ജനുവരിയുടെ നഷ്ടം

0
177

ഹരീഷ് ശക്തിധരന്‍

വ്യവസ്ഥാപിതമായ സാമൂഹിക സാഹചര്യങ്ങളെ വൈകാരികമായ സര്‍ഗാത്മകത കൊണ്ട് നിഷേധിച്ച എഴുത്തുകാരനായിരുന്നു പി.പത്മരാജന്‍. പ്രണയം, രതി, പക, ഒറ്റപ്പെടല്‍, പ്രതിഷേധം, അന്യവത്ക്കരണം, സാഡിസം സ്വത്വപ്രതിസന്ധി, മരണത്തിനുമപ്പുറമുള്ള ദുരന്തബോധം, അപമാനവീകരണം, ഏകാന്തത തുടങ്ങിയ മനുഷ്യ വികാരങ്ങളെയും ആത്മദു:ഖങ്ങളെയും അദ്ദേഹം തന്റെ രചനയില്‍ പിന്‍പറ്റി. കഥാപാത്രങ്ങളുടെ സാംസ്‌ക്കാരിക ജീവിതാവസ്ഥകളെയും വിഹ്വലതകളെയും തെളിവുറ്റതും ലളിതവുമായ ഭാഷ കൊണ്ട് കഥാകാരന്‍ ആവിഷ്‌ക്കരിച്ചു. ചുറ്റുമുള്ള ജീവിതങ്ങളുടെ തീവ്രാനുഭവങ്ങളെ പ്രമേയമാക്കിയ പത്മരാജന്‍ ഓര്‍മയായിട്ട് ഇരുപത്തിയാറു വര്‍ഷം തികയുന്നു.

പത്മരാജന്‍ സാഹിത്യ രംഗത്തേക്ക് കടന്നുവരുന്നത് ചെറുകഥയെഴുതിക്കൊണ്ടാണ്. ലോലയായിരുന്നു പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ രചന. ലോല മില്‍ഫോര്‍ഡ് എന്ന അമേരിക്കന്‍ പെണ്‍കുട്ടിയുടെ വിഷാദാത്മകമായ ജീവിതവും പ്രണയവുമായിരുന്നു ഇതിവൃത്തം. ആര്‍ദ്രമായ പ്രണയവും ലൈംഗിക അരാചകത്വവും മരണത്തോടുള്ള ആഭിമുഖ്യവും ആത്മപീഡനത്തിന്റെ പ്രസ്താവനകളുമെല്ലാം ലോലയില്‍ പത്മരാജന്‍ വിവരിക്കുന്നു. മെര്‍ലിന്‍ മണ്‍റോയെപ്പോലെ ആത്മഹത്യ ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ലോല പ്രേക്ഷകരുടെ ഉള്ളില്‍ ഒരു നൊമ്പരമായി അവശേഷിക്കുന്നു.

 

പരിശുദ്ധമായ പ്രണയ സങ്കല്പ്പങ്ങളുടെയും പ്രണയനഷ്ടത്തിന്റെയും പ്രതീകമായി ലോല മാറുന്നു. ‘നീ മരിച്ചതായി ഞാനും ഞാന്‍ മരിച്ചതായി നീയും കണക്കാക്കുക. ചുംബിച്ച ചുണ്ടുകള്‍ക്ക് വിട തരിക’. എന്ന് ലോല നായകനോട് പറയുന്നു. അനുരാഗത്തിന്റെ വേദനാനുഭവങ്ങളുടെ ധാരാളിത്തവും പ്രണയ നഷ്ടത്തിന്റെ സുഗന്ധ പൂര്‍ണമായ ഓര്‍മകളും പത്മരാജന്റെ പില്ക്കാല രചനകളിലും കാണാം.

ഉദകപോളയിലെത്തുമ്പോള്‍ ലോലയില്‍ നിന്ന് കുറച്ചുകൂടി ആഴത്തില്‍ ക്ലാരയത് പറഞ്ഞ് വെയ്ക്കുന്നു. വൈയക്തിക നൈരാശ്യത്തെ ജീവിതാവസ്ഥകള്‍ അടിച്ചേല്പിക്കുന്ന അപമാനവീകരണത്തെ വല്ലാത്തൊരു ചിരി കൊണ്ട് നേരിടാനും സ്വയം നശിപ്പിച്ചുകൊണ്ട് ആഹ്ലാദിക്കാനും ഭാവിയെ ദുരന്തപൂര്‍ണമായി തന്നെ തിരിച്ചറിഞ്ഞ് ഉള്‍ക്കൊള്ളാനും ക്ലാരയ്ക്ക് കഴിയുന്നു. നായകനായ ജയകൃഷ്ണനെ സംബന്ധിച്ചിടത്തോളം അത്തരമൊരു പെണ്ണവസ്ഥ അത്ഭുതമാണ്. സ്ത്രീ സങ്കല്പ്പത്തെപ്പറ്റിയുള്ള അയാളുടെ പൊതു ധാരണകളെ ക്ലാര തകിടം മറിക്കുന്നു. നായകന്‍ പുലര്‍ത്തിപോരുന്ന ദ്വന്ദ്വ വ്യക്തിത്വത്തെ സ്വജീവിതം കൊണ്ട് ക്ലാര പരിഹസിക്കുന്നു. ദരിദ്രപൂര്‍ണമായ തന്റെ ഭൂതകാല ജീവിതത്തെ, അതിന്റെ കയ്‌പേറിയ ഓര്‍മകളെ നിര്‍വികാരതയോടെ നോക്കിക്കാണാന്‍ ക്ലാരയ്ക്ക്കഴിയുന്നു. താന്‍ തന്ത്രത്തില്‍ അകപ്പെടുത്തിയ പെണ്ണിനെ സ്വജീവിതത്തിലേയ്ക്ക് കൂട്ടാനുള്ള നായകന്റെ
പ്രണയാഭ്യര്‍ത്ഥനകളെ ചിരിയോടെ നിഷേധിക്കുന്ന ക്ലാര കുടുംബം എന്ന സങ്കല്പത്തിന് പുറത്തുകടക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു.

ഇത്തരത്തില്‍ പുരുഷാധിപത്യ സമൂഹത്തിന്റെ സദാചാര നിയമങ്ങളെയും അവനെ മാത്രം തീണ്ടാത്ത ചാരിത്ര്യ ശുദ്ധിയെയും ക്ലാര വെല്ലുവിളിക്കുന്നു. തന്റെ ജീവിതം കാമനകളുടെ ഉത്സവമാക്കി മാറ്റുന്ന ക്ലാര പത്മരാജന്റെ മികവുറ്റ സ്ത്രീകഥാപാത്രങ്ങളില്‍ വേറിട്ട് നില്ക്കുന്നു.

സമൂഹത്തിന്റെ സദാചാര സങ്കല്പങ്ങള്‍, ആണ്‍-പെണ്‍ സൗഹൃദങ്ങള്‍, വിവാഹേതര ലൈംഗിക ജീവിതം, ബന്ധങ്ങളോടുള്ള സംശയം തുടങ്ങിയ പരികല്‌നകള്‍ പത്മരാജന്‍ രചനകളില്‍ കാണാം. കള്ളന്‍ പവിത്രനില്‍ മാമച്ചന്റെ അരി മില്ലിലേയ്ക്ക് പോകുന്ന ദമയന്തിയെ അപഹസിക്കുന്ന നാരയണിയുടെ അര്‍ത്ഥം വച്ചുള്ള ചോദ്യത്തിന് അശ്ലീലമായി ദമയന്തി പറയുന്ന മറുപടി സദാചാര സമൂഹത്തിനോടുള്ള മറുപടി കൂടിയാണ്. തന്റെ ജീവിതം എങ്ങനെ
ജീവിച്ച് തീര്‍ക്കണമെന്ന് ദമയന്തിക്കറിയാം. അതിന് ആരുടെയും സദാചാര സര്‍ട്ടിഫിക്കറ്റ് അവള്‍ക്ക് ആവശ്യമില്ല. പത്മരാജന്റെ ആദ്യ നോവലായ നക്ഷത്രങ്ങളെ കാവലിലും കല്യാണിക്കുട്ടിയെന്ന ശക്തയായ
സ്ത്രീ കഥാപാത്രത്തിലൂടെയാണ് അദ്ദേഹം കഥ പറയുന്നത്. അടിച്ചേല്പിക്കപ്പെടുന്ന
ലൈംഗികതയെയും പെണ്ണവസ്ഥകളുടെ തീവ്രാനുഭവങ്ങളെയും പ്രതികാരത്തെയും സങ്കീര്‍ണതകളെയും നോവല്‍ അടയാളപ്പെടുത്തുന്നു.

