വിക്കിലീക്ക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്‌ജെയുടെ ആരോഗ്യനില അതീവ ഗുരുതരം

0
49

ലണ്ടന്‍: ഇക്വഡോര്‍ എംബസിയില്‍ കഴിയുന്ന വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജെയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് ഡോക്ടര്‍മാര്‍. ലണ്ടനിലെ ഇക്വഡോര്‍ എംബസിയിലെ വര്‍ഷങ്ങളായുള്ള വാസം അദ്ദേഹത്തിന്റെ ശാരീരിക, മാനസിക ആരോഗ്യത്തെ തകര്‍ത്തുകൊണ്ടിരിക്കുകയാണെന്നും എത്രയും പെട്ടെന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടതായി ‘ദി ഗാര്‍ഡിയന്‍’ പത്രം റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ഒക്ടോബറില്‍ അസാഞ്ജെയെ പരിശോധിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് തങ്ങള്‍ക്ക് ബോധ്യമായതെന്ന് ബോസ്റ്റണ്‍ സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് മെഡിസില്‍ ആന്റ് പബ്ലിക് ഹെല്‍ത്തിലെ അസോസിയേറ്റ് പ്രൊഫസര്‍ സോണ്‍ട്ര കോര്‍സ്ബിയും ലണ്ടനിലെ കണ്‍സള്‍ട്ടന്റ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ബ്രോക്ക് ചിസ്ഹോള്‍മും ഗാര്‍ഡിയനില്‍ എഴുതിയ ലേഖനത്തില്‍ വെളിപ്പെടുത്തി. എംബസിയുടെ അടഞ്ഞ വാതിലുകള്‍ക്കുള്ളിലെ ദീര്‍ഘവാസം അദ്ദേഹത്തിന്റെ ശാരീരിക, മാനസിക ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചുണ്ട്. ആരോഗ്യപരിരക്ഷ ലഭ്യമാക്കാനുള്ള അസാഞ്ജെയുടെ മനുഷ്യാവകാശത്തിന്റെ ലംഘനമാിതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

അഞ്ചു വര്‍ഷമായി അസാഞ്ജെ ലണ്ടനിലെ ഇക്വഡോര്‍ എംബസിയുടെ അടഞ്ഞ വാതിലുകള്‍ക്ക് പിന്നില്‍ അഭയം തേടിയിരിക്കുകയാണ്. 2012ല്‍ ഒരു ലൈംഗിക അതിക്രമ കേസിനെ തുടര്‍ന്ന് രാജ്യത്ത് നിന്നും പുറത്താക്കാനുള്ള അഭ്യര്‍ത്ഥനയുമായി സ്വീഡന്‍ മുന്നോട്ട് വന്നത് മുതല്‍ അദ്ദേഹം ഇക്വഡോര്‍ എംബസിയില്‍ അഭയം നേടിയിരിക്കുകയാണ്. തോളെല്ലിന് പരിക്കേറ്റ അദ്ദേഹത്തിന് എംആര്‍ഐ സ്‌കാന്‍ നടത്താനുള്ള സൗകര്യം പോലും എംബസിയില്‍ ഇല്ല. കൂടാതെ ഗുരുതരമായ കരള്‍ രോഗവും അദ്ദേഹത്തിന് ഉണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.
അസാഞ്ജെയ്ക്ക് ആശുപത്രി ചികിത്സ ലഭ്യമാക്കുന്നതിനുള്ള സൗകര്യം ഒരുക്കണമെന്ന് നേരത്തെ ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും യുകെ സര്‍ക്കാര്‍ അത് തള്ളിക്കളഞ്ഞിരുന്നു. ഡോക്ടര്‍മാര്‍ പരിശോധന യന്ത്രങ്ങളുമായി എംബസി സന്ദര്‍ശിച്ച് അദ്ദേഹത്തിന് വേണ്ട ചികിത്സ നല്‍കിയാല്‍ മതിയെന്നാണ് യുകെ സര്‍ക്കാരിന്റെ നിലപാട്. യുകെ സര്‍ക്കാരിന്റെ ഈ നിലപാടിനെ തുടര്‍ന്ന് എംആര്‍ഐ സ്‌കാനിംഗ് നടത്താന്‍ പോലും സാധിക്കുന്നില്ല. യന്ത്രത്തിന്റെ വലിപ്പമാണ് പരിശോധനയ്ക്ക് തടസ്സം സൃഷ്ടിക്കുന്നത്. എംബസിയ്ക്ക് വെളിയില്‍ വന്നാല്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചതിന്റെ പേരില്‍ പോലീസ് അസാഞ്ജെയെ അറസ്റ്റ് ചെയ്യുമെന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ ഭയപ്പെടുന്നു. ലണ്ടന്‍ പോലീസ് അറസ്റ്റ് ചെയ്താല്‍ അദ്ദേഹത്തെ യുഎസിന് കൈമാറാനുള്ള സാധ്യതകള്‍ വര്‍ദ്ധിക്കുമെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. ഇറാഖ് യുദ്ധ രേഖകളും സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ സന്ദേശങ്ങളും ഉള്‍പ്പെടെയുള്ള രഹസ്യരേഖകള്‍ പരസ്യപ്പെടുത്തിയതിന്റെ പേരില്‍ യുഎസില്‍ അസാഞ്ജെയ്ക്ക് ദീര്‍ഘകാല തടവ് ശിക്ഷ ലഭിച്ചേക്കാം.
എന്നാല്‍ വിഷയത്തില്‍ ന്യായ പരിഹാരം കണ്ടെത്തുന്നതിന് ഇക്വഡോര്‍ എംബസി അധികൃതര്‍ യുകെ സര്‍ക്കാരുമായി ചര്‍ച്ചകളിലാണ്. അസാഞ്ജെയ്ക്ക് സുരക്ഷിതമായ വൈദ്യ പരിശോധന ലഭ്യമാക്കണമെന്നാണ് എംബസി അധികൃതര്‍ ആവശ്യപ്പെടുന്നത്. ഇതിനിടെ അസാഞ്ജെ പ്രശ്നം തങ്ങളുടെ പ്രധാന മുന്‍ഗണനകളില്‍ ഒന്നാണെന്ന് യുഎസ് അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. വിക്കി ലീക്സ് വിവരങ്ങള്‍ ചോര്‍ത്തിയത് സംബന്ധിച്ച് എഫ്ബിഐ അന്വേഷണം പുരോഗമിക്കുകയാണ്.