വധശിക്ഷ കാത്തുകഴിയുന്ന തടവുകാരുടെ എണ്ണത്തില്‍ ഉത്തര്‍പ്രദേശിനെ മറികടന്ന് മഹാരാഷ്ട്ര മുന്നില്‍

0
43

ന്യൂഡല്‍ഹി: വധശിക്ഷ കാത്തുകഴിയുന്ന തടവുകാരുടെ എണ്ണത്തില്‍ ഉത്തര്‍പ്രദേശിനെ മറികടന്ന് മഹാരാഷ്ട്ര മുന്നില്‍. ഡല്‍ഹി നാഷണല്‍ ലോ യൂണിവേഴ്സിറ്റി നടത്തിയ കണക്കെടുപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

കണക്കുകള്‍ പ്രകാരം 2017 അവസാനത്തോടെ 67 തടവുകാരാണ് മഹാരാഷ്ട്രയില്‍ വധശിക്ഷ കാത്തുകഴിഞ്ഞിരുന്നത്. മുന്‍ വര്‍ഷം ഇത് 47 ആയിരുന്നു. ഉത്തര്‍പ്രദേശില്‍ 65 പേരാണ് വധശിക്ഷ കാത്തു കഴിയുന്നത്. ഇത് ഒരു വര്‍ഷം മുമ്പ് 77 ആയിരുന്നു.

എന്നാല്‍ രാജ്യത്ത് വിചാരണ കോടതികള്‍ വധശിക്ഷ വിധിക്കപ്പെട്ടവരില്‍ 90 ശതമാനം പേരുടേയും ശിക്ഷ നടപ്പാകാറില്ലെന്നാണ് മുന്‍ വര്‍ഷത്തെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം വിചാരണ കോടതികള്‍ വധശിക്ഷ നല്‍കിയവരില്‍ 99 പേര്‍ മേല്‍ക്കോടതികളെ സമീപിച്ചപ്പോള്‍ 53 പേരുടെ ശിക്ഷ വെട്ടിക്കുറക്കുകയും 35 പേരെ വെറുതെ വിടുകയും ചെയ്തിട്ടുള്ളതായും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. വധശിക്ഷ നടപ്പാക്കിയവരില്‍ അധികവും ജമ്മു കശ്മീരില്‍ നിന്നുള്ളവരാണ്.