വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇസ്രയേലില്‍ ലിംഗവിവേചന മതില്‍

0
54

യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ ഇസ്രായേല്‍ സന്ദര്‍ശനത്തിനിടയില്‍ അപമാനിക്കപ്പെട്ട് വനിത മാധ്യമപ്രവര്‍ത്തകര്‍. ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നേത്യാനൂഹിന്റെ ഓഫീസില്‍ വച്ച് തിങ്കളാഴ്ച നടന്ന സുരക്ഷാ പരിശോധനയിലും ചൊവ്വാഴ്ച പെന്‍സിന്റെ വെസ്റ്റേണ്‍ വാള്‍ സന്ദര്‍ശന വേളയിലും വനിത മാധ്യമ പ്രവര്‍ത്തകര്‍ അപമാനിക്കപ്പെട്ടുവെന്നാണ് ആരോപണം.

നെതന്യാഹുവിന്റെ ഓഫീസില്‍ ഇരു നേതാക്കളും പങ്കെടുത്ത വാര്‍ത്താസമ്മേളനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ സുരക്ഷ ജീവനക്കാര്‍ അപമര്യാദയായി പെരുമാറുകയായിരുന്നു. പലസ്തീന്‍ വംശജയും ഫിന്‍ലന്റ് ഗവണ്‍മെന്റ് ടെലിവിഷന്‍ റിപ്പോര്‍ട്ടറുമായ യുവതിയോട്‌ ബ്രാ നീക്കി കാണിക്കാനാണ് സുരക്ഷാ വിഭാഗക്കാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിന് വിസമ്മതിച്ച മാധ്യമപ്രവര്‍ത്തകയെ വാര്‍ത്താസമ്മേളനം റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവദിച്ചില്ല.

ചൊവ്വാഴ്ച രാവിലെ ജൂതരുടെ പുണ്യസ്ഥലമായ പടിഞ്ഞാറന്‍ ഭിത്തിയില്‍ പെന്‍സ് പ്രാര്‍ത്ഥിക്കാന്‍ എത്തിയപ്പോഴാണ് രണ്ടാമത്തെ സംഭവം നടന്നത്. ജൂതര്‍ ടെംപിള്‍ മൗണ്ടെന്നും മുസ്ലീങ്ങള്‍ അല്‍-ഹരം അല്‍-ഷെരീഫെന്നും വിളിക്കുന്ന പ്രദേശത്തിന്റെ പുറം ഭിത്തിയാണ് പടിഞ്ഞാറന്‍ മതില്‍. ഇവിടെ പ്രാര്‍ത്ഥിക്കാനെത്തുന്ന പുരുഷന്മാരെയും സ്ത്രീകളെയും മതിലിന്റെ രണ്ട് വശത്ത് നിറുത്തിയാണ് പ്രാര്‍ത്ഥിക്കാന്‍ അവസരം നല്‍കുന്നത്. പെന്‍സ് പുരുഷന്മാര്‍ക്ക് നീക്കി വെച്ചിട്ടുള്ള ഭാഗത്ത് നിന്ന് പ്രാര്‍ത്ഥിച്ചപ്പോള്‍ പുരുഷ സഹപ്രവര്‍ത്തകരുടെ ക്യാമറകളും മൈക്കുകളും കാരണം മറുഭാഗത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്ത വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ചടങ്ങുകള്‍ വ്യക്തമായി കാണാന്‍ സാധിച്ചില്ലെന്നാണ് ആരോപണം.

2017 മേയില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പടിഞ്ഞാറന്‍ മതില്‍ സന്ദര്‍ശിച്ചപ്പോഴും സമാന സാഹചര്യമായിരുന്നു എന്നാണ് ഫൗണ്ടേഷന്‍ നല്‍കുന്ന ന്യായീകരണം. യുഎസ് വൈസ് പ്രസിഡന്റും ഭാര്യയും പടിഞ്ഞാറന്‍ മതില്‍ സന്ദര്‍ശിച്ചതിന്റെ പ്രാധാന്യത്തെ വഴിതെറ്റിക്കാനുള്ള ഏതൊരു ശ്രമവും അപലപനീയമാണെന്നും ഫൗണ്ടേഷന്‍ ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ ഇത്തരം വിവേചനങ്ങള്‍ക്കെതിരെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ #പെന്‍സ്‌ഫെന്‍സ് എന്ന പേരില്‍ ട്വിറ്ററില്‍ പ്രതിഷേധ പ്രചാരണങ്ങള്‍ ആരംഭിച്ചു.

വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പുരുഷ മാധ്യമ പ്രവര്‍ത്തകരുടെ പിന്നില്‍ നില്‍ക്കേണ്ടി വരുമ്പോള്‍ ജോലി ചെയ്യുക ബുദ്ധിമുട്ടാണെന്ന് ഐ24 ന്യൂസിന്റെ റിപ്പോര്‍ട്ടര്‍ അറിയാനെ മെനാജ് ട്വീറ്റ് ചെയ്തു.

 

പ്രാര്‍ത്ഥന സ്ഥലത്തെ തീവ്ര യാഥാസ്ഥിതിക വിഭാഗത്തിന്റെ കുത്തക അവസാനിപ്പിക്കേണ്ട കാലമായെന്ന് വുമണ്‍ ഓഫ് വാള്‍ എന്ന സംഘടന ചൂണ്ടിക്കാട്ടി. ഇസ്രായേലില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ ലോകത്തെമ്പാടുമുള്ള വനിതാ മാധ്യമ പ്രവര്‍ത്തകര്‍ ലിംഗവിവേചനത്തിന് ഇരയായിരിക്കുകയാണെന്നും സംഘടന ചൂണ്ടിക്കാട്ടി.

സംഭവത്തില്‍ നെതന്യാഹുവിന്റെ ഓഫീസ് ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. സ്ത്രീകളെ ബഹുമാനത്തോടെ പരിഗണിക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാവുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇസ്രായേലില്‍ ഔദ്യോഗിക ചടങ്ങുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യാനെത്തുന്ന വനിതാ റിപ്പോര്‍ട്ടര്‍മാരോട് വിവസ്ത്രരാകാന്‍ പറയുന്നത് ഇതാദ്യമല്ല. 2011ല്‍ ഒരു ചടങ്ങ് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ അല്‍ ജസീറയിലെ മാധ്യമ പ്രവര്‍ത്തകയോടും ബ്രാ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു.