ചൈന വന്‍ ശക്തിയായി മാറുന്നു: മുഖ്യമന്ത്രി

0
92

കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ യുഎസ് വിരുദ്ധ നിലപാടിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചൈനയ്‌ക്കെതിരെ യുഎസ് വിശാലസഖ്യമുണ്ടാക്കുന്നുവെന്ന കോടിയേരിയുടെ പ്രസ്താവനയ്ക്ക് പിന്തുണയുമായാണ് മുഖ്യമന്ത്രി എത്തിയിരിക്കുന്നത്. ചൈന വന്‍ ശക്തിയായി മാറുകയാണെന്ന് പിണറായി ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ യുഎസ് ചൈനയ്‌ക്കെതരെ വിശാലസഖ്യം ഉണ്ടാക്കുകയാണ്. യുഎസിനെതിരെയും വിവിധ മേഖലകളില്‍ സഖ്യങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്ന് പിണറായി പറഞ്ഞു. സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നയവ്യതിയാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. വ്യതിയാനങ്ങള്‍ക്കുള്ള ചെറുത്തുനില്‍പായിട്ടാണ് സിപിഎം ഉണ്ടായതെന്നും ജനാധിപത്യം പൂര്‍ണമായും നിലനില്‍ക്കുന്ന പാര്‍ട്ടിയാണ് സിപിഎം എന്നും അദ്ദേഹം പറഞ്ഞു. എത്ര പാര്‍ട്ടികളില്‍ ഇന്ന് സമ്മേളനവും തിരഞ്ഞെടുപ്പും ഉണ്ടെന്നും പിണറായി ചോദിച്ചു. ആര്‍എസ്എസ് വര്‍ഗീയ വികാരം ആളിക്കത്തിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതികരിക്കാനും മുഖ്യമന്ത്രി മറന്നില്ല. രാജ്യത്ത് പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കു നേരെ അക്രമങ്ങള്‍ വര്‍ധിച്ചു. തൊഴിലുറപ്പുപദ്ധതി കേന്ദ്രസര്‍ക്കാര്‍ അട്ടിമറിച്ചതായും നോട്ടുനിരോധനവും ജിഎസ്ടിയും ജനജീവിതം ദുസ്സഹമാക്കിയതായും അദ്ദേഹം പറഞ്ഞു.