ഷെറിന്റെ രക്ഷിതാക്കള്‍ സ്വന്തം കുട്ടിക്കായുള്ള അവകാശവാദം ഉപേക്ഷിച്ചു

0
70

ഹൂസ്റ്റണ്‍: അമേരിക്കയിലെ ടെക്സാസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മൂന്നു വയസ്സുകാരി ഷെറിന്‍ മാത്യൂസിന്റെ രക്ഷിതാക്കളായ സിനി മാത്യൂസും വെസ്ലി മാത്യൂസും സ്വന്തം കുട്ടിക്ക് വേണ്ടിയുള്ള അവകാശവാദം ഉപേക്ഷിച്ചു. ഇരുവര്‍ക്കും കുട്ടിയെ കാണാനുള്ള അവകാശം നേരത്തെ തന്നെ കോടതി നിഷേധിച്ചിരുന്നു. തുടര്‍ന്ന് വാദം നടക്കുന്നതിനിടെയാണ് അവകാശവാദം ഉപേക്ഷിക്കുകയാണെന്ന് കോടതിയെ അറിയിച്ചത്.

രക്ഷിതാക്കളെന്ന രീതിയില്‍ ഷെറിനുമേല്‍ ഇവര്‍ക്ക് ഉത്തരവാദിത്വം നിറവേറ്റാന്‍ കഴിഞ്ഞില്ല എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവരുടെ സ്വന്തം കുട്ടിയായ നാല് വയസുകാരിയെ കാണാനുള്ള അവകാശം കോടതി നിഷേധിച്ചത്. നിലവിലെ സാഹചര്യത്തില്‍ കുട്ടിക്ക് വേണ്ടിയുള്ള അവകാശവാദം ഒഴിഞ്ഞുകൊടുക്കുക എന്നതാണ്. അതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയതെന്ന് ഇവര്‍ക്ക് വേണ്ടി കേസ് വാദിക്കുന്ന അറ്റോര്‍ണി മിച്ച് നോള്‍ട്ട് അറിയിച്ചു.

കഴിഞ്ഞ ഒക്ടോബര്‍ ഏഴിനായിരുന്നു ഡാലസിലെ വീട്ടില്‍ നിന്നും മൂന്ന് വയസ്സുകാരി ഷെറിന്‍ മാത്യൂസിനെ കാണാതായത്. പിന്നീട് ഒക്ടോബര്‍ 22-ന് വീടിന് ഒരു കിലോമീറ്റര്‍ അപ്പുറത്ത് നിന്ന് ഷെറിന്റെ മൃതദേഹം കണ്ടെടുക്കുകയും ചെയ്തു. ഷെറിന്റെ മരണവുമായി ബന്ധപ്പെട്ട് വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസിനെതിരെ കൊലക്കുറ്റത്തിനാണ് കേസെടുത്തത്. വളര്‍ത്തമ്മ സിനി മാത്യൂസ് കൂട്ടുപ്രതിയാണ്. കാണാതായതിന് തലേദിവസം വൈകീട്ട് ഷെറിനെ വീട്ടിലാക്കി സ്വന്തം കുട്ടിയുമായി ദമ്പതികള്‍ റസ്റ്റോറന്റില്‍ പോയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഷെറിന് ശാരീരിക ഉപദ്രവം ഏല്‍ക്കേണ്ടി വന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.