ഐപിഎല്‍ താരലേലം: വിലയേറിയ താരമായി സൗരാഷ്ട്ര താരം ജയ്‌ദേവ് ഉനദ്ഘട്

0
41

ബെംഗളൂരു: ഐപിഎല്‍ താരലേലത്തില്‍ ഏറ്റവും വിലയേറിയ ഇന്ത്യന്‍ താരമായി സൗരാഷ്ട്ര താരം ജയ്‌ദേവ് ഉനദ്ഘട്. വാശിയേറിയ താരലേലത്തിനൊടുവില്‍ രാജസ്ഥാന്‍ റോയല്‍സ് 11.5 കോടി രൂപയ്ക്കാണ് ഉനദ്ഘടിനെ ടീമിലെടുത്തത്. കഴിഞ്ഞ സീസണില്‍ പുണെ സൂപ്പര്‍ ജയന്റ്‌സിന്റെ താരമായിരുന്നു ഉനദ്ഘട്. കര്‍ണാടകക്കാരനായ ഗൗതം കൃഷ്ണപ്പയാണ് രണ്ടാം ദിനം ലേലത്തിലെ സൂപ്പര്‍ താരങ്ങളിലൊരാള്‍. ആഭ്യന്തര സീസണില്‍ പുറത്തെടുത്ത മികവിന്റെ അടിസ്ഥാനത്തില്‍ 6.2 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് സ്പിന്‍ ബോളറായ കൃഷ്ണപ്പയെ സ്വന്തമാക്കി. ഷഹബാസ് നദീമിനെ 3.2 കോടി രൂപയ്ക്ക് ഡല്‍ഹിയും ടീമിലെടുത്തു.

അതേസമയം, ആദ്യ ദിനം 12.5 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയ ബെന്‍ സ്റ്റോക്‌സിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ രണ്ടാം ദിനം ആരെങ്കിലും എത്തുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. 11 കോടി രൂപയുമായി ഇന്ത്യന്‍ താരങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന മനീഷ് പാണ്ഡെയെയും ലോകേഷ് രാഹുലിനെയും മറികടക്കാന്‍ അദ്ഭുത താരങ്ങള്‍ ഉദിക്കുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്നു.