പാലക്കാട്ടെ ദമ്പതികള്‍ വിറ്റ കുഞ്ഞിനെ തമിഴ്‌നാട് ഈറോഡില്‍ നിന്ന്‌ കണ്ടെത്തി

0
46

കോയമ്പത്തൂര്‍: പാലക്കാട് കുനിശ്ശേരിയില്‍ ദമ്പതികള്‍ വിറ്റ പെണ്‍കുഞ്ഞിനെ തമിഴ്‌നാട്ടിലെ ഈറോഡില്‍ നിന്ന് കണ്ടെത്തി. യുവതിയും പൊള്ളാച്ചി സ്വദേശിയായ യുവതിയുടെ ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്നാണ് കുഞ്ഞിനെ വിറ്റത്. കഴിഞ്ഞ മാസം 29ന് ആയിരുന്നു കുഞ്ഞിനെ ജനാര്‍ദ്ദനന്‍ എന്നയാള്‍ക്ക് വിറ്റത്. ഇയാളെ പൊലീസ് അറസ്റ്റ് തെയ്തു. കുഞ്ഞിനെ പൊലീസ് മലമ്പുഴ ആനന്ദ് ഭവനിലേക്കു മാറ്റി.

കുനിശേരി കുന്നന്‍പാറ കണിയാര്‍ കോട് സ്വദേശി ബിന്ദുവിന്റെ ഒരു മാസം പ്രായമുള്ള കുഞ്ഞിനെ വളര്‍ത്താനുള്ള സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് ഒരു ലക്ഷം രൂപക്ക് പൊള്ളാച്ചിയില്‍ വില്‍ക്കുകയായിരുന്നു. യുവതിയുടെ ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്നാണ് ഇടപാട് നടത്തിയതെന്നാണ് വിവരം. ഇക്കഴിഞ്ഞ ക്രിസ്മസ് ദിനത്തിലാണ് പാലക്കാട് ജില്ലാ ആശുപത്രിയില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. ഇവര്‍ക്ക് മറ്റ് നാല് കുട്ടികള്‍ കൂടിയുണ്ട്.

പ്രസവത്തിനു പോയ യുവതി കുഞ്ഞിനെ ഒപ്പം കൂട്ടാതെ മടങ്ങിയതിനെത്തുടര്‍ന്ന് പ്രദേശവാസികള്‍ സമീപത്തെ അംഗനവാടി അധികൃതരെ വിവരം അറിയിച്ചതോടെ സാമൂഹികനീതി വകുപ്പാണ് പൊലീസില്‍ പരാതി നല്‍കിയത്.

സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ കഴിഞ്ഞ ദിവസം കേരളം, തമിഴ്നാട് ചീഫ് സെക്രട്ടറിമാര്‍, പൊലീസ് മേധാവികള്‍, കേന്ദ്ര വനിതാ ശിശു മന്ത്രാലയ സെക്രട്ടറി എന്നിവര്‍ക്ക് നോട്ടീസ് അയച്ചിരുന്നു. കുഞ്ഞിനെ വിറ്റെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. ആറാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നും ഇതു സംബന്ധിച്ചു നല്‍കിയ നോട്ടീസില്‍ പറയുന്നു.