ബിഡിജെഎസിന്റെ നിര്‍ണായക സ്റ്റേറ്റ് കൗണ്‍സില്‍ യോഗം ഇന്ന് ; മുന്നണി മാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയാകും

0
85

എം.മനോജ്‌ കുമാര്‍

തിരുവനന്തപുരം: ബിഡിജെഎസിന്റെ നിര്‍ണായകമായ സ്റ്റേറ്റ് കൗണ്‍സില്‍ യോഗം ഇന്ന് കൊല്ലത്ത് നടക്കും. ബിഡിജെഎസ് എന്‍ഡിഎയില്‍ തുടരണമോ, ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിഡിജെഎസ് നിലപാട് പ്രവര്‍ത്തന രീതികള്‍ എന്നിവ ഇന്നത്തെ സംസ്ഥാന കൌണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയാകും.

ഇന്നലെ ബിഡിജെഎസ് യുഡിഎഫിലേക്ക് നീങ്ങും എന്ന രീതിയില്‍ ഒരു പ്രസ്താവന എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഭാഗത്ത് നിന്നും വന്നതിനാല്‍  മുന്നണി മാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇന്നത്തെ ബിഡിജെഎസ് കൌണ്‍സില്‍ യോഗം നിര്‍ണായകമായി മാറുന്നു.

ബിഡിജെഎസ് ശരിയായ റിസല്‍ട്ട് നല്കുന്നില്ലാ എന്ന് ബിജെപിയും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ ഒരു ശക്തിയായി മാറ്റിയിട്ടും അതിന്റെ ഗുണഫലങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചില്ലാ എന്ന് ബിഡിജെഎസും കരുതുന്ന വേളയില്‍ തന്നെയാണ് ഇന്നത്തെ ബിഡിജെ എസ് യോഗം നടക്കുന്നത്.

എട്ടു നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപി രണ്ടാം സ്ഥാനത്ത് എത്തുകയും ഒരു നിയമസഭാ മണ്ഡലത്തില്‍ നേമത്ത് ബിജെപിക്ക് വിജയിക്കാന്‍ കഴിഞ്ഞതും ബിഡിജെഎസ് നേതൃത്വം ചൂണ്ടിക്കാട്ടുന്നു. എന്നിട്ടും ബിഡിജെഎസിനോട് ബിജെപി തുടരുന്ന അവഗണനയുടെ പ്രതിഫലനം ഇന്നത്തെ സംസ്ഥാന കൌണ്‍സില്‍ യോഗത്തില്‍ പ്രതിഫലിക്കും.

”ഇന്നു കൊല്ലത്ത് ചേരുന്ന ബിഡിജെഎസ് സ്റ്റേറ്റ് കൌണ്‍സില്‍ യോഗം നിര്‍ണ്ണായകയോഗമാണ്. ബിഡിജെഎസിനെ സംബന്ധിച്ച് ചില നിര്‍ണായക തീരുമാനങ്ങള്‍ ഈ യോഗത്തില്‍ വന്നേക്കും. ” ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി.ബാബു 24 കേരളയോടു പറഞ്ഞു. വരുന്ന ഉപതിരഞ്ഞെടുപ്പ് ചെങ്ങന്നൂരിലേതാണ്. ഈ ചെങ്ങന്നൂരില്‍ പത്ത് ശതമാനം വോട്ട് നേടി ബിജെപിയുടെ മുന്നില്‍ ബിഡിജെഎസിന്റെ കഴിവ് തെളിയിക്കാനാണ് ബിഡിജെഎസ് ഒരുങ്ങുന്നത്.

പിന്നോക്ക വിഭാഗങ്ങള്‍, എസ്എന്‍ഡിപി എന്നിവ സ്വാധീനം ചെലുത്തിയാല്‍ പത്ത് ശതമാനം വോട്ട് ബിഡിജെഎസിന് ചെങ്ങന്നൂരില്‍ സമാഹരിക്കുക പ്രയാസമാവില്ല എന്നാണു ബിഡിജെഎസ് നേതൃത്വം വിലയിരുത്തുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിഡിജെഎസിന്റെ ശക്തമായ പ്രചാരണമാണ് ചെങ്ങന്നൂരില്‍ ഞെട്ടിക്കുന്ന പ്രകടനം കാഴ്ചവെയ്ക്കാന്‍ ബിജെപിക്ക് കഴിഞ്ഞതിനു പിന്നിലെന്ന് ബിഡിജെഎസ് നേതൃത്വം അന്ന് തന്നെ വിലയിരുത്തിയിരുന്നു.

വിജയിച്ച ഇടത് മുന്നണി സ്ഥാനാര്‍ഥി രാമചന്ദ്രന്‍ നായര്‍ ചെങ്ങന്നൂരില്‍ 52888 വോട്ട് നേടിയപ്പോള്‍ യുഡിഎഫിന്റെ പി.സി.വിഷ്ണുനാഥ് 44897 വോട്ടും എന്‍ഡിഎയുടെ പി.എസ്.ശ്രീധരന്‍ പിള്ള 42682 വോട്ടും നേടിയിരുന്നു. വെറും രണ്ടായിരം വോട്ടുകള്‍ മാത്രമാണ് ശ്രീധരന്‍ പിള്ളയേക്കാള്‍ കൂടുതല്‍ വിഷ്ണുനാഥ് നേടിയത്. ഇതേ രീതിയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിയെ ഒരു ശക്തിയായി മാറ്റിയത് ബിഡിജെഎസ് വോട്ടുകള്‍ ആയിരുന്നു എന്നാണു ബിഡിജെഎസ് വിലയിരുത്തിയത്.

പക്ഷെ ഈ അവകാശവാദം ബിജെപി അംഗീകരിച്ചു എന്ന് ബിഡിജെഎസ് വിശ്വസിക്കുന്നില്ല. അങ്ങിനെ വിശ്വസിക്കുന്നു എങ്കില്‍ തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട, ബിജെപി ദേശീയ നേതൃത്വം വാഗ്ദാനം ചെയ്ത കേന്ദ്ര പദവികള്‍ ഒന്നും തന്നെ നല്‍കാതിരുന്നത് ഇതിനു തെളിവായി ബിഡിജെഎസ് സംസ്ഥാന നേതൃത്വം ചൂണ്ടിക്കാട്ടുന്നു.

പദവികള്‍ ഒന്നും ബിഡിജെഎസ് ആവശ്യപ്പെടില്ല. അതിന്റെ കാലം കഴിഞ്ഞിരിക്കുന്നുവെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് തന്നെ അടുത്ത വര്‍ഷം നടക്കാനിരിക്കുമ്പോള്‍ ഈ ഘട്ടത്തില്‍ പദവി കൊണ്ട് വലിയ കാര്യം ഉണ്ടെന്നു ബിഡിജെഎസ് കരുതുന്നില്ല. ഈ പദവികള്‍ നേരത്തെ നല്‍കേണ്ടിയിരുന്നു. അത് ബിജെപി കേന്ദ്ര നേതൃത്വം നല്‍കാതിരുന്നതിനാല്‍ ഇനി പദവികളില്‍ കാര്യമില്ലായെന്നാണ് ബിഡിജെഎസ് നേതൃത്വം വിലയിരുത്തുന്നത്.

കേരളത്തില്‍ നിര്‍ണ്ണായക രാഷ്ട്രീയ ശക്തിയായി മാറി കേരളത്തില്‍ ഒറ്റയ്ക്ക് സ്വാധീനം തെളിയിക്കാനാണ് ബിഡിജെഎസ് ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ സ്വയം ശക്തിപ്പെട്ട് ഒരു നിര്‍ണ്ണായക ശക്തിയായി മുന്നോട്ട് പോകാന്‍ ഇന്നത്തെ സംസ്ഥാന കൌണ്‍സില്‍ യോഗത്തില്‍ തീരുമാനമേടുത്തേക്കും.