സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം; ബിനോയ് കോടിയേരിക്കെതിരായ ആരോപണം ചര്‍ച്ചയാകും

0
60

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. നിരവധി വിവാദങ്ങള്‍ക്ക് നടുവിലാണ് സമ്മേളനം തുടങ്ങുന്നത്. കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ ആരോപണവും പി.ജയരാജനെതിരെയുള്ള വ്യക്തി പൂജാ ആരോപണവും സമ്മേളനം ചര്‍ച്ച ചെയ്യും. നാളെ രാവിലെ മുതല്‍ കണ്ണൂര്‍ ഇ.കെ. നായനാര്‍ അക്കാദമിയില്‍ തുടങ്ങുന്ന പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

ബിനോയ് കോടിയേരിക്കെതിരെയുള്ള ആരോപണങ്ങള്‍ സംസ്ഥാന സെക്രട്ടറിയേറ്റ് തള്ളിക്കളഞ്ഞെങ്കിലും സംസ്ഥാന സെക്രട്ടറിയുടെ മകന്റെ ആഢംബരജീവിതം സമ്മേളനത്തില്‍ ചര്‍ച്ചയായേക്കും. തെറ്റുതിരുത്തല്‍ രേഖ അടിസ്ഥാനമാക്കിയായിരിക്കും ചര്‍ച്ച. അതേസമയം വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാണെന്ന് പരസ്യമായി പറഞ്ഞ പി.ജയരാജന്‍ ജില്ലയിലെ ഉള്‍പ്പാര്‍ട്ടി ബലംകൊണ്ട് സെക്രട്ടറി സ്ഥാനത്ത് തുടരാനാണ് സാധ്യത.

ജയരാജനെതിരെയുള്ള സംസ്ഥാന സമിതിയുടെ വിമര്‍ശന കുറിപ്പ് കോടിയേരി ബാലകൃഷ്ണന്‍ തന്നെ ജില്ലാ കമ്മിറ്റിയില്‍ അവതരിപ്പിച്ച് ചര്‍ച്ചയും ചെയ്തിരുന്നു. ബ്രാഞ്ച് തലങ്ങളില്‍ റിപ്പോര്‍ട്ട് വായിച്ച് നടപടി പൂര്‍ത്തിയാക്കിയതല്ലാതെ ജില്ലാ സെക്രട്ടറിക്കെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നില്ല. കീഴ്ഘടകങ്ങളിലുള്ള ഈ സ്വാധീനവും ജില്ലാ സമ്മേളനത്തില്‍ പ്രതിഫലിക്കും.

ബന്ധുനിയമനക്കേസ് അവസാനിച്ചിട്ടും മന്ത്രിസ്ഥാനം തിരികെ ലഭിക്കാത്ത കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജിന്റെ നിലപാടുകള്‍ നിര്‍ണായകമാകും. മാതൃജില്ലയായ കണ്ണൂരിലെ സമ്മേളനത്തിലുയരുന്ന ചര്‍ച്ചകള്‍ കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും കരുതലോടെയാണ് കാണുന്നത്. സംസ്ഥാന സെക്രട്ടറി പദവിയില്‍ തുടരാന്‍ കണ്ണൂര്‍ ഘടകത്തിന്റെ പിന്തുണ കോടിയേരി ബാലകൃഷ്ണന് കൂടിയേ തീരൂ. അതേസമയം, വിവാദങ്ങളില്‍ പെടാതെ കണ്ണൂര്‍ ഘടകത്തെ ഒന്നിച്ച് നിര്‍ത്താന്‍ പിണറായി വിജയന്‍ മുഴുവന്‍ സമയവും സമ്മേളനത്തില്‍ പങ്കെടുക്കും.