 

ശ്ലീലവും അശ്ലീലവുമെന്ന പൊതുബോധത്തിന്റെ ധാരണകളോട് അരികുചേരാന്‍ വിസമ്മതിച്ച നോവലായിരുന്നു രതിനിര്‍വേദം. കൗമാര കാമനകളുടെ രതിവൈകൃതങ്ങളെ സഹാനുഭൂതിയോടെ നോക്കിക്കാണാന്‍ പത്മരാജന് കഴിയുന്നു. അടിച്ചമര്‍ത്തി വെയ്ക്കുന്ന ലൈംഗികതയുടെ ഒളിനോട്ടങ്ങളെ
പപ്പുവെന്ന കൗമാരക്കാരനിലൂടെ അവതരിപ്പിക്കുന്നു. അവന്ര തു(രതി)ചേച്ചിയോടുള്ള മാംസനിബദ്ധമായ പ്രണയവും വേഴ്ചയും വിഷം തീണ്ടിയുള്ള രതിയുടെ മരണവുമെല്ലാം പ്രേക്ഷകരെ ഉലയ്ക്കുന്നുണ്ട്.
സാമൂഹിക സദാചാര സങ്കല്പങ്ങളിലെ ലൈംഗിക പാപബോധത്തെ മറികടക്കാനുള്ള ഒരു ശ്രമം കൂടിയാണ് രതിനിര്‍വേദം.

പെരുവഴിയമ്പലത്തിലെ ദേവയാനി വേശ്യയായി തന്റെ ജീവിതം തുടരുമ്പോഴും ജീവിക്കാനുള്ള ഒരു തൊഴിലെന്നതിനപ്പുറം ഭൗതികമായൊരു സുഖം അവള്‍ കാംക്ഷിക്കുന്നില്ല. കൊലക്കേസില്‍ ഒളിവില്‍ കഴിയുന്ന രാമന് അവള്‍ അഭയം കൊടുക്കുകയും അവനില്‍ സഹോദര തുല്യമായ വാത്സല്യവും കരുതലും പ്രകടിപ്പിക്കുകയും ചെയ്യുന്നു. ദേവയാനിയുടെ ശരീരം തേടി വരുന്ന വൈദ്യര്‍, രാമന്‍ പ്രഭാകരന്‍ പിള്ളയുടെ ഘാതകനാണെന്ന് തിരിച്ചറിയുന്നുണ്ട്. താന്‍ ആരോടും പറയില്ലെന്നും എന്നാല്‍ ദേവയാനി അറിഞ്ഞാല്‍ പൊലീസിന് ഒറ്റിക്കൊടുക്കുമെന്നും വൈദ്യര്‍ ഓര്‍മിപ്പിക്കുന്നു. പക്ഷെ ദേവയാനിയ്ക്ക് എല്ലാമറിയാമിരുന്നിട്ടും അവള്‍ രാമനെ സംരക്ഷിക്കുകയും നിരപരാധിയാണെന്ന മട്ടില്‍ അവനോട് പെരുമാറുകയും ചെയ്യുന്നു. ഇവിടെ ‘സുചരിതയല്ലാത്ത കണ്ണിക്കണ്ട സ്ത്രികളെ’ല്ലാം ചതിക്കുന്നവരല്ലെന്നും സാഹചര്യവും വൈയക്തികവും വൈകാരികവുമായ ബോധ്യങ്ങളുമാണ് സ്ത്രയെ നയിക്കുന്നതെന്നും പത്മരാജന്‍ വിശദീകരിക്കുന്നുണ്ട്.

