റിപ്പബ്ലിക്ക് ദിനത്തില്‍ കശ്മീരില്‍ ആശങ്ക പരത്തി പതിനെട്ടുകാരി; ഐഎസില്‍ ചേരാന്‍ വന്നതെന്ന് പൊലീസ്, അല്ലെന്ന് അമ്മ

0
44

ശ്രീനഗര്‍: റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കിടെ ജമ്മു കശ്മീരില്‍ ഭീതി പരത്തി പതിനെട്ടുകാരി. റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികള്‍ക്കിടെ ചാവേറായി പുണെയില്‍ നിന്നൊരു പെണ്‍കുട്ടി എത്തിയിട്ടുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടാണ് കശ്മീര്‍ താഴ്‌വരയില്‍ ആശങ്ക പരത്തിയത്. തുടര്‍ന്ന് നടത്തിയ പൊലീസ് പരിശോധനയില്‍ പുണെയില്‍ നിന്നുള്ള സാദിയ അന്‍വര്‍ ഷെയ്ഖ് പിടിയിലായി. ഇവര്‍ ഐഎസില്‍ ചേരാനെത്തിയതാണെന്നാണ് പൊലീസ് പറഞ്ഞത്. എന്നാല്‍, സമൂഹ മാധ്യമങ്ങളിലെ തെറ്റായ പ്രചാരണം കാരണം സംഭവിച്ച പിഴവാണെന്ന പൊലീസിന്റെ തിരുത്തലും പിന്നാലെയെത്തി.

അതേസമയം, തന്റെ മകള്‍ക്കെതിരെ പൊലീസ് അനാവശ്യ ആരോപണമാണ് ഉന്നയിക്കുന്നതെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ അമ്മ രംഗത്തെത്തി. കശ്മീരിലും മഹാരാഷ്ട്രയിലും കേസൊന്നുമില്ലാത്തതിനാല്‍ സാദിയയെ അമ്മയ്‌ക്കൊപ്പം വിടാനാണു തീരുമാനം. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് സംസ്ഥാന പൊലീസ് ഉത്തരവിട്ടു. പെണ്‍കുട്ടി യഥാര്‍ത്ഥത്തില്‍ ഐഎസില്‍ ചേരാനെത്തിയതാണോ അതോ ഇന്റലിജന്റ്‌സിന്റെ മുന്നറിയിപ്പ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്.

റിപ്പബ്ലിക് ദിനത്തിനും ദിവസങ്ങള്‍ക്ക് മുമ്പാണ് പൊലീസിന്‌ ഇന്റലിജന്റ്‌സ് അറിയിപ്പ് ലഭിക്കുന്നത്. പുണെയിലെ ഭീകരവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) പല തവണ പിടികൂടിയ പെണ്‍കുട്ടി കശ്മീരിലേക്കു പ്രവര്‍ത്തനം മാറ്റിയെന്നും നിരീക്ഷണം ശക്തമാക്കണമെന്നുമായിരുന്നു അറിയിപ്പ്. തുടര്‍ന്ന് എല്ലാ ജില്ലകളിലെയും പൊലീസ് ആസ്ഥാനത്തേക്ക് എഡിജിപി മുനീര്‍ ഖാന്‍ ജനുവരി 23ന് വിവരം കൈമാറി.

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള പരേഡില്‍ ചാവേറാക്രമണം നടത്താനാണ് പെണ്‍കുട്ടിയുടെ നീക്കമെന്നായിരുന്നു മുനീര്‍ ഖാന്റെ സന്ദേശം. തുടര്‍ന്ന് വനിതകളെ കര്‍ശന ദേഹപരിശോധനയ്ക്കു ശേഷം മാത്രമായിരുന്നു റിപ്പബ്ലിക് ദിന പരിപാടികള്‍ നടക്കുന്ന വേദിയിലേക്കു പ്രവേശിപ്പിച്ചത്. അതിനിടെ ബിജ്‌ബെഹറയില്‍ പേയിങ് ഗസ്റ്റായി താമസിക്കുന്ന സാദിയയെ പൊലീസ് പിടികൂടി.
ആദ്യഘട്ടത്തില്‍, താന്‍ ഐഎസില്‍ ചേരാന്‍ വന്നതാണെന്നായിരുന്നു പെണ്‍കുട്ടി പറഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി. വിശദമായ ചോദ്യം ചെയ്യലില്‍ സമൂഹമാധ്യമങ്ങളിലെ പ്രചാരണം കാരണം കശ്മീരിലെ സ്ഥിതിഗതികളെപ്പറ്റി തെറ്റിദ്ധരിച്ച് തീവ്രവാദ ആശയങ്ങളുമായി എത്തിയതാണെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തി തീരുമാനമെടുക്കുമെന്നും പൊലീസ് പറഞ്ഞു.
2015ല്‍ പുണെ എടിഎസ് സാദിയയെ ചോദ്യം ചെയ്തിരുന്നു. വിദേശത്തുള്ള ഐഎസ് അനുഭാവികളുമായി ബന്ധം പുലര്‍ത്തിയെന്നാരോപിച്ചായിരുന്നു അത്. അന്ന് പ്ലസ് വണ്ണിനു പഠിക്കുകയായിരുന്ന സാദിയയെ കൗണ്‍സലിങ്ങിനും എടിഎസ് വിധേയയാക്കിയിരുന്നു. പിന്നീട് പഠനം പാതിവഴിക്കു നിര്‍ത്തി.

അതിനിടെ പെണ്‍കുട്ടിക്കെതിരെ തെറ്റായ ആരോപണങ്ങളാണ് പൊലീസ് പ്രചരിപ്പിക്കുന്നതെന്ന് അമ്മ പറഞ്ഞു. എന്നാല്‍ സാദിയ എന്തിനാണു ജമ്മു കശ്മീരിലേക്കു വന്നതെന്ന ചോദ്യത്തിന് അവര്‍ ഉത്തരം നല്‍കിയില്ല. മകളോടു സംസാരിച്ചതിന് ശേഷം കൂടുതല്‍ വിവരം പുറത്തുവിടാമെന്നും അവര്‍ പറഞ്ഞു.