ചെങ്ങന്നൂര്‍ മത്സരചിത്രം വ്യക്തമാകട്ടെ; മത്സരിക്കണോയെന്ന് അപ്പോള്‍ തീരുമാനിക്കും: ശോഭനാ ജോര്‍ജ്

0
210

എം.മനോജ്‌ കുമാര്‍

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലെ മത്സരചിത്രം വ്യക്തമാകട്ടെയെന്ന് മുന്‍ കോണ്‍ഗ്രസ് എംഎല്‍എ ശോഭനാ ജോര്‍ജ് 24 കേരളയോട് പറഞ്ഞു അതിനുശേഷം മാത്രം മത്സരിക്കണോയെന്നു തീരുമാനിക്കുമെന്ന് ശോഭനാ ജോര്‍ജ് പറഞ്ഞു.

ചെങ്ങന്നൂര്‍ എംഎല്‍എയായിരുന്ന രാമചന്ദ്രന്‍ നായരുടെ അപ്രതീക്ഷിത വിയോഗത്തെ തുടര്‍ന്ന് ചെങ്ങന്നൂരില്‍ ഉപതിരഞ്ഞെടുപ്പ് സംജാതമായിരിക്കെ പ്രതികരിക്കുകയായിരുന്നു ശോഭനാ ജോര്‍ജ്.

15 വര്‍ഷം എംഎല്‍എയായിരുന്ന മണ്ണാണ് ചെങ്ങന്നൂരിലേത്. ആ മണ്ണിലാണ് വീണ്ടും ഉപതിരഞ്ഞെടുപ്പ് വരുന്നത്. കഴിഞ്ഞ കാല സംഭവവികാസങ്ങള്‍ ഒന്നും എനിക്ക് മറക്കാന്‍ കഴിയില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ശേഷവും  മണ്ഡലത്തില്‍ താന്‍ സജീവമാണ്.  സാമൂഹ്യ സേവന പരിപാടികളില്‍ ശ്രദ്ധയൂന്നി  മണ്ഡലത്തില്‍ തന്റെ  സജീവസാന്നിധ്യമുണ്ട്-ശോഭനാ ജോര്‍ജ് പറയുന്നു.

പരിമിതികള്‍ക്കുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നത്. കോണ്‍ഗ്രസിലേക്ക് തിരിച്ചു പോകണോ എന്ന കാര്യത്തില്‍ ഒന്നും തീരുമാനം എടുത്തിട്ടില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജനങ്ങളുമായി ചെങ്ങന്നൂരില്‍ എനിക്ക് ഉറ്റബന്ധമുണ്ട്. പക്ഷെ കോണ്‍ഗ്രസ് നേതാക്കള്‍ എന്നെ വിളിക്കുകയോ സംസാരിക്കുകയോ ഒന്നും ചെയ്യാറില്ല.

ചെങ്ങന്നൂര്‍ എന്റെ നാടാണ്. രാഷ്ട്രീയത്തിന്നപ്പുറം ഞാന്‍ ജനിച്ചു വളര്‍ന്ന നാട് കൂടിയാണ് ചെങ്ങന്നൂര്‍. കണ്ണൂര്‍ പോലെയല്ല ചെങ്ങന്നൂര്‍. രാഷ്ട്രീയ വൈരാഗ്യങ്ങളോ സംഘര്‍ഷങ്ങളോ ഉള്ള സ്ഥലം ഒന്നുമല്ല ചെങ്ങന്നൂര്‍. എല്ലാവരും സഹകരിക്കുന്ന സ്ഥലമാണ്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രാമചന്ദ്രന്‍ നായര്‍ ജയിക്കാനിടയായതില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി ഞാന്‍ നേടിയ 4000 വോട്ടുകള്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്‌. ആ നാലായിരം വോട്ടുകള്‍ ആര് നേടിയാലും അവര്‍ ജയിക്കും. ഞാന്‍ നേടിയ 4000 വോട്ടുകള്‍ രാമചന്ദ്രന്‍ നായരുടെ ജയത്തില്‍ നിര്‍ണ്ണായക പങ്കു വഹിച്ചു എന്ന് സിപിഎം തന്നെ സമ്മതിച്ചിട്ടുണ്ട്.

സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ തന്നെ അത് സമ്മതിച്ചിട്ടുണ്ട്. രാമചന്ദ്രന്‍ നായരുടെ അനുസ്മരണ സമ്മേളനത്തിലാണ് സജി ചെറിയാന്‍ ഈ കാര്യം പരസ്യമായി പറഞ്ഞത്. കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച് ആദ്യമായി ഞാനാണ് ചെങ്ങന്നൂര്‍ കോണ്‍ഗ്രസിന് നേടിക്കൊടുക്കുന്നത്. ചെങ്ങന്നൂര്‍ മണ്ഡലം കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലമാക്കിയതും ഞാനാണ്.

അതുപോലെ ഈ മണ്ഡലത്തിലെ കോണ്‍ഗ്രസ് കുത്തക അവസാനിപ്പിച്ചതിനും കാരണക്കാരിയായതും ഞാന്‍ തന്നെ. എന്ത് വന്നാലും ശോഭനാ ജോര്‍ജിനേ വോട്ടു ചെയ്യൂ എന്ന് പറയുന്ന നാലായിരം പേര്‍ ഈ മണ്ഡലത്തിന്നുണ്ട്. ആ നാലായിരം വോട്ട് വിധി നിര്‍ണ്ണായകമാണ്.

എന്റെ പ്രസക്തി എനിക്കൊപ്പം നില്‍ക്കുന്ന സാധാരണ ജനങ്ങളും കോണ്‍ഗ്രസ് പ്രവര്‍ത്തകരുമാണ്. വരട്ടെ തിരഞ്ഞെടുപ്പിന്റെ ചിത്രം തെളിയട്ടെ. അപ്പോള്‍ തീരുമാനിക്കും ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകണോ എന്ന കാര്യം-ശോഭനാ ജോര്‍ജ് പറഞ്ഞു.