സ്‌പോര്‍ട്‌സ് ലോട്ടറി അഴിമതിക്കേസ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം: അഞ്ജു ബോബി ജോര്‍ജ്

0
55

എം.മനോജ്‌ കുമാര്‍

തിരുവനന്തപുരം:സ്‌പോര്‍ട്‌സ് ലോട്ടറി അഴിമതിക്കേസ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് പ്രമുഖ അത്ലറ്റും മുന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റുമായ അഞ്ജു ബോബി ജോര്‍ജ് ആവശ്യപ്പെട്ടു. തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി സ്‌പോര്‍ട്‌സ് ലോട്ടറി അഴിമതിക്കേസ് അവസാനിപ്പിക്കാനുള്ള വിജിലന്‍സ് തീരുമാനത്തിന്നെതിരെ 24 കേരളയോടു പ്രതികരിക്കുകയായിരുന്നു അഞ്ജു ബോബി ജോര്‍ജ്.

തെളിവില്ലാ എന്ന് ചൂണ്ടിക്കാട്ടി ഇത്ര നിസാരമായി വിജിലന്‍സിന് എങ്ങിനെ ലോട്ടറി അഴിമതിക്കേസ് എഴുതി തള്ളാന്‍ കഴിയും. ഇന്ത്യയ്ക്ക് പുറത്ത് സ്പോര്‍ട്സ് കൌണ്‍സിലിനു എങ്ങിനെ ലോട്ടറി വില്‍ക്കാന്‍ കഴിയും. ഇന്ത്യയ്ക്ക് പുറത്ത് കോടികളുടെ ലോട്ടറി വിറ്റു. ആ തുക എങ്ങിനെ രാജ്യത്തിന്‌ അകത്തേക്ക് കൊണ്ട് വന്നു. അത് വിജിലന്‍സ് ആദ്യം വ്യക്തമാക്കട്ടെ-അഞ്ജു ബോബി ജോര്‍ജ് ചൂണ്ടിക്കാണിക്കുന്നു.

വിദേശനാണ്യ വിനിമയ ചട്ടത്തിന്റെ ലംഘനമുണ്ട് ഇതില്‍. അത് വലിയ കേസ് ആണിത്. കേരളത്തിന്റെ ലോട്ടറി എങ്ങിനെ വിദേശത്ത് വിറ്റു. ആ പണം എങ്ങിനെ ഇന്ത്യയിലേക്ക് കൊണ്ടുവന്നു. ഇത് വിജിലന്‍സ് വ്യക്തമാക്കണം.

എത്ര ടിക്കറ്റ് അവിടെ വിറ്റു? എത്ര കാശ് പിരിഞ്ഞു?. അതിനൊന്നും ഒരു കണക്കും ഇല്ല. വിദേശത്തേക്ക് ടിക്കറ്റ് വില്‍ക്കാന്‍ പോയതിനു തെളിവുണ്ട്. പക്ഷെ കണക്കില്ല. വിദേശ ബന്ധമുള്ള ഒരു സാമ്പത്തിക തട്ടിപ്പ് കേസ് ആയതിനാല്‍ എന്‍ഫോഴ്‌സ്‌മെന്റ് പോലുള്ള കേന്ദ്ര ഏജന്‍സികള്‍ ഈ കേസ് അന്വേഷിക്കണം.

സ്പോര്‍ട്സ് ലോട്ടറി അഴിമതിക്കേസുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും വിജിലന്‍സിന്റെ കയ്യില്‍ സമര്‍പ്പിച്ചിരിക്കെ എങ്ങിനെയാണ് തെളിവില്ലാ എന്ന് വിജിലന്‍സിന് ചൂണ്ടിക്കാട്ടാന്‍ കഴിയുക. ഒന്നാമത് ഇപ്പോള്‍ പറയുന്നത് പോലെ 28 ലക്ഷത്തിന്റെ മാത്രം അഴിമതിയല്ല. കോടികളുടെ അഴിമതിയാണ് സ്പോര്‍ട്സ് ലോട്ടറി അഴിമതിക്കേസ്.

തെളിവുകള്‍ എല്ലാം ഏറ്റുവാങ്ങിയ ശേഷം തെളിവില്ലാ എന്ന് പറഞ്ഞാല്‍ എന്ത് ചെയ്യും. വിജിലന്‍സ് ആദ്യം വ്യക്തമാക്കേണ്ടത് ആ തെളിവുകള്‍ എവിടെപ്പോയി എന്ന് വെളിപ്പെടുത്തുകയാണ്. വിജിലന്‍സ് പറയുന്നു: സ്പോര്‍ട്സ് കൌണ്‍സില്‍ ഫയലുകള്‍ പരിശോധിച്ചു. കുഴപ്പം കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ലാ എന്ന്. അങ്ങിനെ അത്ര ലാഘവത്തോടെ എഴുതി തള്ളാന്‍ കഴിയുന്ന കേസ് അല്ല ഇത്. ലോക്കല്‍ ഫണ്ട് ഓഡിറ്റില്‍ തന്നെ സ്പോര്‍ട്സ് ലോട്ടറി അഴിമതിക്കേസ് തെളിഞ്ഞതാണ്.വിജിലന്‍സിനും അഴിമതി വ്യക്തമായതാണ്. അതുകൊണ്ടാണ് അവര്‍ എഫ്ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്.

അതുകൊണ്ട് തന്നെ കാര്യങ്ങള്‍ വ്യക്തമാകേണ്ടതുണ്ട്. എത്ര സ്പോര്‍ട്സ് ലോട്ടറി അടിച്ചു, എത്ര കാശ് പിരിഞ്ഞു കിട്ടി. അത് ചിലവഴിച്ചത് എങ്ങിനെ? സ്പോര്‍ട്സ് വികസനത്തിനു ഈ കാശുകൊണ്ട് എന്തൊക്കെ ചെയ്തു. ഇതാണ് വിജിലന്‍സ് വ്യക്തമാക്കേണ്ടത്. ഇതാണ് കേരളാ കായികലോകത്തിനും അറിയാനുള്ളത്.

ഞങ്ങളുടെ ഒക്കെ ചിത്രം സഹിതമാണ് സ്പോര്‍ട്സ് ലോട്ടറി പ്രചാരണം നടത്തിയത്. ഞങ്ങള്‍ കായികതാരങ്ങള്‍ അഴിമതിക്ക് കൂട്ടുനില്‍ക്കേണ്ട ആവശ്യമുണ്ടോ? ഇതിനെതിരെ കായിക താരമെന്ന നിലയിലും സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റും എന്ന നിലയില്‍ ശബ്ടമുയര്‍ത്തിയത് അതില്‍ കായിക താരങ്ങളുടെ കാര്യം ഉണ്ട് എന്ന് ബോധ്യമുള്ളതിനാലാണ്. കായിക വികസനം എന്ന് പറഞ്ഞു അഴിമതി കാട്ടുമ്പോള്‍ അതിനെതിരെ ശബ്ദം ഉയര്‍ത്തുക മാത്രമാണ് ചെയ്തത്-അഞ്ജു ബോബി ജോര്‍ജ് പറയുന്നു.