ദക്ഷിണ കൊറിയന്‍ ആശുപത്രിയില്‍ തീ പിടിത്തം: 33 മരണം

0
54

സോള്‍: ദക്ഷിണകൊറിയന്‍ നഗരമായ മിരിയാങ്ങിലെ ആശുപത്രിയില്‍ വന്‍ തീപിടിത്തം. അപകടത്തില്‍ 33 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഹൃദ്രോഗ ചികിത്സയ്ക്ക് പ്രശസ്തമായ സീജോങ് ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. ആശുപത്രിയിലെ എമര്‍ജന്‍സി മുറിയില്‍നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക വിവരം.

വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ 7-30നാണ് സംഭവം. ദക്ഷിണകൊറിയന്‍ തലസ്ഥാനമായ സോളില്‍ നിന്ന് 270 കിലോമീറ്റര്‍ അകലെയുള്ള നഗരമാണ് മിരിയാങ്. തീ പടരുന്ന സമയത്ത് ഏതാണ്ട് ഇരുനൂറോളം രോഗികളും ജീവനക്കാരും ആശുപത്രിയിലുണ്ടായിരുന്നു. ഇവരില്‍ ഏറെപ്പേരെയും സുരക്ഷിതമായി പുറത്തെത്തിച്ചു.

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ദക്ഷിണകൊറിയയിലുണ്ടാകുന്ന ഏറ്റവും വലിയ അഗ്‌നിബാധയാണിത്. ഒരു മാസം മുന്‍പ് മറ്റൊരു ദക്ഷിണകൊറിയന്‍ നഗരമായ ജെചിയോണിലെ പൊതു ജിംനേഷ്യത്തിലുണ്ടായ അഗ്‌നിബാധയില്‍ 29 പേര്‍ മരിച്ചിരുന്നു. തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ-ഇന്‍ ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു.