വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം: പാക് സൈനികര്‍ക്ക് മധുരം കൈമാറില്ലെന്ന് ബിഎസ്എഫ്

0
98

ചണ്ഡീഗഢ്: തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളെ തുടര്‍ന്ന് പാകിസ്ഥാന്‍ അതിര്‍ത്തി രക്ഷാ സൈനികര്‍ക്ക് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഇത്തവണ ആശംസയും മധുരവും കൈമാറില്ലെന്ന് ബി എസ് എഫ്.

ഇന്ത്യ-പാക് അതിര്‍ത്തി രക്ഷാ സൈനികര്‍ വര്‍ഷങ്ങളായി ഈദ്, ദീപാവലി, റിപ്പബ്ലിക് ദിനം, ഇരു രാജ്യങ്ങളുടെയും സ്വാതന്ത്ര്യദിനങ്ങള്‍ തുടങ്ങിയ അവസരങ്ങളില്‍ പരസ്പരം ആശംസകളും മധുരവും കൈമാറുന്ന പതിവ് നിലവിലുണ്ടായിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ മാസങ്ങളില്‍ പാകിസ്ഥാന്റെ ഭാഗത്തുനിന്ന് തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളുണ്ടായതിനെ തുടര്‍ന്നാണ് ഇത്തവണ ആശംസകളും മധുരവും കൈമാറുന്നില്ലെന്ന് ബിഎസ്എഫ് തീരുമാനിച്ചത്.

അതിര്‍ത്തിയിലും നിയന്ത്രണരേഖയിലും പാകിസ്ഥാന്‍ തുടര്‍ച്ചയായി നടത്തിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളില്‍ ഇന്ത്യന്‍ സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടിരുന്നു. ഇക്കാര്യം പാക് അധികൃതരെ അറിയിച്ചതായും ബിഎസ്എഫ് വൃത്തങ്ങള്‍ പറയുന്നു. ഇതിനു മുമ്പും ചില അവസരങ്ങളില്‍ പാകിസ്ഥാന്റെ അതിര്‍ത്തി രക്ഷാ സൈനികരുമായി മധുരം കൈമാറുന്നതിന് ബിഎസ്എഫ് വിസമ്മതിച്ചിരുന്നു. ഐഎഎന്‍എസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.