ഫോണ്‍ കെണി കേസ്: എ.കെ.ശശീന്ദ്രന്‍ കുറ്റവിമുക്തന്‍

0
55

തിരുവന്തപുരം: ഫോണ്‍കെണി കേസില്‍ മുന്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ കുറ്റ വിമുക്തന്‍. തിരുവനന്തപുരം സി.ജെ.എം കോടതിയുടേതാാണ് വിധി. ശശീന്ദ്രനെതിരെ പരാതിയില്ലെന്ന് ആരോപണമുന്നയിച്ച ചാനല്‍ പ്രവര്‍ത്തകയുടെ നിലപാട് കോടതി അംഗീകരിച്ചു.

അതേസമയം, കേസ് ഒത്തുതീര്‍പ്പാക്കരുതെന്നും ശശീന്ദ്രനെ കുറ്റവിമുക്തനാക്കരുതെന്നും ആവശ്യപ്പെട്ട് നെടുമങ്ങാട് സ്വദേശിനി നല്‍കിയ ഹര്‍ജി കോടതി തള്ളുകയും ചെയ്തു. രാവിലെ കേസ് പരിഗണിച്ചപ്പോള്‍ പരാതിക്കാരി പേടിച്ചാണ് മൊഴിമാറ്റിയതെന്ന് ചൂണ്ടിക്കാട്ടി സ്വകാര്യ ഹര്‍ജി മഹാലക്ഷ്മി എന്ന പേരില്‍ എത്തിയത്.

ചാനല്‍ പ്രവര്‍ത്തക കഴിഞ്ഞ ദിവസം ശശീന്ദ്രനെതിരെ പരാതിയില്ലെന്ന് കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ഫോണില്‍ തന്നോട് അശ്ലീലം സംസാരിച്ചത് ശശീന്ദ്രനാണെന്ന് തനിക്ക് ഉറപ്പില്ലെന്നും ഔദ്യോഗിക വസതിയില്‍വെച്ച് മോശമായി പെരുമാറിയിട്ടില്ലെന്നുമാണ് കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ പരാതിക്കാരി മൊഴി നല്‍കിയത്. തിരുവനന്തപുരം സിജെഎം കോടതിയിലാണ് മൊഴി നല്‍കിയത്.

നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിലനിന്നിരുന്ന കേസും ഒത്തുതീര്‍പ്പാക്കിയിരുന്നു. 2017 മാര്‍ച്ച് 26-നായിരുന്നു ഫോണ്‍കെണി വിവാദത്തെ തുടര്‍ന്ന് ഗതാഗത മന്ത്രിയായിരുന്ന എ.കെ.ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവെച്ചത്.