ഇത്തരത്തില്‍ പുറമ്പോക്ക് ജീവിതങ്ങളെന്ന് അപഹസിക്കപ്പെടുകയും അകറ്റി നിര്‍ത്തുകയും ചെയ്യുന്ന മനുഷ്യ സമൂഹങ്ങള്‍ പത്മരാജന്റെ രചനകളില്‍ വ്യക്തിത്വമുള്ളവരായി തീരുന്നു. ഉപരിപ്ലവമായ വൈകാരിക പ്രകടനങ്ങളെന്ന് തോന്നാമെങ്കിലും സൂക്ഷ്മ തലത്തില്‍ സാമൂഹിക ഘടനയോടുള്ള കലഹം
അടയാളപ്പെട്ട് കിടക്കുന്നു. സ്ത്രീ സ്വത്വത്തെ പ്രണയം, രതി, പക, കലഹം, ആത്മപീഡനം, മരണം തുടങ്ങിയ വൈകാരികാനുഭവങ്ങളായി മാത്രമല്ല ആണ്‍മേല്‍ക്കോയ്മകളോടുള്ള പ്രതികരണമായിട്ട് കൂടിയാണ് പത്മരാജന്‍ ആവിഷ്‌ക്കരിച്ചത്. തങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന സാഹചര്യങ്ങളുടെ സമ്മര്‍ദ്ദതന്ത്രങ്ങളെ ശരീരം കൊണ്ട് മാത്രമല്ല ബൗദ്ധികത കൊണ്ടും പ്രതിരോധിക്കുന്ന സ്ത്രീകളെ പത്മരാജന്റെ കഥകളില്‍ നാം കണ്ട് മുട്ടുന്നുണ്ട്. തകരയില്‍ സുഭാഷിണിയായിരുന്നെങ്കില്‍ കള്ളന്‍ പവിത്രനില്‍ ഭാമിനിയായിരുന്നു. പത്മരാജന്റെ രചനയുടെ ഒരു പൊതുസവിശേഷത കൂടിയാണിത്. പെണ്ണുടലിനെ മാത്രമല്ല, വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ അതിവിദഗ്ദമായി അവള്‍ മെനയുന്ന തന്ത്രങ്ങളുടെ വലയില്‍ പെട്ട് പോകുന്ന പുരുഷാധികാരത്തെക്കൂടി മാറിനിന്ന് കഥാകൃത്ത് പരിഹസിക്കുന്നുണ്ട്.

ഓര്‍മകള്‍ക്ക് പത്മരാജന്റെ കഥകളില്‍ വലിയ സ്ഥാനമുണ്ട്. ഇന്നലകളെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുകയും വിങ്ങിപ്പൊട്ടുകയും ചെയ്യുന്ന കഥാപാത്രങ്ങള്‍. ഭൂതകാലത്തെക്കുറിച്ചുള്ള നനുത്തതും
കാല്പനികവുമായ ദു:ഖ സ്മരണകളില്‍ അഭിരമിക്കുന്നവരാണ് പലരും. മാനവികമായ വൈകാരികാനുഭവങ്ങളുടെ ദര്‍ശനമാണ് പത്മരാജനെ നയിച്ചത്. മരണത്തിനപ്പുറമുള്ള ഒരു ദുരന്തബോധം ഒരു വിഷാദമായി പത്മരാജന്റെ കഥകളില്‍ കാണാം. ‘ചെറിയ വേദനകള്‍ പോലും താങ്ങാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. ഭയം അദ്ദേഹത്തിനുണ്ടായിരുന്നു. മറ്റുള്ളവരെപ്പോലെ മരണ ഭയവും സഹജമായിരുന്നു. ജ്യേഷ്ഠന്മാരുടെ മരണശേഷം തീവ്രമായ മരണ ഭയം അലട്ടിയിരുന്നു. അബോധമായ ഭീതിയെ മറി കടക്കാന്‍ വേണ്ടിയാകാം ഇത്രയേറെ ദുരന്തങ്ങള്‍ ആവിഷ്‌ക്കരിച്ചതെന്ന് കരുതുന്നു’.

സ്വപ്നങ്ങളുടെ തകര്‍ച്ചയും മരണത്തിനോടുള്ള ആഭിമുഖ്യവുമെല്ലാം പത്മരാജന്റെ കഥകളിലെ ആവര്‍ത്തിച്ചുള്ള പ്രമേയങ്ങളാണ് ‘മരണം ജീവിതത്തെ സംബന്ധിച്ചിടത്തോളം ഫുള്‍സ്റ്റോപ്പല്ലാ’യെന്ന് കഥാകാരന്‍ പ്രസ്താവിച്ചിട്ടുണ്ടെങ്കിലും ജീവിതത്തിലുടനീളം അമൂര്‍ത്തമായൊരു മൃത്യു ഭയം
അദ്ദേഹത്തെ പിന്തുടര്‍ന്നിരുന്നു. ഉള്ളാഴത്തില്‍ ഭൗതിക ജീവിതം എഴുത്തുകാരനെ സ്പര്‍ശിച്ചിരുന്നില്ല. ദുരന്തപൂര്‍ണമായൊരു ഭാവിയെപ്പറ്റിയുള്ള വ്യഥയും എല്ലാ സൗഭാഗ്യങ്ങളെയും നിരാകരിച്ചും നിസാരവത്ക്കരിച്ചും മുന്നോട്ട് പോകാനുള്ള തീവ്രമായ ഇച്ഛയുമായിരുന്നു പത്മരാജന്റെ രചനകളിലെല്ലാം ആഴത്തില്‍ അടയളപ്പെട്ടിരുന്നത്.