11 കോടിയുടെ അനധികൃത സ്വത്ത്; ടി.ഒ സൂരജിനെതിരെ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു

0
59

കൊച്ചി: മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി  ടി.ഒ സൂരജിനെതിരെ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു. ഔദ്യോഗികസ്ഥാനം ദുരുപയോഗം ചെയ്ത് 11 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ച കേസിലാണ് മുവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

2004 മുതല്‍ 2014 വരെയുള്ള കാലയളവില്‍ വരവില്‍ കവിഞ്ഞ് 314 ശതമാനം അധികസ്വത്ത് സുരജ് സ്വന്തം പേരില്‍ സമ്പാദിച്ചതായാണ് വിജിലന്‍സ് കണ്ടെത്തല്‍ . സ്വന്തം പേരില്‍ സൂരജ് സംസ്ഥാനത്തും പുറത്തുമായി നേടിയ സ്വത്തിന്റെ മൂല്യനിര്‍ണയം നടത്തിയാണ് വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത് . 2014 നവംബര്‍ 20ന് സൂരജിന്റെയും ബന്ധുക്കളുടെയും വീടുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. സൂരജിന്റെയും ബന്ധുക്കളുടെയും പേരിലുള്ള 6 കെട്ടിടങ്ങളുടെ രേഖകളാണ് വിജിലന്‍സ് പരിശോധിച്ചത് . ഇതില്‍ കൊച്ചി ഇടപ്പള്ളിയില വാണാജ്യസമുച്ചയവും പൈപ്പ് ലൈന്‍ ജംഗ്ഷനിലെ വാണിജ്യ സമുച്ചയവുമുള്‍പ്പെടുന്നു. വെണ്ണലയിലെ വീട്, എടക്കരയിലെ മൂന്ന് ഗോഡൗണുകള്‍, കലൂര്‍ ഫ്രീഡം റോഡിലെ വീട്, എളമക്കരയിലെ ഫ്‌ളാറ്റ് എന്നിവയുടെ മൂല്യനിര്‍ണയവും കേന്ദ്രപൊതുമരാമത്ത് വകുപ്പിന്റെ സഹായത്തോടെ വിജിലന്‍സ് പൂര്‍ത്തീകരിച്ചിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് 11 കോടിയുടെ അനധികൃത സ്വത്തുള്ളതായി കണ്ടെത്തിയത് . അഞ്ചുപേര്‍ നല്‍കിയ സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ടി.ഒ സൂരജിനെതിരെ അന്വേഷണം നടത്തിയത് . ഇവര്‍ എറണാകുളം മജിസ്‌ട്രേട്ട് മുമ്പാകെ രഹസ്യമൊഴിയും നല്‍കിയിട്ടുണ്ട് . സൂരജിന്റെ തിരുവനന്തപുരത്തെയും കൊച്ചിയിലെയും വീടുകളില്‍ നടത്തിയ പരിശോധനയില്‍ ലഭിച്ച രേഖകളും ഉള്‍പ്പെടുത്തിയാണ് വിജിലന്‍സ് കുറ്റപത്രം തയ്യാറാക്കിയിട്ടുള്ളത്. സൂരജ് ഐഎഎസ് ഉദ്യോഗസ്ഥന്‍ ആയതിനാല്‍ പ്രധാനമന്ത്രിയുടെ ഓഫിസിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും അനുമതി വാങ്ങിയാണ് എസ്പി വി.എന്‍ ശശിധരന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചത്.