ്റിലെ അമര്‍ ജ്യോതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം അര്‍പ്പിച്ചു. അശോകചക്ര അടക്കമുള്ള സേനാ പുരസ്‌കാരങ്ങള്‍ രാഷ്ട്രപതി സമ്മാനിക്കും. തുടര്‍ന്ന് രാജ്പഥിലൂടെ കര-നാവിക-വ്യോമസേനകളുടെ പരേഡ് ഉണ്ടാകും. വിവിധ സംസ്ഥാനങ്ങളില്‍ രാവിലെ തന്നെ ആഘോഷ ചടങ്ങുകള്‍ക്ക് തുടക്കമായി.

അതേസമയം, ഇതാദ്യമായാണ് റിപ്പബ്ലിക് ദിന പരേഡിന് ഇന്ത്യ ഇത്രയേറെ രാഷ്ട്രത്തലവന്മാരെ ക്ഷണിക്കുന്നത്. ആസിയാന്‍ ഉച്ചക്കോടിക്ക് ശേഷമാണ് ബ്രൂണെയ്, കംബോഡിയ, സിംഗപ്പുര്‍, ലാവോസ്, ഇന്തൊനീഷ്യ, മലേഷ്യ, മ്യാന്‍മാര്‍, ഫിലിപ്പീന്‍സ്, തായ്ലന്‍ഡ്, വിയറ്റ്‌നാം എന്നീ രാഷ്ട്രമേധാവികള്‍ ഇന്ത്യയുടെ സൈനിക കരുത്തിനും സാംസ്‌ക്കാരിക വൈവിധ്യത്തിനും സാക്ഷികളാവുന്നത്.
ഇതിനിടെ, കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പരേഡ് വീക്ഷിക്കുന്നതിനായി മുന്‍ നിരയില്‍ സീറ്റ് നിഷേധിച്ചത് വിവാദമായി. ഇതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
രാജ്പഥില്‍ നടക്കുന്ന കലാവിരുന്ന് കേരളത്തിന്റെ സാംസ്‌ക്കാരിക വിരുന്നിനും വേദിയാകും.

പാക്കിസ്ഥാന്‍ പിന്തുണയോടെ ഭീകരര്‍ നുഴഞ്ഞു കയറുമെന്ന ഇന്റലിജന്റ്സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അതിര്‍ത്തിയില്‍ കനത്ത സുരക്ഷയാണ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അനിഷ്ട സംഭവങ്ങള്‍ക്കെതിരെയുള്ള മുന്‍കരുതലിന്റെ ഭാഗമായി കശ്മീരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തി. പതിനായിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ഡല്‍ഹിയില്‍ വിന്യസിച്ചിരിക്കുന്നത്. രാജ്പഥ് മുതല്‍ ചെങ്കോട്ട വരെയുള്ള എട്ടു കിലോമീറ്റര്‍ പരേഡ് വീഥിയിലുടനീളം ഷാര്‍പ് ഷൂട്ടര്‍മാര്‍ ഉള്‍പ്പെടെയാണ് സുരക്ഷയൊരുക്കിയിരിക്കുന്നത്. സിസിടിവി ക്യാമറകളിലൂടെ മുഴുവന്‍ സമയ നിരീക്ഷണവും ഉറപ്പാക്കും.