ഫെയ്‌സ്ബുക്ക് കാമുകി പുരുഷനാണെന്നറിഞ്ഞ പൊലീസുകാരന്‍ യുവാവിനെ വെടിവെച്ച് കൊന്നു

0
35

ചെന്നൈ: ഫെയ്സ്ബുക്കില്‍ സ്ത്രീയുടെ പേരില്‍ വ്യാജ അക്കൗണ്ട് നിര്‍മിച്ച് തന്നെ പ്രണയിച്ച് വഞ്ചിച്ച ഇരുപത്തിരണ്ടുകാരനെ പൊലീസുകാരന്‍ വെടിവെച്ചു കൊന്നു. തമിഴ്നാട്ടിലെ വിരുതുനഗറിലാണ് സംഭവം. ചെന്നൈ സ്വദേശിയായ കണ്ണന്‍ കുമാര്‍ എന്ന പൊലീസ് കോണ്‍സ്റ്റബിളാണ് ഫെയ്സ്ബുക്ക് കാമുകി പുരുഷനാണെന്നറിഞ്ഞ് കൊലപാതകിയായി മാറിയത്.

അയ്യനാര്‍ എന്ന അധ്യാപക വിദ്യാര്‍ഥിയാണ് കണ്ണന്‍ കുമാറിനെ കബളിപ്പിച്ചത്. സ്ത്രീയുടെ പേരില്‍ അയ്യനാര്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കുകയും കണ്ണന്‍ കുമാറുമായി ബന്ധം സ്ഥാപിക്കുകയുമായിരുന്നു. കണ്ണനില്‍ നിന്ന് പണം തട്ടിയെടുക്കുകയായിരുന്നു യുവാവിന്റെ ലക്ഷ്യമെന്നാണ് കരുതപ്പെടുന്നത്.

പൊങ്കല്‍ ആഘോഷത്തിന് പത്തുദിവസത്തെ അവധിയെടുത്താണ് കണ്ണന്‍ സ്വദേശമായ വത്തിരായിരുപ്പില്‍ എത്തിയത്. കാമുകിയെ നേരിട്ടുകാണാനും കണ്ണന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ കണ്ണനെ നേരിട്ടു കാണാന്‍ അയ്യനാര്‍ വിസമ്മതിച്ചു. തുടര്‍ന്ന് സംശയം തോന്നിയ കണ്ണന്‍ അന്വേഷണം നടത്തുകയും താന്‍ വഞ്ചിക്കപ്പെട്ടെന്ന് മനസ്സിലാക്കുകയുമായിരുന്നു.

വഞ്ചിക്കപ്പെട്ടെന്ന് മനസിലാക്കിയ കണ്ണന്‍ വിഷാദത്തിന് അടിമപ്പെടുകയും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് ആശുപത്രിയിലായ തന്നെ കാണാനെത്തിയ സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് അയ്യനാരെ കൊലപ്പെടുത്താന്‍ കണ്ണന്‍ തീരുമാനിക്കുകയായിരുന്നു.

അയ്യനാരെ കണ്ണനും സുഹൃത്തുക്കളും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയശേഷം വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു. കണ്ണന്‍ ഒളിവിലാണ്. കണ്ണന്റെ കൂട്ടുപ്രതികളായ വിജയകുമാര്‍, തമിളരസന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.